സൂപ്പർ ഹിറ്റ് ചിത്രമായ ബാഹുബലി നിർമിച്ചത് കോടികൾ കടമെടുത്തെന്ന് നടൻ റാണാ ദഗ്ഗുബട്ടി. 24 ശതമാനം പലിശക്കാണ് പണം കടം വാങ്ങിയതെന്നും സിനിമ പരാജയപ്പെട്ടിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്ന് അറിയില്ലെന്നും റാണ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'മൂന്ന്, നാല് വർഷങ്ങൾക്ക് മുമ്പ് തെലുങ്ക് നിർമാതാക്കൾ സിനിമക്കായി പണം കണ്ടെത്തിയത് തങ്ങളുടെ വീടും സ്ഥലങ്ങളും പണയം വെച്ചിട്ടാണ്. അത് പിന്നീട് തിരിച്ചെടുക്കും. 24-28 ശതമാനം പലിശനിരക്കിൽ വരെ പണം കടമെടുക്കാറുണ്ട്. ഇങ്ങനെയാണ് സിനിമക്കായി പണം കണ്ടെത്തുന്നത്. ബാഹുബലി പോലെയുള്ള ചിത്രത്തിന് 300- 400 കോടി രൂപവരെ പണം വാങ്ങിയിട്ടുണ്ട്- റാണ പറഞ്ഞു
ബാഹുബലിയുടെ ഒന്നാം ഭാഗത്തിന്റെ നിർമാണം ശരിക്കുമൊരു പോരാട്ടമായിരുന്നു. ലഭിച്ച കളക്ഷന്റെ ഇരട്ടി സിനിമയുടെ നിർമാണത്തിനായി ചെലവായി. അഞ്ചര വർഷത്തിനിടെ 24 ശതമാനം പലിശ നിരക്കില്‍ 180 കോടിയാണ് കടം വാങ്ങിയത്. ആ സമയത്ത് ബാഹുബലി രണ്ടാംഭാഗത്തിന്റെ കുറച്ച് രംഗങ്ങളും ചിത്രീകരിച്ചിരുന്നു. ബാഹുബലി പരാജയപ്പെട്ടിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്നുപോലും തനിക്ക് അറിയില്ല'- റാണ കൂട്ടിച്ചേർത്തു.
പ്രഭാസ്, റാണ, അനുഷ്ക ശർമ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2015 ആണ് എസ്. എസ് രാജമൗലി ബാഹുബലി ആദ്യഭാഗം ഒരുക്കിയത്. 650 കോടിയായിരുന്നു ചിത്രം തിയറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്. 2017 ആണ് രണ്ടാം ഭാഗം പുറത്തിറങ്ങിയത്. 250 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോളകലക്ഷൻ 1810 കോടി രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.