പ്രേക്ഷകർ ഏറെ ആകാംക്ഷയോട കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്.
ഇപ്പോഴിതാ മോഹൻലാൽ ആരാധകർക്ക് സർപ്രൈസുമായി മലൈക്കോട്ടൈ വാലിബൻ ടീം എത്തിയിരിക്കുകയാണ്. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിലെ ചെറിയ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു വലിയ വടവുമായി വരുന്ന മോഹൻലാലിനെയാണ് ടീസറിൽ കാണുന്നത്. 'ഇന്ത്യൻ സിനിമയുടെ അഭിമാനവും മലയാളികളുടെ സ്വകാര്യ അഹങ്കാരവും ഞങ്ങളുടെ സ്വന്തം 'മലൈക്കോട്ടൈ വാലിബനു'മായ ലാൽ സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ' എന്ന കുറിപ്പോടെയാണ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
നേരത്തെ മോഹൻലാലിന്റെ വാലിബൻ ലുക്ക് നിര്‍മാതാവായ ഷിബു ബേബി ജോണ്‍ പങ്കുവെച്ചിരുന്നു. പിറന്നാൾ ആശംസക്കൊപ്പമാണ് വാലിബൻ ലുക്ക് പോസ്റ്റ് ചെയ്തത്. ‘തലങ്ങള്‍ മാറിവന്ന ഒരു ആത്മബന്ധം. മോഹന്‍ലാലില്‍ തുടങ്ങി ലാലുവിലൂടെ വാലിബനില്‍ എത്തിനില്ക്കുന്നു. ഹാപ്പി ബര്‍ത്ത് ഡെ ലാലു’, എന്നാണ് ഷിബു കുറിച്ചത്.
മധു നീലകണ്ഠനാണ് മലൈക്കോട്ടൈ വാലിബന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘ നിര്‍മ്മാണ പങ്കാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.