ആരാധകരും സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വിജയ് പടമാണ് 'ഗോട്ട്'. വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സമ്മിശ്ര പ്രതികരണമാണ് ട്രെയിലറിന് ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഇതിനോടകം തന്നെ 20 മില്യണിന് മുകളില്‍ ആളുകള്‍ ട്രെയിലര്‍ കണ്ടിട്ടുണ്ട്. സിനിമ കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന വിജയ്‌യുടെ അവസാന സിനിമകളിലൊന്നായിരിക്കും ഗോട്ട്. ട്രെയിലറിലെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ്. ധോണി റഫറന്‍സാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ട്രെയിലറിലെ ഒരു ഭാഗത്ത് ധോണിയുടെ പ്രശസ്തമായ 'ഡെഫിനിറ്റ്‌ലി നോട്ട്' എന്ന വാചകം പതിഞ്ഞ ടീ-ഷര്‍ട്ട് അണിഞ്ഞാണ് വിജയ് വരുന്നത്. മഞ്ഞ നിറമുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അനുസ്മരിക്കുന്ന ടീ-ഷര്‍ട്ടായിരുന്നു അത്. 2020 ഐ.പി.എല്‍ സീസണിനിടെ ഇത് താങ്കളുടെ അവസാന സീസണ്‍ ആയിരിക്കുമോ എന്ന ചോദ്യത്തിനാണ് 'ഡെഫ്‌നിറ്റ്‌ലി നോട്ട്' എന്ന് ധോണി മറുപടി നല്‍കുന്നത്. ധോണി ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലാവുകയും ക്രിക്കറ്റ് ലോകത്തും പുറത്തും ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
ട്രെയ്ലറിന്റെ മറ്റൊരു ഭാഗത്ത് സി.എസ്.കെ ജഴ്സിയണിഞ്ഞുള്ള ആരാധകര്‍ക്കിടയിലൂടെ വിജയ്‌യുടെ ബൈക്ക് സംഘട്ടനവും കാണാം. 'അന്‍പുടന്‍, സൂപ്പര്‍ താങ്ക്സ്' എന്നിങ്ങനെ എഴുതിയിട്ടുള്ള സി.എസ്.കെയുടെ ബാനറുകളും ഇതിനിടെ കാണാം. ഇത് ഒരു സ്റ്റേഡിയത്തിനകത്തേക്കുള്ള വഴിയാണെന്നും ട്രെയിലറില്‍ നിന്നും മനസിലാക്കാം. നേരത്തെ സൂര്യയുടെ '24' എന്ന സിനിമയില്‍ ധോണി റഫറന്‍സ് ഉപയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.