ബോളിവുഡ് വിട്ട് തെന്നിന്ത്യൻ ചിത്രങ്ങളിൽ സജീവമാകാനുള്ള കാരണം വെളിപ്പെടുത്തി നടൻ ശരത് സക്സേന. ഹിന്ദിയിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചില്ലെന്നും നായകന്റെ തല്ലുകൊള്ളാൻ വേണ്ടി മാത്രമാണ് ചിത്രങ്ങളിലേക്ക് വിളിച്ചതെന്നും ബോളിവുഡിനോട് വിട പറയാനുള്ള കാരണം വ്യക്തമാക്കി കൊണ്ട് ശരത് പറഞ്ഞു. അന്ന് സ്വന്തം മുഖം തന്നെ വെറുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോയെന്നും താരം കൂട്ടിച്ചേർത്തു.
'ഹിന്ദി സിനിമയിൽ അവസരം ലഭിക്കാതെ വന്നതോടെയാണ് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തേക്ക് ചുവടു മാറുന്നത്. അന്ന് ബോളിവുഡിൽ സംഘട്ടനരംഗങ്ങൾക്ക് മാത്രമായിരുന്നു എന്നെ വിളിച്ചിരുന്നത്. ആ സമയത്ത് സ്വന്തം മുഖം തന്നെ വെറുത്തിരുന്നു- ശരത് സക്സേന പറഞ്ഞു.
രാവിലെ ഷൂട്ടിന് പോകുന്നതിന് മുൻപ് കണ്ണാടിയിൽ നോക്കി സ്വയം ശപിച്ചിട്ടുണ്ട്. കാരണം നായകന്റെ ഇടി കൊള്ളാൻ വേണ്ടിയാണല്ലോ പോകുന്നത്. അന്ന് ഞങ്ങൾ നായകന്റെ ഇൻട്രോ സീനിന് വേണ്ടിയായിരുന്നു. നായകൻ വന്ന് ഞങ്ങളെ ഇടിച്ചിടും, എന്നിട്ട് ഞാനാണ് നായകനെന്ന് സ്വയം പ്രഖ്യാപിക്കും, ഇതാണ് സംഭവിക്കുക. ഇത് എനിക്ക് അറിയാമായിരുന്നു. 25-30 വർഷം ഇതായിരുന്നു ജോലി- ശരത് സക്സേന വ്യക്തമാക്കി
ജോലിയില്ലെങ്കിലും ജീവിക്കാനുള്ള പണം കൈയിലുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഹിന്ദി സിനിമ വിടാൻ തീരുമാനിച്ചത്. ഒരു ദിവസം ഞാനും ഭാര്യയും ചേർന്ന് ഞങ്ങളുടെ കൈയിലുളള പണം പരിശോധിച്ചു. ഒരു വർഷം ജോലിയില്ലെങ്കിലും ജീവിക്കാനുള്ള പണം കൈയിൽ ഉണ്ടായിരുന്നു. അതോടെ ഹിന്ദി സിനിമയോട് വിടപറഞ്ഞു. ദൈവാനുഗ്രഹത്താൽ രണ്ടു, മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കമൽഹാസന്റെ ഓഫീസിൽ നിന്ന് ഫോൺ വന്നു. ഗുണ എന്ന ചിത്രത്തിനായിട്ടാണ് വിളിച്ചത്. മികച്ച കഥാപാത്രവും നല്ല പ്രതിഫലവും കിട്ടി.
കമൽ ചിത്രത്തിലൂടെയാണ് രാംകുമാർ ഗണേശനെ പരിചയപ്പെടുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ചിത്രത്തിൽ അവസരം ലഭിച്ചു. ചിരഞ്ജീവിയെ പരിചയപ്പെട്ടതോടെ തെലുങ്കിൽ നിന്നും അവസരങ്ങൾ തേടിയെത്തി. 10, 15 ചിത്രങ്ങൾ ചെയ്യാനായി. തെലുങ്കിൽ നാഗാർജുനക്കൊപ്പവും പ്രവർത്തിക്കാൻ കഴിഞ്ഞു. അതുപോലെ പ്രിയദർശൻ ചിത്രങ്ങളിലൂടെ മലയാളത്തിലും അഭിനയിച്ചു-ശരത് തന്റെ തെന്നിന്ത്യൻ സിനിമാ ജീവിതം വ്യക്തമാക്കി കൊണ്ട് പറഞ്ഞു.
ഇതിനോടകം 300-ലധികം ചിത്രങ്ങളിൽ ശരത് സക്സേന അഭിനയിച്ചിട്ടുണ്ട്. മിസ്റ്റർ ഇന്ത്യ, അഗ്നീപഥ്, റെഡി, ബോഡിഗാർഡ്, വിവേകം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.