കഴിഞ്ഞ കുറച്ചുനാളുകളായി സകലമാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും ട്രെൻഡിങ്ങായ സംഭവമാണ് നടൻ സുരേഷ് കൃഷണയും അദ്ദേഹത്തിന്‍റെ 'കൺവിൻസിങ്ങും'. വിവിധ സിനിമകളിലെ സുരേഷ് കൃഷ്ണയുടെ കഥാപാത്രങ്ങളെ മുൻനിർത്തി സുരേഷ് കൃഷ്ണയ്ക്ക് കൺവിൻസിങ് സ്റ്റാർ എന്ന പേരും സോഷ്യൽ മീഡിയ നൽകിയിരുന്നു. ഇപ്പോഴിതാ, സുരേഷ് കൃഷ്ണയുടെ കൺവിൻസിങ് പോസ്റ്റുമായി ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസും രംഗത്ത് എത്തി. സുരേഷ് കൃഷ്ണയുടെ ഒരു അഭിമുഖത്തിലെ ഭാഗം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ച മന്ത്രി 'നിങ്ങൾ കമന്റടിച്ചിരിക്ക്, ഞങ്ങൾ വയനാട് പോയി വരാം' എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
വയനാട് ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് മന്ത്രി പോസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറേ നാളുകളായി വയനാട് ടൂറിസത്തെ തിരിച്ചു ട്രാക്കിലാക്കാനുള്ള പണിയിലാണ് മന്ത്രി റിയാസ്. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന സിനിമയിലെ ഗാനവും മന്ത്രി പോസ്റ്റിന് ഉപയോഗിച്ചിട്ടുണ്ട്. ഈ ഗാനവും നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഉരുൾപൊട്ടലിന് ശേഷം വയനാട്ടിൽ ടൂറിസം മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് പുതിയ കാമ്പെയ്‌ന് മന്ത്രി തുടക്കമിട്ടത്. ഇക്കഴിഞ്ഞ ഓണത്തിന് വയനാട് ടൂറിസ്റ്റുകൾക്കിടയിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. വെക്കേഷൻ സീസണുകളിൽ പൊതുവെ വയനാട്ടിലുണ്ടാകുന്ന തിരക്ക് ഇത്തവണയില്ലായിരുന്നു. ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് പേരുള്ള സ്ഥലമാണ് വയനാട്. അവിടേക്ക് ആളുകളെ എത്തിക്കാനുള്ള ശ്രമമാണ് മന്ത്രി റിയാസ് നടത്തുന്നത്.
അതേസമയം ഒരുപാട് ചിത്രങ്ങളിൽ കഥാപാത്രമായി മറ്റുള്ളവരെ കൺവിൻസ് ചെയ്യുന്നതിനാലാണ് സുരേഷ് കൃഷ്ണക്ക് കൺവിൻസിങ് സ്റ്റാർ എന്ന പേരം സോഷ്യൽ മീഡിയയിൽ വീണത്. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ക്രിസ്റ്റി എന്ന കഥാപാത്രത്തെ സുരേഷ് കൃഷ്ണ കൺവിൻസ് ചെയ്യുന്ന രംഗമാണ് ഈ ട്രെൻഡ് തുടങ്ങാൻ കാരണം. പിന്നീട് അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെ തേടി കണ്ടുപിടിക്കുകയായിരുന്നു സോഷ്യൽ മീഡിയയിലെ വിരുദൻമാർ.
നിലവിൽ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാവുന്ന 'മരണമാസ്' എന്ന ചിത്രത്തിലാണ് സുരേഷ് കൃഷ്ണ അഭിനയിക്കുന്നത്. നടൻ സിജു സണ്ണിയാണ് ചിത്രത്തിന്‍റെ രചന. നവാഗതനായ ശിവപ്രസാദ് ആണ് മരണമാസ് സംവിധാനം ചെയ്യുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമാതാക്കൾ ടോവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.