കൊച്ചി: മന്ത്രിമാരെ വേദിയിലിരുത്തി കർഷകരുടെ പട്ടിണി സമരത്തെ കുറിച്ച് നടൻ ജയസൂര്യ നടത്തിയ പ്രസംഗം വൈറലായതിനുപിന്നാലെ സർക്കാറിനെതിരെ ട്രോളുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കളമശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിൽ കൃഷി മന്ത്രി പി. പ്രസാദും വ്യവസായ മന്ത്രി പി. രാജീവും വേദിയിലിരിക്കുമ്പോഴാണ്, കൃഷിക്കാർ പട്ടിണി സമരം കിടക്കുന്നതും വിഷം കലർന്ന പച്ചക്കറികൾ പരിശോധിക്കാൻ സംവിധാനമില്ലാത്തതും ചൂണ്ടിക്കാട്ടി ജയസൂര്യ രൂക്ഷവിമർശനം ഉന്നയിച്ചത്.
പിണറായി സർക്കാറിനെ വിമർശിച്ചതിനുപിന്നാലെ കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടന്റെ സ്ഥലം അളക്കാൻ റവന്യൂ ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടത് ഓർമിപ്പിച്ച് ‘സ്ഥലം അളക്കണ്ടേൽ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണം’ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ ട്രോൾ. നടൻ ജയസൂര്യയുടെ ചിത്രം പങ്കുവെച്ചാണ് രാഹുൽ േഫസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
‘രാവിലെ ഉറങ്ങി എഴുനേൽകുമ്പോ സർവേ സംഘം പണി തുടങ്ങും’, ചുളുവിൽ വീടും സ്ഥലവും അളക്കാനുള്ള സൈക്കോളജിക്കൽ അപ്രോച്ച്... കൊച്ചു കള്ളൻ, UDF അധികാരത്തിൽ വരുന്നത് വരെ അവാർഡ് പ്രതീക്ഷിക്കണ്ട, സ്റ്റേജിൽ ഇരുത്തി പണി കൊടുക്കാനും വേണം ഒരു പവറ്, അല്ല പിന്നെ കിട്ടിയ അവസരം നന്നായി മുതലാക്കി, സ്ഥലം അളക്കട്ട്.. എന്നാലും നിലപാട് മാറ്റി പറയാൻ ഇടതു പക്ഷം അല്ല ജയ സൂര്യ. അദ്ദേഹം രാഷ്ട്രീയം അല്ല പറഞ്ഞത് ജനങ്ങൾക്ക് പറയാൻ ഉള്ള കാര്യം ആണ്... എന്നിങ്ങനെ പോകുന്നു കമന്റുകൾ.
‘കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് െകാടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം െകാടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ് അവർ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻഅവർക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്. വേറൊരു രീതിയിൽ ഇതിനെ കാണരുത്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നും അവർക്ക് ഷർട്ടിൽ ചളി പുരളുന്നത് ഇഷ്ടമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും െകാടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണ്ടിട്ട് മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്നത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണം’ - എന്നായിരുന്നു ജയസൂര്യയുടെ പ്രസംഗം.
മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി മാത്യു കുഴൽനാടൻ എം.എൽ.എയുടെ തറവാട് സ്ഥലം റവന്യൂ അധികൃതർ അളന്നത്. കോതമംഗലം താലൂക്ക് ഓഫിസിലെ രണ്ട് സർവേയർമാരുടെ നേതൃത്വത്തിൽ അഞ്ചംഗസംഘമാണ് കടവൂർ വില്ലേജിലെ ആയങ്കരയിലുള്ള നാല് ഏക്കർ സ്ഥലം അളക്കാൻ എത്തിയത്. റവന്യൂ ഉദ്യോഗസ്ഥർക്കൊപ്പം പൊലീസും സ്ഥലത്തെത്തിയിരുന്നു. അളന്ന ഭൂമിയുടെ സ്കെച്ചും പ്ലാനും തയാറാക്കി താലൂക്ക് സർവേയർ കോതമംഗലം ഭൂരേഖ തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. ആറുമാസം മുമ്പ് എം.എൽ.എയുടെ വീടിനോട് ചേർന്ന സ്ഥലത്ത് മണ്ണടിച്ചതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ വിജിലൻസിന് പരാതി നൽകിയിരുന്നു. ഇതിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലൻസ് റവന്യൂ വകുപ്പിനോട് സ്ഥലം അളന്ന് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. ആർക്കു വേണമെങ്കിലും സ്വത്തുവിവരങ്ങൾ പരിശോധിക്കാമെന്നും തുറന്ന പുസ്തകമാണ് തന്റെ ജീവിതമെന്നുമായിരുന്നു മാത്യു കുഴൽനാടന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.