നീല ചലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് ജയിൽ മോചിതനായതിന് ശേഷം കുടുംബത്തോടെ ഇന്ത്യ വിടാമെന്ന് ഭാര്യയും നടിയുമായ ശിൽപ ഷെട്ടി പറഞ്ഞതായി രാജ് കുന്ദ്ര. ജയിൽ ജീവിതം തന്നെ മാത്രമല്ല കുടുംബത്തേയും തകർത്തുവെന്നും ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിച്ചതായും കുന്ദ്ര ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. രാജ് കുന്ദ്രയുടെ ജയിൽ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് യു.ടി 69. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. രാജ് കുന്ദ്രയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
'ശിൽപയാണ് എന്നോട് ആദ്യമായി ഞാൻ ജനിച്ചു വളർന്ന നാടായ ലണ്ടനിലേക്ക് കുടുംബത്തോടെ താമസം മാറാമെന്ന് പറഞ്ഞത്. എന്നാൽ എനിക്ക് ഇന്ത്യവിട്ടുപോകാൻ തോന്നിയില്ല. കാരണം ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു. തെറ്റ് ചെയ്തവരാണ് നാട് വിട്ട് പോകുന്നത്. പക്ഷേ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, അതിനാൽ ഇന്ത്യ വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് ശിൽപയോട് പറഞ്ഞു.
ജയിൽ ജീവിതം തന്നെ മാത്രമല്ല കുടുംബത്തെയും തകർത്തു. ഞാൻ ശരിക്കും തകർന്ന അവസ്ഥയായിരുന്നു. ജയിലിൽ തന്നെ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. ഇന്ന് ആ വാക്ക് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷെ അന്ന് അങ്ങനെയൊരു അവസ്ഥയിലായിരുന്നു. വളരെയധികം അപമാനിക്കപ്പെട്ടു. ഞാൻ കാരണം എന്റെ ഭാര്യയും മക്കളും മാതാപിതാക്കളും മാധ്യമവേട്ടക്ക് ഇരയായി. അത് വേദനാജനകമായിരുന്നു. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നു'- രാജ് കുന്ദ്ര പറഞ്ഞു
നവംബർ 3 നാണ് യു.ടി69 തിയറ്ററുകളിൽ എത്തുന്നത്. ഷാനവാസ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.