18ാം വയസ്സിലായിരുന്നു വിവാഹം; കലയെ പ്രോത്സാഹിപ്പിക്കുന്ന ആളെത്തന്നെ കിട്ടി- കുടുംബവിശേഷവുമായി നഞ്ചിയമ്മ

''കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കൊ

പൂപറിക്കാ പോകിലാമോ വിമേനാത്തെ പക്കിലാമോ

തില്ലേലെ ലേ.. ലെ ലേ ലെ

ലേ ലേ ലേ.. ലേ ലോ..ലോ''

ഈ പാട്ടിനും വരികൾക്കും ഒരാളുടെ പേരുമാത്രമേ ഓർമവരൂ, അതാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയും എന്ന സച്ചി ചിത്രത്തിന്റെ ടൈറ്റിൽ പാട്ടിലൂടെ അട്ടപ്പാടി നക്കുപതി പിരിവ് ഊരിലെ നഞ്ചിയമ്മയുടെ താളമെത്തിയത് ഓരോ മലയാളികളുടെയും മനസിലേക്കായിരുന്നു, ഇപ്പോൾ മികച്ച പിന്നണിഗായികക്കുള്ള ദേശീയ പുരസ്കാരത്തിലേക്കും. ആദിവാസി ഇരുള വിഭാഗത്തിൽപ്പെട്ട കലാകാരിയാണ് നഞ്ചിയമ്മയെന്ന 62കാരി. ഇരുള ഭാഷയിൽ സ്വയം തയാറാക്കിയ നാലുഗാനങ്ങളിൽ ഹിറ്റായവയാണ് 'കലക്കാത്ത സന്ദനമേറെ'യും 'ദൈവമകളേ'യും. ആടുമേച്ചുനടന്ന നഞ്ചിയമ്മയെയും അവരുടെ സംഗീതത്തെയും ലോകത്തിന് പരിചയപ്പെടുത്തി നൽകിയത് അന്തരിച്ച പ്രമുഖ സംവിധായകൻ സച്ചിയായിരുന്നു. തനിക്ക് ലഭിച്ച ദേശീയ പുരസ്കാരം സച്ചിക്ക് സമർപ്പിച്ച് 'വാരാദ്യമാധ്യമ'ത്തോട് സംസാരിക്കുകയാണ് നഞ്ചിയമ്മ.

പഴയ  കാലം

സിനിമയില്‍ പാട്ട് കിട്ടിയതോടെ പഴയതു പോലെ ആട് മേയ്ക്കാനോ മറ്റു ജോലികൾക്കോ പോകാതെയായി. മേയ്ക്കാന്‍ പോയില്ലെങ്കിലും എന്റെ മക്കള്‍ക്ക് ഉറങ്ങുന്നതിനു മുമ്പ് ഞാന്‍ ഓരോ പാട്ട് പാടിക്കൊടുക്കും. വളരെ ചെറുപ്പത്തില്‍തന്നെ പാട്ടിനോട് കമ്പമാണ്. അന്നൊക്കെ പകല്‍ മുഴുവനും ആടുമേയ്ക്കാനും മറ്റു ജോലികള്‍ക്കും പോകും. സന്ധ്യമുതൽ ഉത്സവമാണ്. എല്ലാവരും ഒത്തുചേര്‍ന്ന് പാട്ടു പാടുകയും നൃത്തം ചെയ്യുകയും ഒരു മേളമാണ്.

ഭർത്താവ് നൽകിയ പിന്തുണ

18ാം വയസ്സിലായിരുന്നു വിവാഹം. എന്റെ കലയെ പ്രോത്സാഹിപ്പിക്കുന്ന ആളെത്തന്നെയാണ് ജീവിതത്തില്‍ കിട്ടിയത്. വിവാഹത്തിനുശേഷം ഭര്‍ത്താവ് നഞ്ചപ്പന്‍ പാട്ടിന് പൂര്‍ണ പിന്തുണ നല്‍കി. ഞാന്‍ വീട്ടില്‍ ഒതുങ്ങിനില്‍ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. പുറത്തൊക്കെ പോകാന്‍ നിര്‍ബന്ധിക്കും. അട്ടപ്പാടിക്കു പുറത്ത് പാട്ടു പരിപാടിക്ക് അയക്കാന്‍ അദ്ദേഹത്തിന് വലിയ താല്‍പര്യമാണ്. ആ ധൈര്യത്തിലാണ് കേരളത്തിലെ 14 ജില്ലകളിലും പരിപാടിക്കായി പോയത്. അപ്രതീക്ഷിതമായി അദ്ദേഹം ഞങ്ങളെ വിട്ടുപോയി. 10 വര്‍ഷമായി ഇപ്പോൾ.

