ചെന്നൈ: അമ്മ പത്മാവതിയിൽനിന്നാണ് വാണി ജയറാം സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിക്കുന്നത്. കൊൽക്കത്ത ഇൻഡോ-ജപ്പാൻ സ്റ്റീൽസ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനായിരുന്നു പിതാവ് ദുരൈസാമി. മദ്രാസ് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള ക്വീൻമേരീസ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദം നേടിയ വാണിക്ക് എസ്.ബി.ഐയിൽ ജോലിയുണ്ടായിരുന്നു.
മുംബൈ സ്വദേശിയും സിത്താർ വാദകനും സംഗീതപ്രേമിയുമായ ജയറാമുമായുള്ള വിവാഹം സംഗീതലോകത്തിന്റെ വലിയ ആകാശങ്ങളിലേക്കുള്ള വഴിതുറന്നു.
കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രമണ്യൻ, ആർ.എസ്. മണി എന്നിവരായിരുന്നു കർണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാർ. ഹിന്ദുസ്ഥാനി പഠിപ്പിച്ചത് ഉസ്താദ് അബ്ദു റഹ്മാൻ ഖാനാണ്. കുമാർ ഗന്ധർവയുടെ പക്കൽനിന്നും ഹിന്ദുസ്ഥാനി അഭ്യസിച്ചു.
എട്ടാം വയസ്സിൽ മദ്രാസ് ആകാശവാണിയിൽ പാടിത്തുടങ്ങി. 1971ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലെ രേ പപ്പി’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി. ഈ ഗാനത്തിന് അഞ്ച് അവാർഡുകളാണ് ലഭിച്ചത്. ’74ൽ ചെന്നൈയിലേക്ക് താമസം മാറ്റിയതിനുശേഷമാണ് തെന്നിന്ത്യൻ ഭാഷ സിനിമ പിന്നണി ഗാനാലാപനരംഗത്ത് സജീവമായത്.
എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, എ.ആർ. റഹ്മാൻ എന്നിവരുടെ നിരവധി ഹിറ്റ് പാട്ടുകൾ പാടി. നീണ്ട ഇടവേളക്കുശേഷം 2014ൽ ‘1983’ എന്ന ചിത്രത്തിൽ ഗോപിസുന്ദറിന്റെ സംഗീതത്തിൽ പി. ജയചന്ദ്രനൊപ്പം ‘ഓലഞ്ഞാലി കുരുവീ...’ എന്ന ഗാനം പാടിയാണ് വാണി മലയാളത്തിലേക്ക് തിരിച്ചെത്തിയത്.
തമിഴ് സിനിമയായ ‘അപൂർവരാഗങ്ങളിലെ’ (1975) ‘ഏഴുസ്വരങ്ങൾക്കും’, 1980ലെ ‘ശങ്കരാഭരണ’ത്തിലെ ഗാനങ്ങൾക്കും 1991ലെ ‘സ്വാതികിരണ’ത്തിലെ ഗാനങ്ങൾക്കുമാണ് ദേശീയ പുരസ്കാരം നേടിയത്. വാണി ജയറാം കവയിത്രിയുമാണ്. ‘ഒരു കുയിലിൻ കുരൾ, കവിതൈ വടിവിൽ’ എന്ന പേരിൽ തമിഴ് കവിതസമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.