ദാവൂദ് ഇബ്രാഹീമുമായി ബന്ധമുണ്ടെന്ന വാർത്ത; എ.എൻ.ഐ മാപ്പു പറയണമെന്ന് സൽമാൻ ഖാൻ

മുംബൈ: വാർത്ത ഏജൻസിയായ എ.എൻ.ഐ (ഏഷ്യൻ നെറ്റ്‌വർക്ക് ഇന്‍റർനാഷണൽ) മാപ്പു പറയണമെന്നാവശ്യപ്പെട്ട് നിയമനടപടിയുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. കഴിഞ്ഞ ഏപ്രിലിൽ സൽമാന്‍റെ മുംബൈ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ കേസിൽ പ്രതികളായ രണ്ടുപേരുടെ അഭിഭാഷകർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ദാവൂദ് ഇബ്രാഹീമിന്‍റെ സംഘമായ ഡി കമ്പനിയുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തിൽ വാർത്താ ലേഖൻ പ്രസിദ്ധീകരിച്ച് അപകീർത്തിപ്പെടുത്തിയെന്ന് വ്യക്തമാക്കിയാണ് നിരുപാധിക മാപ്പ് ആവശ്യപ്പെട്ട് സൽമാൻ നോട്ടീസ് അയച്ചിരിക്കുന്നത്. എ.എൻ.ഐയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത മറ്റ് ന്യൂസ് പോർട്ടലുകൾക്കും ചാനലുകൾക്കും നൽകുകയും ചെയ്തത്രെ.

ഏപ്രിലിൽ ബൈക്കിലെത്തിയ രണ്ട് പേർ സൽമാൻ ഖാന്‍റെ ഗ്യാലക്‌സി അപ്പാർട്ട്‌മെന്‍റിന് നേരെ ആക്രമണം നടത്തുകയായിരുന്നു. അക്രമികൾ അപ്പാർട്ട്‌മെന്‍റിലേക്ക് നിരവധി റൗണ്ട് വെടിയുതിർത്തിരുന്നു. ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയും സംഘവും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് സൽമാൻ ഖാന്‍റെ പിതാവും മുതിർന്ന തിരക്കഥാകൃത്തുമായ സലിം ഖാനെ പ്രഭാത നടത്തത്തിനിടെ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായത്. സ്കൂട്ടറിലെത്തിയ യുവാവും യുവതിയുമാണ് ഭീഷണിപ്പെടുത്തിയത്. ഇവരെ പിന്നീട് സലിം ഖാന്‍റെ പരാതിയിൽ പൊലീസ് പിടികൂടിയിരുന്നു.

Tags:    
News Summary - Salman Khan demands apology from ANI for linking him with underworld

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.