‘ലെനയ്ക്ക് വട്ടാണെന്ന് പറയുന്നവർക്ക്​ അസൂയ, അവർ ആധ്യാത്മികതയുടെ പുതിയ തലത്തിലേക്ക് എത്തി’ -സുരേഷ്​ ഗോപി

സമൂഹമാധ്യമങ്ങളിലൂടെ നടി ലെനയെ പരിഹസിക്കുന്നവർക്കെതിരെ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ലെനയ്ക്ക് വട്ടാണെന്ന് പറയുന്ന ആളുകൾക്കാണ് യഥാർഥത്തിൽ മനോനില തെറ്റിയിരിക്കുന്നതെന്ന് സുരേഷ് ​ഗോപി പറഞ്ഞു. വലിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ സഹിക്കില്ലെന്നും ഇത്തരം വിമർശനങ്ങൾ അസൂയകൊണ്ടാണെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രജ്യോതി നികേതൻ കോളജിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനിവിടെ 2000–2001 സമയത്ത് വന്നിട്ടുണ്ട്. അന്നിവിടെ ലെന പോസ്റ്റ് ഗ്രാജ്വേഷന് പഠിക്കുകയാണ്. ലെനയാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. പുതുക്കാട് വഴി പോകുമ്പോൾ അതിന്റെ ലാൻഡ്മാർക്ക് കിട്ടിയിരുന്നത് ഈ സ്ഥാപനം കാണുമ്പോഴാണ്. രണ്ടാം ഭാവം പൂർത്തീകരിച്ച്, തെങ്കാശിപ്പട്ടണം സിനിമയുടെ അവസാന രംഗം ചിത്രീകരിച്ച സമയത്ത് കാലിൽ പ്ലാസ്റ്റര്‍ ഇട്ടാണ് അഭിനയിച്ചത്. ആ സമയത്താണ് ഞാൻ ഇവിടെ വരുന്നത്. എല്ലാവരും എന്നെ പിടിച്ചുകൊണ്ടാണ് വന്നത്.

ലെന ആധ്യാത്മികതയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് തനിക്ക് പറയാനുള്ളതെന്ന് സുരേഷ് ​ഗോപി ചൂണ്ടിക്കാട്ടി. ലെനയെ ഒന്ന് വിളിച്ച് വരുത്തണം. ഒരു മതത്തിന്റെ പ്രവർത്തനമായിട്ടല്ല, ലെനയ്ക്ക് മതമില്ല. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിമപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മൾ ഒന്ന് അടിമപ്പെടണം. അതിന് സ്പിരിച്വലിസം അല്ലെങ്കിൽ സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണ്. ലെനയ്ക്ക് എപ്പോളാണ് വരാൻ പറ്റുന്നതെന്ന് നോക്കി ഒരു ഇന്ററാക്‌ഷൻ സെഷൻ ഇവിടെ വയ്ക്കണം. നാട്ടുകാര് പലതും പറയും. വട്ടാണെന്നും കിളി പോയെന്നും പറയും. ആ പറയുന്ന ആളുകളുടെയാണ് കിളി പോയിരിക്കുന്നത്. അവർക്കാണ് വട്ട്. അസൂയ മൂത്ത് തോന്നുന്നതാണ് ഇതൊക്കെയെന്നും സുരേഷ് ​ഗോപി പറഞ്ഞു.

‘വലിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ ചിലർക്ക് സഹിക്കില്ല. അതിനെ രാഷ്ട്രീയത്തിൽ കുരുപൊട്ടുകയെന്ന് പറയും. കുരുവോ കിണ്ടിയോ എന്തുവേണമെങ്കിലും പൊട്ടട്ടെ. നമുക്ക് അതിലൊരു കാര്യവുമില്ല. നല്ല ജീവിതം നമുക്ക് ഉണ്ടാകണം. നല്ല മനസിന്റെ സൃഷ്ടി വേണം. കെട്ടുപോകാതെ മനസിന് എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം. ഇവരൊന്നും മതത്തിന്റെ വക്താക്കളല്ല. ജ​ഗ്​ഗി വാസുദേവിനെപ്പോലെയൊക്കെയുള്ള അമ്പത് പേരുടെ പേര് പറയാം. ഇവരെയൊക്കെ വിളിച്ച് കുട്ടികളുടെ കവചസൃഷ്ടിക്കുവേണ്ടി ഇന്ററാക്ഷൻ നടത്തണം. എല്ലാ കുഞ്ഞുങ്ങളും, ഒരാൾപോലും പാഴാവാതെ രാജ്യത്തിന്റെ വമ്പൻ സമ്പത്തായി തീരട്ടെ. ഇക്കാര്യം ഞാൻ തന്നെ ലെനയെ വിളിച്ചു പറയാം’–സുരേഷ് ഗോപി പറഞ്ഞു.

മാനസികാരോ​ഗ്യത്തെക്കുറിച്ചും മുജ്ജന്മത്തെക്കുറിച്ചുമെല്ലാം നടി ലെന നടത്തിയ പ്രതികരണങ്ങൾ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. താൻ തന്നെയായിരുന്നു തന്റെ സൈക്കോളജിസ്റ്റെന്നും 2017ൽ സ്വയംതീരുമാനിച്ചതുപ്രകാരം മരുന്നുനിർത്തുകയുണ്ടായി എന്നും ലെന പറഞ്ഞിരുന്നു. മുൻജന്മത്തിൽ താൻ ബുദ്ധ സന്യാസിയായിരുന്നെന്നും ലെന അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിമർശനങ്ങൾ ഏറിയതോടെ ലെനയുടെ പരാമർശങ്ങളെ നിഷേധിച്ച് ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ കേരളാഘടകം രം​ഗത്തെത്തിയിരുന്നു.


സുരേഷ്​ഗോപിയുടെ പ്രസ്താവനയെ പരിഹസിച്ച്​ നിരവധിപേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി. ‘രക്​തം രക്​തത്തെ തിരിച്ചറിഞ്ഞു’ എന്നാണ്​ ഒരു യൂസർ കുറിച്ചത്​. ലെന പറയുന്ന കാര്യങ്ങൾ യാഥാർഥ്യങ്ങളോട്​ പുലബന്ധം പോലും ഇല്ലാത്തതാണെന്നും നിരവധിപേർ കുറിച്ചു.

Tags:    
News Summary - suresh gopi support Lena in his latest speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.