മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്‍റെ പിതാവും മുതിർന്ന തിരക്കഥാകൃത്തുമായ സലിം ഖാനെ പ്രഭാത നടത്തത്തിനിടെ ഭീഷണിപ്പെടുത്തിയ രണ്ടുപേർ അറസ്റ്റിൽ. ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ പേര് പറഞ്ഞ് സ്കൂട്ടറിലെത്തിയ യുവാവും ബുർഖ ധരിച്ച സ്ത്രീയുമാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ രണ്ടു പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്‍റിലെ വസതിയിൽനിന്നും സലിം ഖാൻ തന്‍റെ പതിവ് പ്രഭാത നടത്തത്തിനായി പുറപ്പെട്ടതായിരുന്നു. 8.45ന് വിശ്രമത്തിനായി ബെഞ്ചിൽ ഇരിക്കവെ സ്കൂട്ടറിൽ രണ്ടുപേർ എത്തുകയായിരുന്നു. ‘ലോറൻസ് ബിഷ്ണോയിയെ വിളിക്കട്ടെ’ എന്ന് ചോദിക്കുകയും ഉടൻ സ്കൂട്ടർ ഓടിച്ച് പോകുകയുമായിരുന്നു.
സ്കൂട്ടറിന്‍റെ നമ്പർ വിശദാംശങ്ങൾ സലിം ഖാൻ പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവും യുവതിയും പിടിയിലാകുകയായിരുന്നു. തമാശക്ക് ചെയ്തതാണെന്നും ഗേൾഫ്രണ്ടിന് മുന്നിൽ കേമനാവുകയായിരുന്നു ഉദ്ദേശ്യമെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
നേരത്തെയും സലിം ഖാന് ഭീഷണി ലഭിച്ചിരുന്നു. 2022ൽ പ്രഭാത നടത്തത്തിനിടെ അജ്ഞാതനെത്തി കത്ത് നൽകിയിരുന്നു. താങ്കളും മകൻ സൽമാൻ ഖാനും ഉടൻ കൊല്ലപ്പെടുമെന്നായിരുന്നു കത്തിലെ ഭീഷണി.
ഈ വർഷം ഏപ്രിലിൽ ബൈക്കിലെത്തിയ രണ്ട് പേർ സൽമാൻ ഖാന്‍റെ ഗ്യാലക്‌സി അപ്പാർട്ട്‌മെന്‍റിന് നേരെ ആക്രമണം നടത്തിയിരുന്നു. അക്രമികൾ അപ്പാർട്ട്‌മെന്‍റിലേക്ക് നിരവധി റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയും സംഘവും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ലോറൻസ് ബിഷ്‌ണോയി സംഘം നടനെ കൊല്ലാൻ മാസങ്ങളായി പദ്ധതി തയാറാക്കുകയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് സൽമാന്‍ ഖാന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷ വർധിപ്പിച്ചിരുന്നു. ഇപ്പോൾ ഈ ഗുണ്ടയുടെ പേര് പറഞ്ഞാണ് സലിം ഖാനെ യുവാവും യുവതിയും ഭയപ്പെടുത്താൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.