ബംഗളൂരു: അകാലത്തിൽ വിട്ടുപിരിഞ്ഞ ഭർത്താവ് ചിരജ്ഞീവി സർജയുടെ ജന്മദിനത്തിൽ 'സിനിമ മടങ്ങിവരവ്' പ്രഖ്യാപിച്ച് നടി മേഘ്ന രാജ്. ഒക്ടോബർ 17നാണ് സർജയുടെ ജന്മദിനം.
നവാഗതനായ വിശാലിന്‍റെ ചിത്രത്തിലാണ് മേഘ്ന മുഖ്യ വേഷത്തിലെത്തുക. മേഘ്നയുടെയും ചിരജ്ഞീവിയുടെയും അടുത്ത സുഹൃത്തും സംവിധായകനുമായ പന്നഗ ഭരണയാണ് ചിത്രം നിർമിക്കുന്നത്. ത്രില്ലർ ചിത്രത്തിന് പേരിട്ടിട്ടില്ല.
രണ്ടുവർഷത്തോളമായി മേഘ്ന സിനിമയിൽനിന്ന് മാറിനിൽക്കുകയായിരുന്നു. ചിരജ്ഞീവി സർജയുടെ മരണവും മകന്‍റെ ജനനവുമാണ് മേഖ്ന സിനിമയിൽനിന്ന് ഇടവേളയെടുക്കാൻ കാരണം.
മകൻ റയാൻ രാജ് സർജയുടെ ജനനത്തിന് ശേഷം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു താരം. സർജയുടെ ജന്മദിനത്തിൽ സിനിമ ലോകത്തേക്ക് മടങ്ങിവരുന്നതായി മേഘ്ന തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. പന്നഗ ഭരണയുടെയും നവാഗത സംവിധായകൻ വിശാലിനുമൊപ്പമുള്ള ചിത്രം മേഘ്ന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
'മറ്റൊരു ദിവസവും ഇതിനേക്കാൾ മികച്ചതായിരിക്കില്ല. മറ്റൊരു ടീമും മികച്ചതാകില്ല. ഇന്ന് നിന്‍റെ ജന്മദിനമാണ്. ഇത് നമ്മുടെ സ്വപ്നമാണ്. ഇത് നിനക്ക് വേണ്ടിയാണ് ചീരു. പന്നഗയല്ലെങ്കിൽ ഇതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. ഞാൻ ഇപ്പോൾ വീട്ടിൽ മാത്രമാണ്. ഇത് ഒഫീഷ്യൽ, കാമറ, റോളിങ്, ആക്ഷൻ' -മേഘ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വരും മാസങ്ങളിൽ ചിത്രത്തിന്‍റെ അണിയറ ഒരുക്കങ്ങൾ ആരംഭിക്കുമെന്നാണ് വിവരം.
2020 ജൂൺ ഏഴിനായിരുന്നു ചിരജ്ഞീവി സർജയുടെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതമായിരുന്നു മരണകാരണം. 2020 ഒക്ടോബറിൽ മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.