വിവാദം അവസാനിക്കുന്നില്ല; നയൻതാരയുടെ അന്നപൂരണി പോലെ അനിമലും നെറ്റ്ഫ്ലിക്സ് പിൻവലിക്കണം

  തിയറ്റർ റിലീസിന് ശേഷം ഏറെ വിമർശനം സൃഷ്ടിച്ച ചിത്രമാണ് സന്ദീപ് റെഡ്ഡി വങ്കയുടെ അനിമൽ. രൺബീർ കപൂർ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന്റെ പ്രമേയമായിരുന്നു പ്രേക്ഷകരിൽ കല്ലുകടി സൃഷ്ടിച്ചത്. ലിംഗവിവേചനം, സ്ത്രീ വിരുദ്ധതയെ മഹത്വവൽക്കരിക്കുന്നു എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് അനിമലിനെതിരെ ഉയർന്നത്. എന്നാൽ വിമർശനങ്ങളും വിവാദങ്ങളുമെന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല.100 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 917 കോടിയാണ് തിയറ്ററുകളിൽ നിന്ന് നേടിയത്.

അനിമൽ ഒ.ടി.ടിയിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഇപ്പോഴും ചിത്രത്തിനെതിരെ വിമർശനം കനക്കുകയാണ്. നയൻതാര ചിത്രമായ അന്നപൂരണിയെ പോലെ അനിമലും നെറ്റ്ഫ്ലിക്സിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രേക്ഷകർ പറയുന്നത്. അനിമൽ എന്ന ചിത്രം അലോസരപ്പെടുത്തുന്നുവെന്നും ഇന്ത്യയുടെ സാംസ്കാരിക പൈതൃകമാണ് ഈ സിനിമയിലൂടെ മാറ്റിമറിക്കുന്നതെന്നുമാണ് സിനിമ കണ്ടതിന് ശേഷം ഒരുവിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.  ഒരു ഭർത്താവിന് ഒരു ഭാര്യ എന്ന് ആശയത്തെയാണ് ചിത്രം ചോദ്യം ചെയ്യുന്നതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും പ്രേക്ഷകർ പറയുന്നു.

പ്രേക്ഷകർ മാത്രമല്ല അനിമലിനെതിരെ വിമർശനവുമായി താരങ്ങളും എത്തിയിരുന്നു. രാധിക ശരത്കുമാർ, ആർജെ ബാലാജി, ജാവേക് അക്തർ തുടങ്ങിയവരാണ് ചിത്രത്തിന്റെ പ്രമേയത്തെ ചോദ്യം ചെയ്ത രംഗത്തെത്തിയത്. അനിമൽ തെറ്റായ ആശയമാണ് മുന്നോട്ട് വെക്കുന്നതെന്നാണ് ചിത്ര കണ്ടതിന് ശേഷം അഭിപ്രായപ്പെട്ടത്. അതേസമയം ചിത്രത്തെ പുകഴ്ത്തിക്കൊണ്ട് സംവിധായകൻ അനുരാഗ് കശ്യപ്, നടി തൃഷ എന്നിവർ എത്തിയിരുന്നു.

അര്‍ജുന്‍ റെഡ്ഡി, കബീർ സിങ് എന്നി ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. വളരെ വേഗത്തിൽ ചിത്രം 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. അനിമലിലെ പ്രകടനത്തിന് നടൻ രൺബീർ കപൂറിന് മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചു. രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിംരി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Tags:    
News Summary - Netizens demand removal of Ranbir Kapoor's Animal from Netflix just like Annapoorani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.