‘സൽമാന്‍ ഖാൻ ഇന്ത്യൻ ഗായകരെ മാറ്റി പാകിസ്താനികൾക്ക് അവസരം കൊടുത്തയാൾ’; ഗുരുതര ആരോപണങ്ങളുമായി ഗായകൻ അഭിജിത്ത്

മുംബൈ: നടന്‍ സൽമാൻ ഖാനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് പിന്നണി ഗായകൻ അഭിജിത്ത് ഭട്ടാചാര്യ. 2002ൽ സൽമാൻ ഖാന്റെ കാർ റോഡരികിലുള്ള ബേക്കറിയിലേക്ക് ഇടിച്ച് കയറുകയും നടപ്പാതയിൽ ഉറങ്ങുകയായിരുന്ന ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത ‘ഹിറ്റ് ആൻഡ് റൺ’ കേസിൽ പ്രതിയായതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് സംസാരിച്ചു എന്നതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടയാളാണ് അഭിജിത്. ഭവനരഹിതരായ ആളുകൾ തെരുവിൽ 'നായകളെ' പോലെ ഉറങ്ങരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈയിടെ ഒരു യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സൽമാൻ ഖാനുമായുള്ള ഇപ്പോഴത്തെ ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ താൻ സൽമാനെ പിന്തുണച്ച് സംസാരിച്ചിട്ടില്ലെന്നും തന്റെ വെറുപ്പ് പോലും സൽമാൻ അർഹിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

‘സൽമാൻ ഖാൻ ഒരു ദൈവമല്ല. അങ്ങനെയാണെന്ന് അയാൾ സ്വയം വിശ്വസിക്കുകയാണ്. ശത്രുരാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഇങ്ങ​​നെയൊരാളെ പിന്തുണച്ച് ഞാൻ സംസാരിക്കുമെന്ന് ആളുകൾക്ക് എങ്ങനെ ചിന്തിക്കാനാകും? പാകിസ്താനോടുള്ള കൂറ് കാണിക്കാൻ വേണ്ടി ഇന്ത്യൻ ഗായകരെ മാറ്റി പാകിസ്താനികൾക്ക് അവസരം കൊടുത്തയാളാണ് സൽമാന്‍. ഇതെല്ലാം ആസൂത്രിതമാണ്. വെറുക്കപ്പെടാൻ പോലും അയാൾ അർഹനാണെന്ന് ഞാൻ കരുതുന്നില്ല’, അഭിജിത് ഭട്ടാചാര്യ പറഞ്ഞു.

സൽമാൻ ചിത്രമായ ‘ടൈഗർ 3’യിൽ ഗാനം ആലപിച്ച അരിജിത് സിങ്ങിനെയും അഭിജിത് ഭട്ടാചാര്യ വിമർശിച്ചു. ‘സുൽത്താൻ’ എന്ന ചിത്രത്തിൽ അരിജിത്തിന് പകരം പാകിസ്താനി ഗായകൻ റാഹത് ഫത്തേ അലി ഖാനെക്കൊണ്ടാണ് സല്‍മാൻ പാട്ട് പാടിപ്പിച്ചതെന്നും അഭിജിത്ത് കുറ്റപ്പെടുത്തി.

‘ഇത് നാണക്കേടാണ്. രാജ്യത്തെ ഏറ്റവും വലിയ ഗായകനാണ് അരിജിത് സിങ്. തനിക്ക് അവസരം നൽകണമെന്ന് അദ്ദേഹം ഒരിക്കലും സല്‍മാനോട് യാചിക്കാൻ പാടില്ലായിരുന്നു. പകരം പ്രതിഷേധം അറിയിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ചിലപ്പോൾ അരിജിത് ഒരു ബംഗാളി ആണോ എന്നുപോലും എനിക്ക് സംശയം തോന്നാറുണ്ട്’ -അഭിജിത് ഭട്ടാചാര്യ പറഞ്ഞു.

Tags:    
News Summary - 'Salman Khan who cut the name of Indian artists and gave opportunity to Pakistanis'; Singer Abhijeeth with serious allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.