നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മാർച്ച് 10 ന് ചിത്രം തിയറ്ററുകളിൽ എത്തുകയാണ്. തുറമുഖത്തിന്റെ റിലീസ് നീണ്ടു പോകാനുള്ള കാരണം വ്യക്തമാക്കുകയാണ് നിവിൻ പോളി. പ്രസ്മീറ്റിലാണ് ഇക്കാര്യം പറഞ്ഞത്.
ബജറ്റ് കൂടി പോയതല്ല സിനിമ വൈകാനുള്ള കാരണമെന്നും മലയാള സിനിമക്ക് താങ്ങാനാവുന്ന ബജറ്റിലാണ് തുറമുഖം ഒരുക്കിയിരിക്കുന്നതെന്നും നിവിൻ പോളി പറഞ്ഞു. ഇത്രയും സാമ്പത്തിക പ്രശ്നത്തിലേക്ക് ചിത്രത്തെ വലിച്ചിഴക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അതിലേക്ക് വലിച്ചിഴച്ചവർ തന്നെ ഉത്തരം പറയേണ്ടതാണെന്നും നിവിൻ വ്യക്തമാക്കി.
'രാജീവ് രവിയുടെ സ്വപ്ന പദ്ധതിയായി ചെയ്ത ചിത്രമാണ് തുറമുഖം. അദ്ദേഹം ഈ സിനിമക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. സംവിധായകൻ എന്ന നിലയിൽ അദ്ദേഹം ഈ സിനിമ ഒരു നിർമാതാവിനെ ഏൽപ്പിക്കുമ്പോൾ അതിനോട് മാന്യത പുലർത്തേണ്ടത് ആ നിര്‍മാതാവായിരുന്നു. മൂന്ന് തവണ പടം റിലീസ് ചെയ്യാന്‍ ഡേറ്റ് പ്രഖ്യാപിച്ചു. ഞങ്ങള്‍ അണിയറക്കാര്‍ പടം റിലീസ് ആകുമോ എന്ന് നിർമാതാവിനോട് ചോദിക്കും. അപ്പോഴും അദ്ദേഹത്തിനറിയാം പടം റിലീസ് ആകില്ലെന്ന്. പക്ഷേ. ഞങ്ങളെ പ്രമോഷനും മറ്റും അഭിമുഖം നല്‍കാനും വിടും, അതു വഴി മാധ്യമങ്ങളെയും ഉപയോഗിച്ചു. അത് നല്ല കാര്യമായി തോന്നിയില്ല- നിവിൻ പോളി പറഞ്ഞു.
അവസാന നിമിഷത്തിലാണ് ലിസ്റ്റിൻ സ്റ്റീഫൻ പടം ഏറ്റെടുക്കുന്നത്. ഇതിനകത്തുള്ള ഊരാക്കുടുക്ക് അഴിക്കുക എന്നത് ഭയങ്കര പാടായിരുന്നു. ലിസ്റ്റിന്റെ ബന്ധങ്ങൾവച്ച് എല്ലാവരെയും വ്യക്തിപരമായി കണ്ട് ഫിനാൻസിയേഴ്സുമായി പല തരത്തിലുള്ള എഗ്രിമെന്റ് വച്ച് ഓരോ ആളുകളിൽ നിന്നുള്ള സാമ്പത്തിക ബാധ്യതകൾ അഴിച്ചഴിച്ചാണ് ഇവിടെ എത്തിയിരിക്കുന്നത്. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമെല്ലാം ചിത്രത്തിന് വേണ്ടി സഹകരിച്ചിട്ടുണ്ട്. കൂടാതെ നിർമാതാക്കളുടെ അസോസിയേഷനും ചിത്രത്തിനോടൊപ്പം നിന്നു- നിവിൻ വ്യക്തമാക്കി.
ഒരു ഘട്ടത്തിൽ സിനിമ റിലീസ് ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന്‍റെ സാമ്പത്തിക ബാധ്യത മുഴുവന്‍ ഞാൻ ഏറ്റെടുത്താല്‍ സമ്മതിക്കാം എന്നാണ് നിര്‍മാതാവ് പറഞ്ഞത്. കോടികളുടെ ബാധ്യത ഏറ്റെടുക്കാൻ അന്ന് എനിക്ക് കഴിയില്ലായിരുന്നു. അതുകൊണ്ടാണ് അന്ന് റിലീസ് ആകാതിരുന്നത്'- താരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.