ലോസ് ഏഞ്ചൽസ്: ഹിന്ദുമതവും ഹിന്ദു ധർമ്മവും തമ്മിൽ വ്യത്യാസമുണ്ടെന്ന് സംവിധായകൻ രാജമൗലി. ലോസ് ഏഞ്ചൽസിൽ ഒരു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കവെയാണ് രാജമൗലി തന്‍റെ അഭിപ്രായം തുറന്നുപറഞ്ഞത്.
ഫിലിം ഫെസ്റ്റിവലിലെ ചോദ്യോത്തര വേളയിൽ തന്‍റെ സിനിമകളുടെ പൗരാണിക വശങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുമതവും ഹിന്ദു ധർമ്മവും തമ്മിൽ വ്യത്യാസമുണ്ടെന്ന് രാജമൗലി പറഞ്ഞു. തന്‍റെ ചിത്രമായ 'ആർ.ആർ.ആർ' ഹിന്ദു ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട വിഷ്വൽ ഇമേജുകളും ചിഹ്നങ്ങളും കടമെടുക്കുന്നുണ്ടെന്നും കേന്ദ്ര കഥാപാത്രങ്ങളെ ഹിന്ദു ദൈവങ്ങളുടെ പതിപ്പായി വ്യാഖ്യാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പലരും ഹിന്ദൂയിസം ഒരു മതമാണെന്ന് കരുതുന്നു, അത് ഇന്നത്തെ സാഹചര്യത്തിലാണ്. എന്നാൽ മുമ്പ്, ഹിന്ദു ധർമ്മം ഉണ്ടായിരുന്നു. അതൊരു ജീവിതരീതിയാണ്, തത്വശാസ്ത്രമാണ്. നിങ്ങൾ മതം എടുക്കുകയാണെങ്കിൽ, ഞാൻ ഒരു ഹിന്ദുവല്ല, എന്നാൽ നിങ്ങൾ ധർമ്മം സ്വീകരിക്കുകയാണെങ്കിൽ, ഞാൻ വളരെ ഹിന്ദുവാണ്. സിനിമയിൽ ഞാൻ അവതരിപ്പിക്കുന്നത് യഥാർത്ഥത്തിൽ പല നൂറ്റാണ്ടുകളും യുഗങ്ങളുമായിയി നിലനിൽക്കുന്ന ജീവിതരീതിയാണ് -രാജമൗലി വ്യക്തമാക്കി.
'ബാഹുബലി 2'ന് ശേഷം രാജമൗലി 550 കോടി ചെലവിൽ ഒരുക്കിയ ചിത്രമാണ് 'ആർ.ആർ.ആർ'. 1150 കോടിയാണ് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് നേട്ടം. ഓസ്കർ അവാർഡിൽ മത്സരിക്കാൻ ഫോർ യുവർ കൺസിഡറേഷൻ കാമ്പയിനിന്‍റെ ഭാഗമായി ചിത്രം സമർപ്പിച്ചിട്ടുണ്ട്. ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ആണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.