അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി നടൻ ഷെയ്ന്‍ നിഗം. അഭിമുഖത്തിന്‍റെ മുഴുവന്‍ വിഡിയോ കാണാതെ പലരും അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവർക്ക് എന്റെ വാക്കുകൾ അവസരമായി എന്ന ഒറ്റക്കാരണം കൊണ്ടാണ് വിശദീകരണം നൽകുന്നതെന്ന് പറഞ്ഞ ഷെയിൻ നിഗം, അത്തരക്കാരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളുമെന്നും തള്ളണമെന്നും ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണെന്നും കുറിച്ചു.
‘കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വിഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു. പിന്നെ അവസരം മുതലെടുത്ത് മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും... തള്ളണം... ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്...’ -എന്നിങ്ങനെയായിരുന്നു ഷെയ്ന്‍ നിഗത്തിന്‍റെ വാക്കുകള്‍.
ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രം ലിറ്റില്‍ ഹാര്‍ട്ട്സിന്‍റെ പ്രചാരണാര്‍ഥം നല്‍കിയ അഭിമുഖങ്ങളിലൊന്നില്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്. നടി മഹിമ നമ്പ്യാരും നടൻ ബാബുരാജും അടക്കമുള്ളവര്‍ ഇതിൽ പങ്കെടുത്തിരുന്നു. മഹിമ നമ്പ്യാര്‍-ഷെയ്ന്‍ നിഗം ജോഡിക്കും മഹിമ നമ്പ്യാര്‍-ഉണ്ണി മുകുന്ദന്‍ ജോഡിക്കും ആരാധകര്‍ ഉണ്ടെന്നും താന്‍ രണ്ടാമത്തെ ജോഡിയുടെ ആരാധികയാണെന്നും അവതാരക പറഞ്ഞിരുന്നു. തനിക്കും അതാണ് ഇഷ്ടമെന്ന് പറഞ്ഞ ഷെയ്ന്‍, താൻ മഹി-ഉംഫിയുടെ ആളാണെന്നും പറഞ്ഞിരുന്നു. ഇതാണ് ചിലർ വിവാദമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.