സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 25 നാണ് തിയറ്ററുകളിലെത്തുന്നത്.
ട്രെയിലർ പുറത്തു വന്നതോടെ ചിത്രത്തിന് വേണ്ടിയുള്ള ആകാംക്ഷ വർധിച്ചിട്ടുണ്ട്. ഫൈറ്റ് രംഗങ്ങൾ കൂടാതെ അതിമനോഹരമായ കാഴ്ചാനുഭവമാണ് ട്രെയിലർ നൽകുന്നത്. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെ പ്രണയം, വിരഹം, ദുഃഖം, അസൂയ, സന്തോഷം, പ്രതികാരം എന്നിവയിലൂടെയാണ് ചിത്രം കഥ പറയുന്നത്.
ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ലെന്നും വലിയൊരു കാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമയായിരിക്കുമെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്. 'ചുരുളി'ക്കു ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.