64 പല്ലുകളും വലിയ ചെവിയും നീളൻ നഖവും വെച്ചുപിടിപ്പിച്ച്, ദേഹം കറുപ്പിച്ച്, മുറുക്കിച്ചുവപ്പിച്ച്... നാല് മണിക്കൂർ നീണ്ട മേക്കപ്പിലൂടെയാണ് സുരഭി ലക്ഷ്മി 'കുമാരി'യിലെ മുത്തമ്മയായത്. കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷം അവിസ്മരണീയമാക്കാൻ നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് മലയാളികളുടെ പ്രിയപ്പെട്ട 'പാത്തു'...
''അവാളെത്തി കഴിഞ്ചു. പന്തീരാണ്ട് തലമുറകളായി നാങ്ക കാത്തിരിക്കിഞ്ചോ...'' -അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും പുകമറ നീക്കി പുറത്തുവരാൻ മടിക്കുന്ന ഇല്ലിക്കൽ ഗ്രാമത്തിലേക്കുള്ള കുമാരിയുടെ വരവ് വിളിച്ചറിയിക്കുന്നത് മുത്തമ്മയാണ്. ഇല്ലിമല ചാത്തന്റെ ഉപാസക. ''ഈ കാട് കടന്താലൊരു പുഴ കാണാം. നാൻ പുഴേടക്കരെ കാത്തുനിക്കേ നാൻ നിന്നെ ചെകുത്താനരികിലേക്ക് കൊണ്ടുപോകേ'' എന്നുപറഞ്ഞ് കുമാരിയെ ചാത്തനരികിലേക്ക് ക്ഷണിക്കുന്നതും മുത്തമ്മ തന്നെ. നിഗൂഢതകൾ നിറഞ്ഞൊരു മുത്തശ്ശിക്കഥക്ക് മനോഹര ഫ്രെയിമുകളിലൂടെ ദൃശ്യഭാഷയൊരുക്കിയ 'കുമാരി' എന്ന സിനിമയിൽ ഇടക്കിടെ വന്നുപോകുന്ന മുത്തമ്മയെ അവിസ്മരണീയമാക്കിയത് സുരഭി ലക്ഷ്മിയാണ്.
ദേശീയ അവാർഡ് നേടിക്കൊടുത്ത 'മിന്നാമിനുങ്ങി'ലെ അമ്മ വേഷത്തിനും കേരള ഫിലിം ക്രിട്ടിക്സ് അവാര്ഡ് ലഭിച്ച 'ജ്വാലാമുഖി'യിലെ ഏയ്ഞ്ചലിനും ശേഷം സുരഭിയുടെ കരിയറിൽ വഴിത്തിരിവാകുകയാണ് 'കുമാരി'യിലെ മുത്തമ്മ. ''വല്ലപ്പോഴും ലഭിക്കുന്നതാണ് മുത്തമ്മയെപ്പോലുള്ള വേഷം. സംസാരത്തിലും അഭിനയത്തിലും മേക്കപ്പിലുമൊക്കെ പാളിപ്പോകാൻ സാധ്യതയുള്ള വേഷമായിരുന്നു. സർക്കസ്സിൽ കയറിലൂടെ ബാലൻസ് ചെയ്ത് നടക്കുന്നതുപോലുള്ള വെല്ലുവിളിയാണ് മുത്തമ്മ തന്നത്. ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ ഒന്നുകിൽ നാടകമായിപ്പോകും അല്ലെങ്കിൽ ഓവറാകും. ഒരേ പോയന്റിലൂടെ സഞ്ചരിച്ചാലേ ശരിയാകൂ. ആ പോയന്റ് കണ്ടെത്താൻ കഴിഞ്ഞതാണ് മുത്തമ്മയുടെ വിജയത്തിന് കാരണം. നാടകക്കളരികൾ, മേക്കപ്, കോസ്റ്റ്യൂം തുടങ്ങി നിരവധി ഘടകങ്ങൾ അതിന് സഹായിക്കുകയും ചെയ്തു'' -അഭിനന്ദനങ്ങൾ ഏറെ വാങ്ങിത്തന്ന മുത്തമ്മയുടെ വിശേഷങ്ങൾ സുരഭി പങ്കുവെക്കുന്നു.
