ന്യൂഡൽഹി: നടൻ നവാസുദീൻ സിദ്ദീഖിക്ക് അയച്ച വിവാഹമോചന ഹരജി പിൻവലിക്കുന്നതായി ഭാര്യ ആലിയ. കോവിഡ് സ്ഥിരീകരിച്ചതും അതിനെ തുടർന്നുണ്ടായ സംഭവങ്ങളുമാണ് മനസുമാറ്റത്തിന് കാരണമെന്നും ആലിയ പറയുന്നു. കോവിഡ് സ്ഥിരീകരിച്ചപ്പോൾ തന്നെയും കുട്ടികളെയും നവാസുദ്ദീൻ സിദ്ദിഖി പരിചരിച്ചത് വഴിത്തിരിവാകുകയായിരുന്നുവെന്നാണ് ആലിയയുടെ പരാമർശം.
'എനിക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ നവാസ് കുട്ടികളെ മാത്രമല്ല പരിചരിച്ചത്, എന്നെയും നന്നായി നോക്കി. ഞങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിനിർത്തി അദ്ദേഹം എന്നെ പരിചരിച്ചു. ഞാൻ മാനസിക സമ്മർദ്ദത്തിലായിരുന്നേപ്പാൾ, അദ്ദേഹം എന്നെ സഹായിച്ചു. ഈ മഹാമാരി കണ്ണുതുറപ്പിച്ചു. മറ്റു പ്രശ്നങ്ങൾ എന്തുണ്ടായാലും കുട്ടികളും അവരുടെ ആരോഗ്യവുമാണ് പ്രധാനമെന്ന് ഞാൻ മനസിലാക്കി. ഞങ്ങളുടെ കുട്ടികൾക്ക് ഞങ്ങളെ വേണം. ഞങ്ങൾ ഒരുമിച്ചുള്ളതാണ് അവരുടെ സന്തോഷം. മറ്റു വിയോജിപ്പുകളെ മാറ്റി നിർത്താം. ഞാൻ അദ്ദേഹത്തിന് അയച്ച വിവാഹമോചന ഹരജി പിൻവലിക്കുന്നു. ഞാൻ അദ്ദേഹത്തിൽനിന്ന് വിവാഹമോചനം തേടുന്നില്ല. ഈ വിവാഹ ബന്ധത്തിന് ഒരു അവസരം കൂടി നൽകാൻ ആഗ്രഹിക്കുന്നു' -ആലിയ സിദ്ദീഖി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അതേസമയം കുട്ടികൾക്കാണ് തങ്ങളുടെ ജീവിതത്തിൽ പ്രധാന്യെമന്നും അതിനാൽ മറ്റു വിയോജിപ്പുകളെ മാറ്റിവെക്കുകയാണെന്നും നവാസുദ്ദീൻ സിദ്ദീഖി പ്രതികരിച്ചു.
കഴിഞ്ഞവർഷം മേയിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ആലിയ ഹരജി സമർപ്പിച്ചത്. 10 വർഷമായി വിവാഹബന്ധം അസ്വസ്ഥമായിരുന്നുവെന്നായിരുന്നു പ്രതികരണം. നവാസുദ്ദീന്‍റെ സഹോദരൻ ഷമാസിനെതിരെയും ആലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.