അയോധ്യയിൽ വീട് നിർമിക്കാനൊരുങ്ങി അമിതാഭ് ബച്ചൻ; സ്ഥലത്തിനായി ചെലവിട്ടത് കോടികൾ

ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ അയോധ്യയിൽ സ്ഥലം വാങ്ങിയതായി റിപ്പോർട്ട്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൗസ് ഓഫ് അഭിനന്ദൻ ലോധയിൽ (എച്ച്.ഒ.എ.ബി.എൽ) നിന്നാണ് ബച്ചൻ സ്ഥലം വാങ്ങിയത്. 14.5 കോടി രൂപക്ക് 10,000 ചതുരശ്ര അടി സ്ഥലമാണ് ബച്ചൻ വാങ്ങിയതെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ ഭൂമിയുടെ കൃത്യമായ വിവരമോ സ്ഥലത്തിന്റെ വിലയെക്കുറിച്ചോ കൂടുതൽ വിവരം  വെളിപ്പെടുത്താൻ കമ്പനി തയാറായിട്ടില്ല.

51 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന എച്ച്.ഒ.എ.ബി.എല്ലിന്റെ സരയു പദ്ധതി അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22നാണ് ഉദ്ഘാടനം ചെയ്യുന്നത്. രാമ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 15 മിനിറ്റും അയോധ്യ വിമാനത്താവളത്തിൽ നിന്ന് 30 മിനിറ്റും അകലെയായാണ് ബച്ചന്റെ വസ്തു സ്ഥിതി ചെയ്യുന്നത്. ഇവിടെ വീട് നിർമിക്കാനാണ് നടന്റെ പദ്ധതിയെന്നാണ് വിവരം. 

അയോധ്യയിൽ വീട് നിർമിക്കാൻ ആഗ്രഹമുണ്ടെന്ന് അമിതാഭ്  ബച്ചൻ അറിയിച്ചിട്ടുണ്ട്. 'എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോധ്യയിലെ സരയുവിൽ ദി ഹൗസ് ഒഫ് ലോധയുമായി യാത്ര ആരംഭിക്കാൻ ആഗ്രഹിക്കുന്നു. അയോധ്യയിലെ ആത്മീയതയും സംസ്കാര സമ്പന്നതയും അതിർത്തികൾക്കപ്പുറം വൈകാരികമായ ബന്ധം സൃഷ്ടിക്കുന്നു. അയോധ്യയുടെ ആത്മാവിലേക്കുള്ള ഒരു ഹൃദയസ്പർശിയായ യാത്രയുടെ ആരംഭമാണിത്. ആഗോള ആത്മീയ തലസ്ഥാനത്ത് എന്റേതായി ഒരു ഭവനം പണിയാൻ ഞാൻ ആഗ്രഹിക്കുന്നു'-ബച്ചൻ വ്യക്തമാക്കി.

അയോധ്യ സരയുവിലെ ആദ്യ പൗരനാണ് ബച്ചനെന്ന് ദി ഹൗസ് ഒഫ് അഭിനന്ദൻ ലോധ ചെയർമാൻ അഭിനന്ദൻ ലോധ അറിയിച്ചു. 'നാഴികക്കല്ലായ നിമിഷം' എന്നാണ് ബച്ചനെ സ്വാഗതം ചെയ്തുകൊണ്ട്  പറഞ്ഞത്. അയോധ്യയിൽ നിന്ന് നാല് മണിക്കൂർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പ്രയാഗ്‌രാജാണ് ബച്ചന്റെ ജന്മസ്ഥലം.

Tags:    
News Summary - Ram Temple consecration event: Amitabh Bachchan buys plot for home in Ayodhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.