‘അവന്റെ പേര് മഹേഷ് എന്നാണ്.അവൻ തിരിച്ചു വരും.നേരത്ത ഉള്ളതിലും കിടിലമായി വരും’

കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയാണ്​. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കയ്പമംഗലത്തെ കാർ അപകടത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മൂന്ന്​ പേരിൽ ഒരാളായ മഹേഷ് മുഖത്തും കയ്യിലും സാരമായ പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്. രണ്ടാഴ്ച ആശുപത്രിവാസത്തിനു ശേഷം വീട്ടിലെത്തിയെങ്കിലും ഇനിയും ചികിത്സകൾ ബാക്കിയാണ്​. തന്‍റെ വിശേഷങ്ങൾ മഹേഷ്​ ഇടക്കിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്​.

ഏഴു സെന്റിലെ പണി തീരാത്ത ചെറിയ വീട്ടിൽ നിന്ന് കഠിന പ്രയത്നത്തിലൂടെ കലാ രംഗത്ത് ഉയർന്നു വരാൻ ശ്രമിക്കുമ്പോഴായിരുന്നു വിധിയുടെ അപ്രതീക്ഷിത പ്രഹരം. കൂലിപ്പണിക്കാരനായ അച്ഛൻ കുഞ്ഞുമോനും അമ്മ തങ്കമ്മയും സഹോദരൻ അജേഷും ഉൾപ്പെടുന്ന കുടുംബത്തിന്റെ അത്താണി ആയിരുന്നു മഹേഷ്. എന്റെ തിരിച്ചുവരവിനായി പ്രാർഥിച്ച എല്ലാവര്‍ക്കും നന്ദി. ഇതൊന്നും കണ്ട് ആരും ടെന്‍ഷനാവരുതെന്നും അടിപൊളിയായി ഞാന്‍ തിരിച്ചുവരുമെന്നും അപകടശേഷം മഹേഷ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം മഹേഷ്​ സ്ഥിരമായി പ​ങ്കെടുത്തിരുന്ന ടെലിവിഷൻ ഷോയായ കോമഡി ഉത്സവത്തിലെ സഹപ്രവർത്തകരായ മിഥുന്‍ രമേഷും പ്രജോദും മഹേഷിനെ സന്ദര്‍ശിച്ചിരുന്നു. ‘അവന്റെ പേര് മഹേഷ് എന്നാണ്, അവന്‍ തിരിച്ചുവരും. നേരത്തെ ഉള്ളതിലും കിടിലമായി അവന്‍ വരുമെന്നാ’യിരുന്നു കൂടിക്കാഴ്​ച്ചയുടെ ചിത്രം പങ്കുവച്ചുകൊണ്ട്​ മിഥുന്‍ കുറിച്ചത്. പോസ്റ്റ്​ പിന്നീട്​ സമൂഹമാധ്യമങ്ങളിൽ വൈറലായി. എത്രയും പെട്ടെന്ന് മഹേഷിനെ സ്റ്റേജില്‍ കാണാന്‍ ആഗ്രഹിക്കുന്നു. എല്ലാവിധ പ്രാര്‍ത്ഥനകളുമുണ്ടെന്നായിരുന്നു കമന്റുകളിൽ അധികവും.

‘മനസ്സ് നിറഞ്ഞ് പ്രാർത്ഥിക്കുന്നു എത്രയും വേഗം തിരികെ വരാൻ. മനസ്സിൽ നന്മയുള്ള ഒരാൾക്ക്‌ പോലും മനസ്സിൽ ഇഷ്ടക്കേട് തോന്നാത്ത നിങ്ങൾ തന്നെ താരം. പടച്ചവൻ അനുഗ്രഹിക്കട്ടെ’, ‘എത്രയും പെട്ടന്ന് സ്വന്തം തട്ടകത്തിലേക്ക് തിരിച്ചുവന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ മഹേഷിന് കഴിയും’, തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

ജൂൺ 5ന് വടകരയിലെ പരിപാടി കഴിഞ്ഞ് സുധി, ബിനു അടിമാലി, ഉല്ലാസ് അരൂർ എന്നിവർക്കൊപ്പം കാറിൽ എറണാകുളത്തേക്കു മടങ്ങവെയാണ് മഹേഷ്​ അപകടത്തിൽപ്പെട്ടത്​. പിൻ സീറ്റിൽ ബിനുവിനൊപ്പമായിരുന്നു യാത്ര. അപകടം നടന്നത് പാതി മയക്കത്തിൽ. ആംബുലൻസിൽ കയറ്റുമ്പോൾ അനുഭവപ്പെട്ട തീവ്ര വേദനയാണ് ഓർമയെ ഉണർത്തിയതെന്നാണ്​ മഹേഷ്​ പിന്നീട്​ പറഞ്ഞത്​. 

Tags:    
News Summary - The Facebook post of the anchor Mithun Ramesh has gone viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.