സുകുമാരിയമ്മ പറഞ്ഞു-'മരിച്ചാലും എന്‍റെ ഹൃദയം മമ്മൂസ് മമ്മൂസ് എന്ന് മിടിച്ച് കൊണ്ടേയിരിക്കും'

നിംസ് ഹാർട്ട് ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങൾക്ക്​ ഉൗർജവും നേതൃത്വവും നൽകുന്നയാളാണ്​ മലയാളത്തിന്‍റെ മെഗാതാരം മമ്മൂട്ടി. ഭിന്നശേഷി പരിപാലനവും കിഡ്‌നി മാറ്റി വെക്കൽ പദ്ധതിയുമടക്കം നിംസിന്‍റെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും പിന്നിലെ ശക്തി അദ്ദേഹമാണെന്ന്​ പറയുന്നു, നൂറുൽ ഇസ്​ലാം ഡീംഡ്​ യൂനിവേഴ്​സിറ്റി പ്രോ-ചാൻസലറും നിംസ്​ മെഡിസിറ്റി മാനേജിങ്​ ഡയറക്​ടറുമായ എം.എസ്​. ഫൈസൽ ഖാൻ

കേരളത്തിലെ നിർധനരായ രോഗികൾക്ക് ഹൃദയ ശസ്‌ത്രക്രിയ എന്ന ആശയവുമായി 2008ലാണ് നിംസ് ഹാർട്ട് ഫൗണ്ടേഷന് തുടക്കം കുറിക്കുന്നത്. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളെയാണ് നമ്മുടെ നാട്ടിലെ പാവപ്പെട്ടവരിൽ പലരും ഹൃദയ ശസ്‌ത്രക്രിയയ്ക്കായി അതുവരെ ആശ്രയിച്ചിരുന്നത്. മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയെ നേതൃസ്​ഥാനത്ത്​ നിർത്തി നമ്മുടെ നാട്ടിലും ഒരു സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി നടപ്പിലാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും എനിക്ക് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഹോട്ടൽ പങ്കജിന്‍റെ ഉടമസ്ഥനായ പങ്കജ് സേനനോട് വിഷയം അവതരിപ്പിച്ചു. അദ്ദേഹം വിളിച്ചപ്പോൾ തൊട്ടടുത്ത ദിവസം രാവിലെ എട്ടരയ്‌ക്ക് കാണാമെന്ന്​ മമ്മൂക്ക പറഞ്ഞു. വിഷയം എന്താണെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല. ആശങ്കയോടെയാണ് ഹൃദ്രോഗ വിദഗ്ധൻ മധു ശ്രീധരൻ പങ്കജ് സേനൻ, കെ.ആർ. പ്രമോദ്, നസ്​ലീം എന്നിവർക്കും ഭാസ്‌ക്കർ, റഫീഖ് എന്നീ മമ്മൂട്ടി ഫാൻസ്​ പ്രതിനിധികൾക്കുമൊപ്പം അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പോകുന്നത്.

മമ്മൂക്കയെ ഇത്രയ്‌ക്ക് അടുത്ത് കാണുന്നത് അന്നാണ്. കാര്യം അവതരിപ്പിച്ചപ്പോൾ രണ്ട് മിനിറ്റ് ആലോചിച്ച ശേഷം ഫണ്ട് എങ്ങനെയാണെന്നായിരുന്നു ആദ്യ ചോദ്യം. സ്പോൺസർഷിപ്പോടു കൂടി സർജറികൾ ചെയ്യാം എന്നു പറഞ്ഞപ്പോൾ അത് നടക്കില്ലെന്ന് മമ്മൂക്ക തറപ്പിച്ച് പറഞ്ഞു. 'മമ്മൂട്ടിയെ മലയാളിക്ക് അറിയാം, ഡോക്‌ടർ നന്നായി ചികിത്സിച്ചാൽ രോഗികൾ അറിഞ്ഞ് വരും, എനിക്ക് ഇങ്ങനെയുള്ള ഇമേജ് വേണ്ട' എന്നിങ്ങനെ അദ്ദേഹം തന്‍റെ ഭാഗം വിശദീകരിച്ചു. നടക്കില്ലെന്ന് ഉറപ്പിച്ചെങ്കിലും അന്നേ ദിവസം തന്നെ മണിക്കൂറുകൾ ഇടവിട്ട് ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചു. ഒരാളുടെ പക്കൽ നിന്നും പണം സ്വരൂപിക്കാതെ സ്ഥാപനം തന്നെ സർജറി നിർവഹിക്കണമെന്നായിരുന്നു മമ്മൂക്കയുടെ ഉപദേശം. സ്വന്തം തുകയിലെ ഒരു ഭാഗം സാധാരണക്കാർക്കു മാറ്റുമ്പോഴേ അത് ചാരിറ്റി ആകുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ പദ്ധതി നടപ്പിൽ വരുത്തുമെങ്കിൽ സഹകരിക്കാമെന്നാണ് മമ്മൂക്ക പറഞ്ഞത്. സംസാരം നീളുമ്പോഴും ഞങ്ങളുടെ മുഖത്ത് നോക്കാതെ അദ്ദേഹം വെള്ള കടലാസിൽ എന്തൊക്കെയോ കുത്തികുറിക്കുകയായിരുന്നു. 'ഹാർട്ട് ടൂ ഹാർട്ട്​' എന്ന പേരും ലോഗോയും ആയിരുന്നു അത്. ഹൃദയത്തിൽ നിന്നും ഹ്യദയത്തിലേക്ക് എന്നു പറഞ്ഞു കൊണ്ട് 'ഈ ലോഗോ എങ്ങനെയുണ്ട്?' എന്നാണ് അദ്ദേഹം ചോദിച്ചത്. ഞാൻ പറഞ്ഞത് നടപ്പിലാക്കിയാൽ ഒരു രൂപ പോലും വാങ്ങാതെ സഹകരിക്കാമെന്നും മമ്മൂക്ക പറഞ്ഞു.

