മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയതാരം മാമുക്കോയയുടെ വീട് സന്ദർശിച്ച് നടൻ മോഹൻലാലും സംവിധായകൻ സത്യൻ അന്തിക്കാടും. ഒരു ചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട്ട് എത്തിയപ്പോഴായിരുന്നു സന്ദർശനം. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. കുടുംബാംഗങ്ങൾക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
2023 ലെ മലയാള സിനിമയ്ക്കുണ്ടായ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു മാമുക്കോയയുടെ വിയോഗം.ഏപ്രിൽ 26നാണ് നടൻ വിട പറയുന്നത്.
1986ൽ പുറത്തിറങ്ങിയ 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം' എന്ന ചിത്രത്തിലാണ് മോഹൻലാലും മാമുക്കോയയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ചന്ദ്രലേഖ, നാടോടിക്കാറ്റ്, പട്ടണപ്രവേശം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, ഹിസ് ഹൈനസ് അബ്ദുല്ല, ഒപ്പം , മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിങ്ങനെ ഒട്ടനവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’യാണ് മാമുക്കോയയുടെ ആദ്യ സിനിമ. 450ലേറെ സിനിമകളിൽ അഭിനയിച്ചു. 2004ൽ ‘പെരുമഴക്കാല’ത്തിലെ അഭിനയത്തിലൂടെ വെറുമൊരു ഹാസ്യനടനല്ലെന്ന് തെളിയിച്ച് സംസ്ഥാന സർക്കാറിന്റെ സ്പെഷൽ ജൂറി പുരസ്കാരം സ്വന്തമാക്കി. 2008ൽ ‘ഇന്നത്തെ ചിന്താവിഷയം’ എന്ന ചിത്രത്തിൽ സംസ്ഥാന സർക്കാറിന്റെ ഹാസ്യനടനുള്ള ആദ്യ പുരസ്കാരം നേടി. ‘ഫ്ലമൻ ഇൻ പാരഡൈസ്’ എന്ന ഫ്രഞ്ച് സിനിമയിലും മാമുക്കോയക്ക് അവസരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.