മുംബൈ: ഓസ്കർ ചിത്രം സ്ലം ഡോഗ് മില്ല്യണയർ താരത്തിനെതിരെ ലൈംഗികാരോപണ കേസ്. ചിത്രത്തിൽ സലീമായി വേഷമിട്ട മാധുർ മിത്തലിനെതിരെയാണ് മുൻ കാമുകിയുടെ പരാതി.
ഫെബ്രുവരി 23ന് നടൻ മുംബൈയിലെ വീട്ടിൽവെച്ച് മർദിക്കുകയും ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മിത്തലിനെതിരെ ഫെബ്രുവരി 23ന് ഖർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ജയ്പുരിൽ ഷൂട്ടിങ് തിരക്കിലാണ് നിലവിൽ നടൻ. കേസ് ജോലിയെ തടസപ്പെടുത്തുമെന്ന് പറഞ്ഞ മിത്തൽ പരാതി വ്യാജമാണെന്നും അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്നും പ്രതികരിച്ചു.
തനിക്കെതിരെ തെറ്റായ വിവരങ്ങൾ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ടെന്നും ഇത് ജോലിയെ പ്രതികൂലമായി ബാധിക്കുമെന്നും നടൻ പറഞ്ഞു. ഏഴുവയസുമുതൽ കുടുംബത്തിലെ ഏക വരുമാന മാർഗം താനാണ്. ഇത്തരം വാർത്തകൾ വരുമാനം ഇല്ലാതാക്കുന്നു. അതോടൊപ്പം തന്‍റെ ഭാവിയെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.
സ്ലം ഡോഗ് മില്ല്യണയറിൽ നായകനായ ജമാലിന്‍റെ (ദേവ് പേട്ടൽ) മൂത്ത സഹോദരനായ സലിമിന്‍റെ വേഷം കൈകാര്യം ചെയ്തതോടെയാണ് മിത്തൽ ശ്രദ്ധിക്കപ്പെടുന്നത്. ചെറുപ്പം മുതൽ സിനിമയിലും ടെലിവിഷൻ പരിപാടികളിലും വേഷങ്ങൾ ചെയ്തിരുന്ന മിത്തൽ ഓസ്കർ ചിത്രത്തിൻറെ ഭാഗമായതോടെ ലോകശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.