ആദ്യഘട്ടത്തിൽ 100 സർജറി ആയിരുന്നു ധാരണയെങ്കിലും 114 എണ്ണം ചെയ്‌തു. ഇപ്പോഴത് 254ൽ എത്തിനിൽക്കുകയാണ്. അതിലൊരാൾ നടി സുകുമാരി അമ്മയായിരുന്നു. 'ഞാൻ ഇവിടെ കിടന്ന് മരിച്ചാലും എന്‍റെ ഹൃദയം മമ്മൂസ് മമ്മൂസ് എന്ന് മിടിച്ച് കൊണ്ടേയിരിക്കും' എന്നാണ് സുകുമാരിയമ്മ പറഞ്ഞത്. ചെക്കപ്പിന് വരുമ്പോഴൊക്കെ മമ്മൂക്കക്ക് കൊടുക്കാൻ പ്രസാദവുമായെത്തുന്ന ഒരു അമ്മയുമുണ്ട്. ഓരോ രോഗികളും ശുശ്രൂഷ കഴിഞ്ഞ് ഇവിടെനിന്ന് ഇറങ്ങുമ്പോൾ അവർക്ക് മമ്മൂട്ടിയോടുള്ള നന്ദിയും കടപ്പാടും നമ്മളോടാണ് പങ്കുവെക്കുന്നത്.

മമ്മൂക്ക ഒരുപാട് പുതുമുഖ നടന്മാർക്കും സംവിധായർക്കുമെല്ലാം ബ്രേക്ക് കൊടുത്തിട്ടുണ്ട്. എന്നാൽ അഭിമാനത്തോടെ പറയട്ടെ, ഒരു സംരംഭകന് അദ്ദേഹം ബ്രേക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അത് എനിക്ക് മാത്രമാണ്. നഗരത്തിൽ നിന്ന് മാറി ഗ്രാമത്തിൽ സൗജന്യ ശസ്‌ത്രക്രിയ നടത്താമെന്ന ഒരു 26കാരന്‍റെ സ്വപ്‌നമാണ് അദ്ദേഹത്തെ ആകർഷിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മമ്മൂക്കയ്‌ക്ക് പകരം വെക്കാൻ മലയാള സിനിമയിൽ മറ്റൊരു നടനില്ല. തീർത്താൽ തീരാത്ത കടപ്പാടാണ് അദ്ദേഹത്തിനോടുളളത്. മമ്മൂക്കയുടെ മൂല്യമാണ് നിംസ് ഹാർട്ട് ഫൗണ്ടേഷന്‍റെ വളർച്ചയുടെ ആധാരശില. ഭിന്നശേഷി പരിപാലനവും കിഡ്‌നി മാറ്റി വെക്കൽ പദ്ധതിയുമടക്കം നിംസിന്‍റെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും പിന്നിലെ ശക്തി അദ്ദേഹമാണ്. അദ്ദേഹത്തിന്​ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

Full View

Tags:    
News Summary - NIMS Medicity MD Faizal Khan about Mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.