പ്രോസ്തെറ്റിക് മേക്കപ്പ് ഉപയോ​ഗിക്കുന്നതോ ശരീരഭാരത്തിൽ മാറ്റംവരുത്തുന്നതോ മാത്രമല്ല ഒരു നല്ല പ്രകടനം

ദേശീയ പുരസ്കാരനേട്ടത്തിൽ സന്തോഷം പങ്കുവെച്ച് നടി നിത്യ മേനോൻ. മിത്രൻ ആർ ജവാഹർ സംവിധാനം ചെയ്ത ധനുഷിന്റെ തിരുച്ചിത്രമ്പലം എന്ന ചിത്രമാണ് നടിക്ക് പുരസ്കാരം നേടി കൊടുത്തത്. മാനസി പരേഖിനൊപ്പമാണ് നിത്യ മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടത്.

തിരുച്ചിത്രമ്പലത്തിന് ലഭിച്ച പുരസ്കാരം തനിക്ക് മാത്രമുള്ളതല്ലെന്നും ഞങ്ങൾക്ക് നാലുപേർക്കും( ഭാരതിരാജ , പ്രകാശ് രാജ്, ധനുഷ് )തുല്യമായുള്ളതാണെന്നും നിത്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പുറമേ ലളിതമായ പ്രകടനങ്ങൾ ചെയ്യാൻ എളുപ്പമല്ലെന്ന് അംഗീകരിച്ച ജൂറി അംഗങ്ങൾക്കും നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

'തിരുച്ചിത്രമ്പലം പുറത്തിറങ്ങിയിട്ട് രണ്ട് വർഷമായി. ഇതിന് ശേഷം നമുക്ക് കണ്ടുമുട്ടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോഴും അതൊരു ആഘോഷമാവുകയാണ്. എന്റെ ദേശീയ പുരസ്കാരം കാവ്യനീതിയായി കരുതുന്നു.

പുതിയ സന്തോഷത്തിൽ എന്നെ വിളിച്ചവർക്കും സന്തോഷത്തിൽ പങ്കുചേർന്നവർക്കുമെല്ലാം ഞാൻ നന്ദി അറിയിക്കുന്നു. ഞാൻ കണ്ടിട്ടില്ലാത്ത എന്നെ ഹൃദയത്തോട് ചേർത്തുനിർത്തി സ്നേഹിക്കുന്ന അകലെ എവിടെയോനിന്ന് അനു​ഗ്രഹിക്കുന്ന എല്ലാവരോടുമായി പറയാനുള്ളത്, ഇങ്ങനെയൊന്ന് എപ്പോഴും ഞാൻ തീവ്രമായി ആഗ്രഹിച്ചിരുന്നു എന്നതാണ്. ഓരോരുത്തരും ഇത് അവരവരുടെ നേട്ടമായി അനുഭവിക്കുന്നു എന്ന് തോന്നുന്നു. ഇതൊരു അനു​ഗ്രഹമാണ്.

പുറമേ ലളിതമായി തോന്നുന്ന പ്രകടനങ്ങൾ പോലും ചെയ്യാൻ എളുപ്പമല്ലെന്ന് അംഗീകരിച്ചതിന്, ഈ സിനിമയെ പരിഗണിച്ച് അവാർഡ് നൽകിയതിന് 2024 ലെ ദേശീയ അവാർഡ് പ്രാദേശിക, കേന്ദ്ര ജൂറിക്ക് ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു. ഒരു നല്ല പ്രകടനം എന്നത് ശരീരഭാരം കുറക്കുന്നതോ കൂട്ടുന്നതോ പ്രോസ്തെറ്റിക് മേക്കപ്പ് ഉപയോ​ഗിക്കുന്നതോ അല്ലെങ്കിൽ മറ്റേതെങ്കിലുംവിധത്തിലുള്ള ശാരീരികമായ മാറ്റങ്ങൾക്ക് വിധേയമാകുന്നതോ അല്ല. അതൊക്കെ നമ്മുടെ പ്രകടനത്തിന്റെ ഒരു ഭാ​ഗം മാത്രമാണ്. പക്ഷേ അതൊന്നുമല്ല ഒരു പ്രകടനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തെളിയിക്കാൻ ഞാനെപ്പോഴും ശ്രമിച്ചിട്ടുണ്ട്. അത് വിജയകരമായി ചെയ്യാൻ നിങ്ങളെന്നെ സഹായിച്ചു.

തിരുച്ചിത്രമ്പലത്തിന് ലഭിച്ച അവാർഡ് ഞങ്ങൾ നാലുപേർക്കുമുള്ളതാണ്. കാരണം പ്രധാനപ്പെട്ട കഥാപാത്രങ്ങൾക്കെല്ലാം ആദ്യാവസാനംവരെ ഒരുപോലെ പ്രധാന്യം നൽകുന്ന മറ്റൊരു സിനിമയിലും ഞാൻ അഭിനയിച്ചിട്ടില്ല.അതുകൊണ്ട് ഈ പുരസ്കാരം ഞാനും ഭാരതിരാജ സാറും പ്രകാശ് രാജ് സാറും ധനുഷും തുല്യമായി പങ്കിട്ടെടുക്കുകയാണ്. സത്യത്തേക്കാൾ കൂടുതൽ കിംവദന്തികൾ സംസാരിക്കുന്ന ഒരിടത്ത് എത്താൻ പ്രയാസമാണ്, നന്ദി' -നിത്യാ മേനോൻ കുറിച്ചു.

2022 ആഗസ്റ്റ് 12 ആണ് ചിത്രം തിരുച്ചിത്രമ്പലം തിയറ്ററുകളിലെത്തിയത്. 110 കോടിയോളമാണ് ചിത്രം ബോക്സോഫീസിൽ നിന്ന് നേടിയത്. ധനുഷ് , നിത്യ മേനോൻ എന്നിവരെ കൂടാതെ പ്രകാശ് രാജ്, ഭാരതിരാജ, പ്രിയ ഭവാനി ശങ്കർ എന്നിവരും പ്രധാനവേഷത്തിലെത്തിയിരുന്നു.

Tags:    
News Summary - Nithya Menen pens a heartfelt note as Thiruchitrambalam turns 2: Thanks Dhanush, Prakash Raj, and Bharathiraja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.