'മുന്നേറ്റ'ത്തിലൂടെ മമ്മൂട്ടിക്കുണ്ടായ മുന്നേറ്റം -ശ്രീകുമാരൻ തമ്പി

എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. പ്രേംനസീറിനു ശേഷം മലയാളം കണ്ട ഏറ്റവും സുന്ദരനായ നടൻ മമ്മൂട്ടിയാണ്. ശബ്ദഗാംഭീര്യവും ഒത്ത ഉയരവും അതിനനുസരിച്ചുള്ള ശരീരഭാഷയും മമ്മൂട്ടി എന്ന നടന്‍റെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നു. സുബ്രഹ്മണ്യം കുമാർ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത 'മുന്നേറ്റം' എന്ന സിനിമയിൽ നായകനായി അഭിനയിക്കാൻ തിരുവനന്തപുരത്തു വന്നപ്പോഴാണ് ഞാൻ മമ്മൂട്ടിയെ ആദ്യമായി കണ്ടത്.

അതിനു മുൻപ് അദ്ദേഹം ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നെങ്കിലും ആ ചിത്രങ്ങൾ ഞാൻ കണ്ടിരുന്നില്ല. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു വിമാനയാത്രയ്ക്കിടയിൽ നാന സിനിമാവാരികയിൽ വന്ന ഒരു ഫോട്ടോ കാട്ടി നടൻ സുകുമാരനാണ് മമ്മൂട്ടിയെക്കുറിച്ച് എന്നോട് പറഞ്ഞത്.

'ഈ ചെറുപ്പക്കാരൻ കൊള്ളാം. സാർ ഒന്ന് ട്രൈ ചെയ്തു നോക്കൂ' എന്ന് സുകുമാരൻ പറഞ്ഞു. 'മുന്നേറ്റ'ത്തിൽ മമ്മൂട്ടി നായകനും രതീഷ് പ്രതിനായകനുമായിരുന്നു. അവിടെ നിന്ന് മമ്മൂട്ടിക്കുണ്ടായ മുന്നേറ്റം അദ്‌ഭുതകരമായിരുന്നു. നിതാന്തമായ പഠനവും സ്ഥിരോത്സാഹവും കഠിനപ്രയത്നവും സ്വയം പരിശീലിച്ച് നേടിയെടുത്ത അച്ചടക്കവുമാണ് മമ്മൂട്ടിയെ ഒരു മഹാനടനാക്കിയത്. 'മുന്നേറ്റ'ത്തിന് ശേഷം ഞാൻ നിർമ്മിച്ച 'വിളിച്ചു, വിളികേട്ടു' എന്ന ചിത്രത്തിലും മമ്മൂട്ടി നായകനായി. പക്ഷേ ആ സിനിമ തീയേറ്ററുകളിൽ വിജയിച്ചില്ല. എന്നാൽ അദ്‌ഭുതമെന്നു പറയട്ടെ യൂട്യൂബിലെ എന്‍റെ ഫിലിം ചാനലിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ടത് ആ സിനിമയാണ്.

ഞാൻ സംവിധാനം ചെയ്ത 'യുവജനോത്സവം', 'ബന്ധുക്കൾ ശത്രുക്കൾ' എന്നീ ഹിറ്റ് ചിത്രങ്ങളെ പോലും 'വിളിച്ചു, വിളികേട്ടു' പിന്നിലാക്കി. മമ്മൂട്ടിയുടെ നിത്യയൗവനത്തെ ഞാൻ അഭിനന്ദിക്കുന്നു. ഒരു നടൻ തന്‍റെ ദേഹം എങ്ങനെ സൂക്ഷിക്കണമെന്ന് പുതിയ നായകന്മാർ മമ്മൂട്ടിയെ കണ്ടുപഠിക്കണം. മമ്മൂട്ടിക്കും കുടുംബത്തിനും ഞാൻ എല്ലാ നന്മകളും നേരുന്നു.

Tags:    
News Summary - Sreekumaran Thampi wishes happy birthday to Mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.