കെ. എസ്. ആർ.ടി.സി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നൽകിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി നടനും അഭിഭാഷകനുമായ ഷുക്കൂർ. പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റത്തിൽ യാത്ര ചെയ്യേണ്ടി വന്ന ഒട്ടു മിക്ക സ്ത്രീകളും ഒരിക്കലെങ്കിലും ഞരമ്പുകളുടെ അസ്ക്യതയ്ക്ക് നിർഭാഗ്യ വശാൽ വിധേയരായിട്ടുണ്ടാകുമെന്നും ഇങ്ങനെ സ്ത്രീകളുടെ ജീവിതം ട്രോമ ഉണ്ടാക്കിയവരെ ജയിലിൽ നിന്നും പുറത്തു വരുമ്പോൾ മാലയിട്ടു സ്വീകരിക്കുന്ന മനുഷ്യർക്കിടയിൽ എങ്ങിനെയാണ് ജീവിതം സാധ്യമാവുകയെന്നും ഷുക്കൂർ വക്കീൽ ചോദിക്കുന്നു.ഇത്തരക്കാരോട് സ്ത്രീകൾ ഒരു തരിമ്പും ദയ കാണിക്കരുതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
'പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റത്തിൽ യാത്ര ചെയ്യേണ്ടി വന്ന ഒട്ടു മിക്ക സ്ത്രീകളും ഒരിക്കലെങ്കിലും ഞരമ്പുകളുടെ അസ്ക്യതയ്ക്ക് നിർഭാഗ്യ വശാൽ വിധേയരായിട്ടുണ്ടാകും. മഹാ ഭൂരിപക്ഷം പേരും ഭയന്നും അമ്പരന്നും മൗനത്തിൽ പെട്ടു പോകാറാണ് പതിവ്. ഇത്തരം ഞരമ്പന്മാരുടെ കൈവിരലുകളോ ശരീര ഭാഗങ്ങളോ സ്പർശിപ്പിക്കപ്പെട്ട ഭാഗം എത്ര സോപ്പു വെള്ളത്തിൽ കഴുകിയാലും അഴുക്കു അവിടെ ബാക്കിയുണ്ടെന്ന ഫീലാണ് മനസ്സിൽ ഉണ്ടാവുക എന്നു അനുഭവസ്ഥർ അസ്വസ്ഥതയോടെ പറഞ്ഞിട്ടുണ്ട്. അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയവരോട് ഒന്നു സംസാരിച്ചു നോക്കൂ. അവർ കടന്നു പോയ അനുഭവങ്ങൾ പറയുമ്പോൾ മുഖം വരിഞ്ഞു മുറുകുന്നതും കണ്ണുകളിൽ തീ നിറയുന്നതും കാണാം.
ഇങ്ങനെ സ്ത്രീകളുടെ ജീവിതം മുഴുക്കെ ട്രോമ ഉണ്ടാക്കിയവരെ ജയിലിൽ നിന്നും പുറത്തു വരുമ്പോൾ മാലയിട്ടു സ്വീകരിക്കുന്ന മനുഷ്യർക്കിടയിൽ എങ്ങിനെയാണ് ജീവിതം സാധ്യമാവുക? ഭയാനകമാണ് നമ്മുടെ കേരള അവസ്ഥ. പെണ്ണുങ്ങളേ ഒരു തരിമ്പും ദയ കാണിക്കരുത്, ആൺ ഹുങ്കിനു മുമ്പിൽ കീഴടങ്ങാനുള്ളതല്ല അഭിമാനം'-ഷുക്കൂർ വക്കിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.