മകനോടൊപ്പം

കരുത്തും കാവലുമായി മകനും മകളുമാണ് കൂടെയുള്ളത്. രണ്ടാളെയും പറ്റുന്നത് പോലെ കുറച്ചൊക്കെ പഠിപ്പിച്ചു. അവർ രണ്ടു പേരും പാട്ടു പാടില്ല. എന്നാല്‍ പേരക്കുട്ടികളെ പാട്ട് പഠിപ്പിക്കുന്നുണ്ട്. അവരുടെ പാട്ടുകളാണ് മുന്നോട്ട് നയിക്കുന്നത്. മകൻ ശ്യാമും ഭാര്യയും ഇപ്പോൾ ഒപ്പമുണ്ട്.

ജനങ്ങളിൽ നിന്ന് ലഭിക്കുന്ന സ്നേഹം

എനിക്ക് കിട്ടിയ അംഗീകാരത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് നാട്ടുകാരാണ്. കൂടാതെ അട്ടപ്പാടിയില്‍ വരുന്നവരൊക്കെ എന്നെ കാണാനായി വീട് തേടി കണ്ടുപിടിച്ച് എത്താറുണ്ട്. എല്ലാവരും ഫോട്ടോയുമെടുത്ത് ഒരു പാട്ടൊക്കെ കേട്ടിട്ടാണ് പോകാറ്. അതൊക്കെ വലിയ സന്തോഷമാണ്. നമ്മളെ അത്രക്ക് ഇഷ്ടമുള്ളതുകൊണ്ടല്ലേ അവരൊക്കെ വരുന്നത്.

 ഇപ്പോഴത്തെ ജീവിതം

സിനിമയില്‍ പാടാന്‍ തുടങ്ങിയതോടെ മറ്റു ജോലികള്‍ക്ക് ആളുകൾ വിളിക്കാതെയായി. മുമ്പൊക്കെ തൊഴിലുറപ്പുപണിക്ക് പോകുമായിരുന്നു. നീ പണിയെടുത്താല്‍ ഞങ്ങളെ പഞ്ചായത്തിലൊക്കെ ചീത്തപറയുമെന്ന് പറഞ്ഞ് അവരുമിപ്പോൾ വിളിക്കില്ല. കിട്ടുന്ന പാട്ടു പരിപാടിയിലാണ് ജീവിതം മുന്നോട്ടുപോകുന്നത്. പാട്ടിനെ ആശ്രയിച്ചു ജീവിക്കുമ്പോഴും പണത്തിനുവേണ്ടി മാത്രമായി പാടിയിട്ടില്ല. പണം കണക്കിന് ചോദിച്ച് വാങ്ങില്ല. അവർ തരുന്നത് വാങ്ങിക്കും.

  സച്ചി സാറ് കണ്ടത്

കണ്ണ് നിറക്കുന്ന പേരാണ് സച്ചി സാറിന്റേത്. അട്ടപ്പാടിയിലെ മലഞ്ചെരുവിലുള്ള എന്റെ പാട്ട് കണ്ടെത്തിയത് അദ്ദേഹമാണ്. ഇതൊന്നും കാണാന്‍ സാറ് ഇല്ലാതെപോയല്ലോ... ഇവിടെ ആടിനെ മേച്ചും കൂലിപ്പണിയെടുത്തും നടന്ന എന്നെ അട്ടപ്പാടിക്ക് പുറത്തുള്ള ആളുകളുടെ സ്‌​നേഹം നേടിത്തന്നത് സാറാണ്. ഒന്നും അറിയാത്ത എന്നെയാണ് സച്ചിസാര്‍ നിങ്ങളുടെ മുന്നില്‍ കൊണ്ടുവന്നത്. 'ഞാന്‍ ഏറ്റു' എന്നുള്ള അദ്ദേഹത്തിന്റെ ഒറ്റ ഉറപ്പിലാണ് പാടിയത്. സച്ചിസാറിനുവേണ്ടി ഞാനീ അവാർഡ് വാങ്ങും.

Tags:    
News Summary - National Award Winner Nanjiyamma Family Talks Latest Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.