കുഞ്ഞാലിമരക്കാരുടെ ഊഴത്തോടെ എല്ലാ പരിപാടിയും നിര്‍ത്തി', 'രണ്ടാമൂഴം' സംവിധാനം ചെയ്യുമോ‍; പ്രിയദര്‍ശന്റെ മറുപടി

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കില്ലെന്ന് സംവിധായകൻ പ്രിയദർശൻ. ഏറ്റവും പുതിയ ചിത്രമായ കൊറോണ പേപ്പേഴ്‌സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. 

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇനി ഒരൂഴവുമില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. ഒരു ഊഴത്തോടെ മതിയായെന്നും കുഞ്ഞാലിമരക്കാരുടെ ഊഴത്തോടെ താന്‍ എല്ലാ പരിപാടിയും നിര്‍ത്തിയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കുഞ്ഞാലിമരക്കാര്‍ അറബിക്കടലിന്റെ സിംഹം 2021ലാണ് റിലീസ് ചെയ്തത്. ഹിസ്റ്റോറിക് ഡ്രാമയായ ചിത്രം ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ചിത്രം വിചാരിച്ചത് പോലെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ഏപ്രില്‍ ആറിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധിഖ്, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പൂര്‍ണ്ണമായും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ശ്രീഗണേഷിന്റേതാണ്. ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്ന പ്രിയദര്‍ശൻ ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്.

എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായര്‍ ആണ്. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്‍, ആക്ഷന്‍- രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Tags:    
News Summary - priyadarshan Not Directing MT Vasudevan Nair's Randamoozham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.