മുത്തമ്മയെ 'കണ്ടെത്താൻ' മുത്തങ്ങയിലേക്ക്
'മിന്നാമിനുങ്ങി'ന്റെ അസിസ്റ്റന്റ് ഡയറക്ടർ ബോബിയാണ് മുത്തമ്മയെക്കുറിച്ച് പറയുന്നത്. 80 വയസ്സുള്ള കഥാപാത്രമാണെന്ന് പറഞ്ഞപ്പോൾ, പാത്തുമ്മയിൽ (എം80 മൂസ പരമ്പരയിലെ കഥാപാത്രം) നിന്നിറങ്ങി ഇനി മുത്തമ്മയിലേക്കോ എന്നാണ് ആദ്യം തോന്നിയത്. മുത്തമ്മയെ കേന്ദ്രീകരിച്ചുള്ള സിനിമ അല്ലാത്തതിനാൽ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു. കാരണം എന്റെ പ്രായത്തിൽനിന്ന് 80 വയസ്സുകാരിയിലേക്കുള്ള മാനസികവും ശാരീരികവുമായ ഒരു യാത്രയുണ്ടല്ലോ. അഞ്ചാറു സീനിൽ മാത്രം വരുന്ന ഒരു കഥാപാത്രത്തിനുവേണ്ടി അത്ര കഷ്ടപ്പെടണോയെന്ന് കരുതി. പക്ഷേ, സംവിധായകൻ നിർമൽ സഹദേവ് അമേരിക്കയിൽനിന്നെത്തി 'കുമാരി'യെ കുറിച്ച് വിശദീകരിച്ച്, മുത്തമ്മയുടെ കഥയിലെ പ്രാധാന്യം മനസ്സിലാക്കിയപ്പോഴാണ് എന്തായാലും ഈ സിനിമയുടെ ഭാഗമാകണമെന്ന് തോന്നിയത്. പിന്നെ മുത്തമ്മയാകാനുള്ള തയാറെടുപ്പുകൾ ആയിരുന്നു. തിയറ്റർ അധ്യാപകനായ വിനോദ് മാഷിനെയാണ് ആദ്യം വിളിച്ചത്. ഗോത്രവർഗക്കാരിയായ മുത്തമ്മയുടെ സംസാരരീതിയൊക്കെ ശരിയാക്കി എടുക്കണമായിരുന്നു. അദ്ദേഹമാണ് മുത്തങ്ങയിലേക്ക് പൊക്കോളാൻ പറഞ്ഞത്.
സുഹൃത്ത് ചോട്ടുവിന്റെ (ആഷി) സഹായത്തോടെ അവിടെനിന്ന് രണ്ട് ഗോത്രവിഭാഗങ്ങളുടെ ഭാഷ അറിയാവുന്ന വിജിത, മേരി എന്നിവരെ കണ്ടെത്തി. അവരുമായുള്ള ചർച്ചകളിലൂടെ ഞാൻ രൂപപ്പെടുത്തിയെടുത്ത മുത്തമ്മയെക്കുറിച്ച് സംവിധായകനോട് പറയുന്ന ഘട്ടമായപ്പോൾ കഥാപാത്രത്തിന്റെ പ്രായമൊന്നും ഒരു പ്രശ്നമല്ലാതായി. ഒരു റഫറൻസും ഇല്ലാതെയാണ് ഞാൻ മുത്തമ്മയെ സമീപിച്ചത്. നാടകക്കളരികളിലെ അനുഭവങ്ങൾ ഏറെ പ്രയോജനപ്പെടുത്താൻ പറ്റിയൊരു കഥാപാത്രമായിരുന്നു ഇത്. സിനിമയിൽ കുമാരിയോട് (ഐശ്വര്യ ലക്ഷ്മി) ചാത്തനെക്കുറിച്ചുള്ള സന്ദേശം പങ്കുവെച്ച ശേഷം ''ഖ്ർറോ'' എന്നൊരു ശബ്ദം മുത്തമ്മ പുറപ്പെടുവിക്കുന്നുണ്ട്. അതൊന്നും സ്ക്രിപ്റ്റിൽ ഇല്ലാത്തതാണ്. കാലടി ശങ്കരാചാര്യ യൂനിവേഴ്സിറ്റിയിലെ രമേശ് വർമ സാറിന്റെ വോയ്സ് എക്സർസൈസ് ക്യാമ്പിലെ അനുഭവങ്ങളിൽ നിന്നാണ് അതൊക്കെ ചെയ്യാൻ കഴിഞ്ഞത്. ചില സ്പേസും ഇമോഷനും ടൈമും ഒക്കെ സങ്കൽപത്തിൽ കണ്ടാണ് ആ എക്സർസൈസുകൾ ചെയ്തിരുന്നത്. ആ സീനിൽ അഭിനയിച്ചപ്പോൾ അതിനൊരു ട്രൈബൽ ഫോം നൽകുന്നത് നന്നാകുമെന്ന് തോന്നി ചെയ്തതാണ്. അത് സംവിധായകൻ അംഗീകരിക്കുകയും ചെയ്തു. അങ്ങനെ കുറേ ഇംപ്രവൈേസഷനുകൾ അംഗീകരിക്കപ്പെട്ടതാണ് മുത്തമ്മയെ വിജയിപ്പിച്ചത്.
