ടൈം മാഗസിന്റെ ‘ടൈം 100’ലിസ്റ്റിൽ ഒന്നാമതായി ഇടംപിടിച്ച് നടൻ ഷാരൂഖ്ഖാൻ. ഫുട്ബോൾ ഇതിഹാസം സാക്ഷാൽ ലയണൽ മെസ്സി ഉൾപ്പടെയുള്ളവരെ പിന്തള്ളിയാണ് കിങ് ഖാൻ ലിസ്റ്റിൽ ഒന്നാമതെത്തിയത്. വർഷാവർഷം ടൈം പുറത്തിറക്കുന്ന പ്രമുഖരുടെ പട്ടികയാണ് ടൈം 100. പൊതുജനങ്ങൾക്കിടയിൽ നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് പട്ടികയിൽ ഉൾപ്പെടുന്നവരെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ 1.2 മില്യൺ (12 ലക്ഷം) പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.
ഓസ്‌കാർ ജേതാവായ നടി മിഷേൽ യോ, ടെന്നീസ് താരം സെറീന വില്യംസ്, മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരെല്ലാം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 1.2 ദശലക്ഷത്തിലധികം വോട്ടുകൾ രേഖപ്പെടുത്തിയതിൽ 4 ശതമാനം പേരുടെ പിന്തുണ നേടിയാണ് ഷാരൂഖ് വിജയിച്ചത്.
പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയത് ഇറാനിലെ സ്ത്രീ പ്രക്ഷോഭകരാണ്. രണ്ട് ശതമനം വോട്ടുമായി ആരോഗ്യ പ്രവർത്തകർ മൂന്നാമതും 1.9% വോട്ട് നേടി ഹാരി രാജകുമാരനും ഭാര്യ മേഗൻ മെർക്കലും നാലാമതും എത്തി. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി 1.8% വോട്ട് നേടി അഞ്ചാം സ്ഥാനത്താണുള്ളത്.
പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ ഷാരൂഖ് 100-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തുടരെയുള്ള പരാജയങ്ങളെത്തുടർന്ന് ഏകദേശം 4 വർഷത്തോളം സിനിമയിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം, 2023-ൽ പഠാൻ എന്ന സിനിമയിലെ തകർപ്പൻ പ്രകടനത്തോടെ തിരിച്ചെത്തിയിരുന്നു. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർക്കൊപ്പമാണ് അദ്ദേഹം പഠാനിൽ അഭിനയിച്ചത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സിനിമാ നിർമ്മാതാവെന്ന നിലയിൽ തിരക്കിലായിരുന്ന ഷാരൂഖ് ചില സിനിമകളിൽ അതിഥി വേഷങ്ങൾ ചെയ്തിരുന്നു. 2022-ൽ പുറത്തിറങ്ങിയ ഡാർലിങ്സ് എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ നിർമ്മാണ സംരംഭം. നടനും നിർമ്മാതാവും എന്നതിനൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎൽ ക്രിക്കറ്റ് ടീമിന്റെ സഹ ഉടമ കൂടിയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.