പുനീത്​ രാജ്​കുമാർ ഇനി ഓർമ; അന്ത്യവിശ്രമം പിതാവിനരികെ കണ്​ഠീരവ സ്റ്റുഡിയോയിൽ

ബംഗളൂരു: സാൻഡൽവുഡി​െൻറ പവർ സ്​റ്റാർ ഇനി ജനഹൃദയങ്ങളിൽ. ആയിരക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തി കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാർ വിടവാങ്ങി. ഞായറാഴ്ച പുലർച്ചെ ആറോടെ ബംഗളൂരു മഹാലക്ഷ്മി ലേഒൗട്ടിലെ കണ്ഠീരവ സ്റ്റുഡിയോയിലാണ് രാജകുമാരന് അന്ത്യവിശ്രമം ഒരുക്കിയത്. പിതാവ് രാജ്കുമാറും മാതാവ് പാര്‍വ്വതമ്മയും അന്ത്യവിശ്രമം കൊള്ളുന്നതിന്​ സമീപത്തായാണ് പുനീതി​െൻറ സംസ്കാര ചടങ്ങുകൾ നടന്നത്. 


വെള്ളിയാഴ്ച രാവിലെ ജിമ്മിലെ വ്യായാമത്തിനിടെ ഹൃദയാഘാതമുണ്ടായതിനെതുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പ്രിയപ്പെട്ടവർ അപ്പു എന്ന് വിളിക്കുന്ന പുനീത് രാജ്കുമാറി​െൻറ അന്ത്യം. സുരക്ഷ മുൻനിർത്തി നേരത്തെ നിശ്ചയിച്ചതിൽനിന്നും വ്യത്യസ്തമായി ഞായറാഴ്ച നേരം വെളുക്കുന്നതിന് മുമ്പ് തന്നെ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി. നേരത്തെ ഞായറാഴ്ച രാവിലെ പത്തിനായിരിക്കും സംസ്കാര ചടങ്ങുകളെന്നായിരുന്നു തീരുമാനിച്ചത്.


പുലർച്ചെയായിട്ടും ആയിരങ്ങളാണ് കണ്ഠീരവ സ്റ്റുഡിയോക്ക് മുന്നിലെത്തിയത്. സംസ്ഥാനത്തി​െൻറ പൂർണമായ ഒൗദ്യോഗിക ബഹുമതികളോടെ ഞായറാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ സംസ്‌കാര ചടങ്ങുകള്‍ 7.30 വരെ നീണ്ടു. പുനീതി​െൻറ സഹോദരന്‍ രാഘവേന്ദ്ര രാജ്കുമാറി​െൻറ മകന്‍ വിനയ് രാജ്കുമാറാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, മന്ത്രിമാര്‍, കന്നഡ സിനിമാമേഖലയിലെ പ്രമുഖര്‍, തെലുഗു നടന്മാരായ നന്ദമൂരി ബാലകൃഷ്ണ, ജൂനിയര്‍ എന്‍.ടി.ആര്‍, ചിരഞ്ജീവി, വെങ്കിടേഷ്, ശ്രീകാന്ത്, അലി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രി മൃതദേഹം പുതപ്പിച്ച ദേശീയ പതാക പുനീതി​െൻറ ഭാര്യ അശ്വനിക്ക് കൈമാറി.


വെള്ളിയാഴ്ച വൈകിട്ടുമുതല്‍ തുടങ്ങിയ കണ്ഠീരവ സ്‌റ്റേഡിയത്തിലെ പൊതുദര്‍ശനം ഞായറാഴ്ച പുലർച്ചെ അഞ്ചോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് ഭൗതികശരീരവുമായുള്ള വിലാപയാത്ര നന്ദിനി ലേഔട്ടിന് സമീപത്തെ കണ്ഠീരവ സ്​റ്റുഡിയോയിലേക്ക് ആരംഭിച്ചു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വിലാപ യാത്ര. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിനുപേര്‍ വിലാപ യാത്രക്കൊപ്പം ചേർന്നു. വഴിയരികില്‍ കാത്തുനിന്നവര്‍ വാഹനത്തിന് മുകളിലേക്ക് പുഷ്പങ്ങൾ വാരിവിതറി. പൊതുജനങ്ങളെ സ്​റ്റുഡിയോക്കുള്ളിലേക്ക് പ്രവേശിപ്പിക്കാത്തതിനാല്‍ സമീപത്തെ കെട്ടിടങ്ങളിലും മതിലുകളിലും നിന്നാണ് ആരാധകർ അന്ത്യകർമങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.

സ്​റ്റുഡിയോക്കുള്ളിൽ സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ പുറത്ത് ഉള്ളുലഞ്ഞ ആരാധകരുടെ തേങ്ങലുകളാണ് ഉയർന്നുകേട്ടത്. പുനീതി​െൻറ ചിത്രങ്ങൾ കൈകളിലേന്തിയാണ് അവർ സ്ഥലത്തെത്തിയത്. സംസ്കാര ചടങ്ങിനുശേഷം ആരാധകർക്കും സംസ്ഥാന സർക്കാരിനും പുനീതി​െൻറ കുടുംബം നന്ദി പറഞ്ഞു. കാഴ്ചയിൽനിന്നും മറഞ്ഞെങ്കിലും പുനീതി​െൻറ ഒാർമകൾ മരണമില്ലാതെ ആരാധകഹൃദയങ്ങളിൽ ജീവിക്കും.

അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. കർണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നൽകിയിരുന്നത്. 26 അനാഥാലയങ്ങൾ, 25 സ്കൂളുകൾ, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. ഒപ്പം മൈസൂരിൽ 'ശക്തിദാ'മ എന്ന വലിയ സംഘടനയും അവിടെ പെൺകുട്ടികളെ സംരക്ഷിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Puneeth Rajkumar laid to rest near father Rajkumar's burial place at Sree Kanteerava Studios

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.