ശാന്തമ്പാറ, ഇരിട്ടി, കല്ലാർ, പിറവം എന്നിവിടങ്ങളിലൊക്കെയായിരുന്നു ചിത്രീകരണം. കാറിൽ അരമണിക്കൂറും പിന്നെ ജീപ്പിൽ മുക്കാൽ മണിക്കൂറും സഞ്ചരിച്ചും നടന്നുമൊക്കെയാണ് ലൊക്കേഷനിൽ എത്തേണ്ടത്. മൂന്നര, നാല് മണിക്കൂർ മേക്കപ്പിന് വേണമെന്നതിനാൽ വെളുപ്പിന് നാലുമണിക്ക് ഞാൻ റൂമിൽ നിന്നിറങ്ങും. അഞ്ചര മണിക്ക് ലൊക്കേഷനിൽ എത്തിയാലുടൻ മേക്കപ് തുടങ്ങും. അവിടത്തെ കോഴികളെ ഞാനാണ് വിളിച്ചുണർത്തുന്നതെന്ന് സെറ്റിലുള്ളവർ കളിയാക്കുമായിരുന്നു.
പുരികം, 64 പല്ലുകൾ, കണ്ണിൽ ലെൻസ്, വലിയ ചെവി, നീളൻ നഖങ്ങൾ ഒക്കെ വെച്ചുപിടിപ്പിച്ചും മുറുക്കിച്ചുവപ്പിച്ചും ദേഹം മുഴുവൻ കറുപ്പിച്ചുമൊക്കെ മേക്കപ്പ് വലിയൊരു പ്രക്രിയ ആയിരുന്നു. ഷൂട്ട് കഴിഞ്ഞ് റൂമിലെത്തുമ്പോൾ അർധരാത്രി കഴിയും. പിന്നെയും വെളുപ്പിനെ ലോക്കേഷനിലേക്ക് ഓടണം. ആ ദിവസങ്ങളിൽ നാലുമണിക്കൂറിൽ താഴെയായിരുന്നു ഉറക്കമൊക്കെ. ഐശ്വര്യക്ക് പുറമേ ശ്രുതി മേനോനും സ്വാസികയും തൻവിയുമൊക്കെയായി സ്ത്രീകൾ ഒരുപാടുള്ള സെറ്റ് ആയിരുന്നു. എനിക്ക് ഐശ്വര്യയുമായും ഷൈൻ ടോം ചാക്കോയുമായും മാത്രമായിരുന്നു കോമ്പിനേഷൻ. മലയാളത്തിലെ താരങ്ങളെല്ലാം കാഞ്ഞിരങ്ങാട് തറവാട്ടിലും ഞാനും ചാത്തനും മാത്രം ഇല്ലിമലയിലുമെന്ന് തമാശയായി പറയുമായിരുന്നു.
പാത്തുമ്മയിൽനിന്ന് മുത്തമ്മയിലേക്ക്
പാത്തു എന്നിൽനിന്ന് ഇറങ്ങിപ്പോയിട്ടും ഞാൻ പാത്തുവിൽനിന്ന് മോചിതയായിട്ടില്ല എന്നുപറയാം. സാധാരണക്കാർക്കിടയിൽ ഇപ്പോഴും ഞാൻ പാത്തുവാണ്. മൂന്നര വർഷം നിരന്തരം ചെയ്ത വേഷമാണത്. അത് പൂർത്തിയാക്കിയതിന്റെ പിറ്റേ ദിവസമാണ് എനിക്ക് ദേശീയ അവാർഡ് ലഭിക്കുന്നത്. അതുവരെ സിനിമകളിൽ പേരില്ലാത്ത കാരക്ടറുകൾ ഒക്കെ ചെയ്തിരുന്ന അവാർഡ് ജേതാവിനെ തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിഞ്ഞത് പാത്തു മൂലമാണ്. പാത്തു എന്ന കഥാപാത്രത്തെ മാത്രമല്ല, സുരഭി എന്ന നടിയെക്കൂടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എന്നിലെ നടിയെ പാത്തുവിൽ തളച്ചിടാൻ ഒരുക്കമല്ലാത്തതിനാലാണ് മുത്തമ്മ പോലെ വെല്ലുവിളിയുള്ള വേഷങ്ങൾക്കുവേണ്ടി ഞാൻ കഷ്ടപ്പെടുന്നത്. അതിൽ വിജയിച്ചിട്ടുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം.
