ചെന്നൈ: ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൂപ്പർ സ്റ്റാർ രജനികാന്തിന് വേഗം സുഖം പ്രാപിക്കാൻ ആശംസ നേർന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽ ഹാസൻ. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
'വേഗം സുഖം പ്രാപിക്കാൻ രജനികാന്തിന് ആശംസ നേരുന്നു' -കമൽ ഹാസൻ തമിഴിൽ ട്വിറ്ററിൽ കുറിച്ചു.
രജനികാന്തിന്‍റെ പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുന്നതിനിടെ സംഘത്തിലെ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഷൂട്ടിങ് നിർത്തിവെക്കുകയും ചെയ്തിരുന്നു. 70കാരനായ രജനികാന്തിനെ ചൊവ്വാഴ്ച കോവിഡ് പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഫലം നെഗറ്റീവായിരുന്നുവെന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രി അറിയിച്ചു.
നിലവിൽ അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങളൊന്നുമില്ല. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണ്.
രജനികാന്തിന്‍റെ രാഷ്ട്രീയ പാർട്ടി രൂപീകരണമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ ആശുപത്രി പ്രവേശനം. ഡിസംബർ 31ന് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. തമിഴ്നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേയാണ് രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.