ജയിലറിന്റെ ഓഡിയോ ലോഞ്ചിൽ നടത്തിയ കാക്ക കഴുകൻ പരാമർശത്തിൽ വിശദീകരണവുമായി നടൻ രജനികാന്ത്. താൻ വിജയ്ക്കെതിരെയാണ് പറഞ്ഞതെന്ന് പലരും കിംവദന്തികൾ പ്രചരിപ്പിച്ചെന്നും ഇത് തന്നെ വേദനിപ്പിച്ചെന്നും നടൻ പറഞ്ഞു. തന്റെ കൺമുന്നിൽ കിടന്ന് വളർന്ന പയ്യനാണ് വിജയ്. ഞങ്ങൾക്ക് ഇടയിൽ മത്സരമുണ്ടെന്ന് കേൾക്കുമ്പോൾ ഏറെ സങ്കടമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
'ഞാൻ പറഞ്ഞ കാക്കയുടെയും കഴുകന്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടു. ഞാൻ വിജയ്ക്കെതിരെയാണ് പറഞ്ഞതെന്ന് പലരും സോഷ്യൽമീഡിയയിൽ കിംവദന്തികൾ പ്രചരിപ്പിച്ചിരുന്നു. ഇത് ഏറെ നിരാശാജനകമാണ്. എന്റെ കൺമുന്നിൽ വളർന്ന പയ്യനാണ് വിജയ്. ധർമത്തിൽ തലൈവൻ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് വിജയ് യെ പിതാവ് ചന്ദ്രശേഖരൻ പരിചയപ്പെടുത്തുന്നത്. അന്ന് 13 വയസായിരുന്നു വിജയ്ക്ക് സിനിമയിലും അഭിനയത്തിലും താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഞാനാണ് പറഞ്ഞത്. പിന്നീട് വിജയ് അഭിനയത്തിലേക്ക് കടന്നു വന്നു. അച്ചടക്കം, കഠിനാധ്വാനം, കഴിവ് എന്നിവ കാരണം അദ്ദേഹം ഇപ്പോൾ മുകളിലാണ്; രജനികാന്ത് പറഞ്ഞു.
വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോകുന്നു. ഞങ്ങൾക്ക് ഇടയിൽ മത്സരമുണ്ടെന്ന് കേൾക്കുന്നു. അത് വളരെ സങ്കടകരമാണ്. ഞങ്ങൾ തമ്മിൽ മത്സരമില്ല. മറ്റുള്ളവരുടെ മത്സരവുമായി ഞങ്ങളെ തമ്മിൽ ഞങ്ങളെ തമ്മിൽ താരതമ്യപ്പെടുത്തരുതെന്ന് ഞങ്ങളുടെ ആരാധകരോട് ഞാൻ അഭ്യർഥിക്കുന്നു', രജനികാന്ത് കൂട്ടിച്ചേർത്തു.
വിജയ് ചിത്രം വാരീസിന്റെ ഓഡിയോ ലോഞ്ചിന് ശേഷമാണ് വിജയ്- രജനി ആരാധകർ തമ്മിലുളള തർക്കം ആരംഭിച്ചത്. ഓഡിയോ ലോഞ്ചിൽ നടൻ ശരത് കുമാർ പറഞ്ഞ സൂപ്പർ സ്റ്റാർ പദവിയെ ചൊല്ലിയായിരുന്നു പ്രശ്നങ്ങൾ തുടങ്ങിയത്. വിജയ് ഒരു സൂപ്പർ സ്റ്റാർ ആകുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് ശരത് കുമാർ പറഞ്ഞത്. ഇതിനെതുടർന്ന് വിജയ്- രജനി ആരാധകർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. പിന്നാലെയാണ് കാക്ക- പരുന്ത് കഥയുമായി രജനി എത്തിയത്. ഇത് ആരാധകർക്കിടയിലുള്ള പ്രശ്നം വഷളാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആരാധകർക്കിടയിൽ നടക്കവെയാണ് ഒരെയൊരു സൂപ്പർ സ്റ്റാർ രജനികാന്ത് ആണെന്ന് വിജയ് പരസ്യമായി പറഞ്ഞത്. ലിയോയുടെ വിജയാഘോഷ ചടങ്ങിലായിരുന്നു ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.