തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെ കുറിച്ച് നടൻ സൽമാൻ ഖാൻ. പുതിയ ചിത്രമായ ടൈഗർ 3യുടെ പ്രമോഷന്റെ ഭാഗമായി സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കെ.എൽ രാഹുലാണ് നടന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം. സൽമാന്റെ വാക്കുകൾ കെ.എൽ രാഹുൽ ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്.
കൂടാതെ ആദ്യ രണ്ട് ഭാഗങ്ങളെ പോലെയല്ല ടൈഗർ 3 എന്നും സൽമാൻ വ്യക്തമാക്കിയിട്ടുണ്ട്. 'താനും കത്രീന കൈഫും ആദിത്യ ചോപ്രയും ഈ ചിത്രത്തിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഈ സിനിമ കാണാൻ ആളുകൾക്കുണ്ടായ ആവേശം എന്റെ കരിയറിൽ ഇതുവരെ കണ്ടിട്ടില്ല. ടീസർ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഈ ചിത്രം മറ്റൊരു തലത്തിലാണെന്ന് ട്രെയിലർ ലോഞ്ചിന് ശേഷം നിങ്ങൾ മനസിലാക്കും'- സൽമാൻ ഖാൻ പറഞ്ഞു.
2012 ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ ഏക് ഥാ ടൈഗറിന്റെ മൂന്നാം ഭാഗമാണ് ടൈഗർ 3. അവിനാശ് സിങ് ടൈഗർ റാത്തോർ എന്ന റോ ഏജന്റ് ആയിട്ടാണ് സല്‍മാൻ എത്തുന്നത്. മനീഷ് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൈഗർ സിന്ദാ ഹേ, വാർ, പത്താൻ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
ടൈഗർ 3യിൽ ഇമ്രാൻ ഹാഷ്മിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. കത്രീന കൈഫ്, അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രൺവീർ ഷൂരേ എന്നിവരാണ് മറ്റുതാരങ്ങൾ. പത്താനായി ഷാറുഖ് ഖാനും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ദീപാവലി റിലീസായി നവംബര്‍ 20നാണ് ടൈഗർ 3 പ്രദർശനത്തിനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.