രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള യഥാർഥ കാരണം ഇതാണ്; ആ നിബന്ധനകള്‍ അസാധ്യമായിരുന്നു -രജനികാന്ത്

രാഷ്ട്രീയത്തിൽ സജീവമാകാത്തതിന്റെ കാരണം വ്യക്തമാക്കി രജനികാന്ത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് രാഷ്ട്രീയത്തിൽ ഇറങ്ങാതിരുന്നതെന്നും ഡോക്ടർ നിർദ്ദേശിച്ച നിബന്ധനകൾ തനിക്ക് അസാധ്യമായിരുന്നെന്നും രജനികാന്ത് പറഞ്ഞു. പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. രാജന്‍ രവിചന്ദ്രന്റെ സാപ്പിയന്‍സ് ഫൗണ്ടേഷന്റെ 25ാം വാര്‍ഷികത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ രാഷ്ട്രീയപ്രവേശന തീരുമാനത്തോട്  ഡോ. രാജന്‍ രവിചന്ദ്രന് യോജിപ്പ് ഇല്ലായിരുന്നു. കാരണം  കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം മരുന്നുകള്‍ കഴിക്കുന്ന കാലമായിരുന്നു. എന്നാൽ ആ സമയത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ കഴിയുമായിരുന്നില്ല. ഇതിനെ കുറിച്ച് ഡോക്ടറിനോട് സംസാരിച്ചു. രണ്ട് നിബന്ധനകൾ അദ്ദേഹം എന്റെ മുന്നിലേക്ക് വെച്ചു. അത് തനിക്ക് അസാധ്യമായിരുന്നു, രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കി കൊണ്ട് രജനികാന്ത് പറഞ്ഞു. 2010 മുതൽ ഡോക്ടർ രാജൻ രവിചന്ദ്രന്റെ ചികിത്സയിലാണ് രജനികാന്ത്.

വ്യക്കരോഗവുമായി ബന്ധപ്പെട്ടുള്ള ചികിത്സയുടെ ഭാഗമായിട്ടാണ് ഡോക്ടർ രാജനെ കാണുന്നത്. ആദ്യം ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ  തേടിയത്, എന്നാൽ എനിക്ക് അവിടെ തൃപ്തികരമായിരുന്നില്ല. അങ്ങനെയാണ് ഡോക്ടർ രാജനെ കാണുന്നത്- രജനി തുടർന്നു.

ആ സമയത്ത് എന്റെ 60 ശതമാനം വൃക്കയും തകരാറിലായിരുന്നു. അദ്ദേഹം മികച്ച   ചികിത്സ നൽകി. എന്നാൽ ഒരു ഘട്ടത്തിൽ വൃക്കമാറ്റിവെക്കൽ അനിവാര്യമായി വന്നു. ഡോക്ടർ തന്നെയാണ് അമേരിക്കയിലെ ആശുപത്രി നിർദ്ദേശിച്ചത്. അദ്ദേഹവും എന്നോടൊപ്പം വന്നു.

 രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കൊവിഡ് വ്യാപിക്കുന്നത്. ആ സമയത്ത് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം മരുന്ന് കഴിക്കുകയായിരുന്നു . എങ്കിലും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയില്ല. ഇതിനെ കുറിച്ച് ഡോക്ടറുമായി ചർച്ച നടത്തി. എന്നാൽ അദ്ദേഹം ഇതിന് എതിരായിരുന്നു.

എന്റെ തീരുമാനത്തിന് മാറ്റമില്ലെന്ന് മനസിലാക്കിയ അദ്ദേഹം ചില നിബന്ധനങ്ങൾ മുന്നോട്ടുവെച്ചു. ജനങ്ങളിൽ നിന്നും പത്ത് അടി മാറിനില്‍ക്കണമെന്നും എല്ലാ യോഗത്തിലും മാസ്‌ക്ക് ധരിക്കണമെന്നും പറഞ്ഞു. എന്നാല്‍ അതെനിക്ക്  അസാധ്യമായിരുന്നു. ജനങ്ങള്‍ തന്നെ മാസ്‌ക്ക് ഇല്ലാതെ കാണാന്‍ ആവശ്യപ്പെടും. അതുപോലെ ജനങ്ങളിൽ നിന്ന് അകലം പാലിക്കാനും സാധിക്കില്ല.

ഈ കാര്യംകൊണ്ട് രാഷ്ട്രീയ പ്രവേശനം നടത്താതിരുന്നാൽ ജനങ്ങൾ പറയും രജനികാന്തിന് രാഷ്ട്രീയം പേടിയാണെന്ന് , തന്റെ വില പോകും. തീര്‍ത്തും ആശയകുഴപ്പത്തിലായിരുന്നു ഞാൻ.  എന്നാല്‍ ഡോ.രാജന്‍ എന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മാധ്യമങ്ങളോടും, ആരാധകരോടും പറയാം എന്ന് പറഞ്ഞു. അങ്ങനെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചത്- രജനികാന്ത് വ്യക്തമാക്കി.

Tags:    
News Summary - Rajinikanth Opens Up Why He did not join politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.