'പത്മ' സിനിമയിലെ നായികവേഷമൊക്കെ എന്നെത്തേടിയെത്തിയത് അതിന്റെ ലക്ഷണമാണ്. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന 'അജയന്റെ രണ്ടാം മോഷണ'ത്തിൽ ഞാൻ ടൊവിനോയുടെ നായികമാരിൽ ഒരാളാണ്. എം.ടി സാറിന്റെ ചെറുകഥകൾ സിനിമയാക്കുന്ന പ്രോജക്ടിൽ 'സ്വർഗം തുറക്കുന്ന സമയം', 'ഓളവും തീരവും' എന്നിവയിൽ ഞാനുണ്ട്. വെല്ലുവിളികൾ നൽകുന്ന വേഷങ്ങൾ എനിക്ക് എപ്പോഴും ഇഷ്ടമാണ്. അതിലേക്കുള്ള യാത്ര തുടർന്നുകൊണ്ടേയിരിക്കും. ആ യാത്ര പതുക്കെയാണ് പുരോഗമിക്കുന്നതെന്ന് മാത്രം. അതുവരെ സീരിയൽ താരം, കോമഡി താരം ഒക്കെയായിരുന്ന ആൾക്ക് അപ്രതീക്ഷിതമായിട്ടാണ് ദേശീയ അവാർഡ് ലഭിക്കുന്നത്. അപ്പോൾ എന്നെ എവിടെ പ്ലേസ് ചെയ്യണമെന്നതിലെ കൺഫ്യൂഷൻ മാറിവരുന്നതേയുള്ളൂ. എന്റെയുള്ളിലെ നടിയെ ആത്യന്തികമായി തൃപ്തിപ്പെടുത്തുക എന്നതു തന്നെയാണ് എന്നിലെ ഏറ്റവും വലിയ പ്രതിസന്ധി.
മൂന്നാം ക്ലാസിലെ കൃഷ്ണവേഷക്കാരിയിൽനിന്ന്
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കൃഷ്ണന്റെ വേഷമിട്ടാണ് ഞാൻ ആദ്യമായി നാട്ടിലെ സ്റ്റേജിൽ കയറുന്നത്. നരിക്കുനിയിലെയും എളേറ്റിൽ വട്ടോളിയിലേയുമൊക്കെ നിരവധി വേദികളിൽ മുകുന്ദേട്ടൻ എന്നെ അഭിനയിപ്പിച്ചു. അന്നത്തെ അനുഭവങ്ങൾ മുതൽ ശ്രീശങ്കര സർവകലാശാലയിലെ പ്രഗല്ഭരായ അധ്യാപകരുടെ ശിക്ഷണവുമെല്ലാം ചേർന്നാണ് എന്നിലെ നടിയെ രൂപപ്പെടുത്തിയെടുത്തത്. സിനിമയൊന്നും സ്വപ്നം കണ്ട് തുടങ്ങിയതല്ല. പക്ഷേ, അത് എന്നെ രാഷ്ട്രപതിയുടെ അടുത്തുവരെ എത്തിച്ചു. ഇനിയും ഒരിക്കൽകൂടി അങ്ങനെ സംഭവിക്കണേ എന്ന് ആഗ്രഹിക്കാൻപോലും പറ്റാത്ത വിധം അവിശ്വസനീയമായ നേട്ടം.
'മിന്നാമിനുങ്ങി'ലെ എന്റെ കഥാപാത്രം പറയുന്നുണ്ട്. 'ഇത്രയും കാലം നന്നായി ജീവിച്ചു. അതിന് അർഥമുണ്ടെന്ന് തോന്നുമ്പോഴാണ് യഥാർഥ സന്തോഷം ഉണ്ടാകുന്നത്' എന്ന്. എന്റെ അഭിനയജീവിതത്തിലും ഇത് ബാധകമാണ്. മുത്തമ്മ പോലുള്ള കഥാപാത്രങ്ങളാണ് എന്നിലെ നടിക്ക് അർഥമുണ്ടാക്കിത്തരുന്നത്. പക്ഷേ, കരിയറിൽ മുന്നോട്ടുള്ള പ്രയാണത്തിനും ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ സ്വന്തം അസ്തിത്വം നിലനിർത്താനും എന്റെ ഉള്ളിലുള്ള നടിയെ തൃപ്തിപ്പെടുത്താനുമൊക്കെ എനിക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നുണ്ട്. മുന്നോട്ടുള്ള വഴിയിലെ കല്ലും മുള്ളുമൊന്നും കുറഞ്ഞിട്ടില്ല. പക്ഷേ, കാലുകൾക്ക് ശക്തി കൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.