ബോളിവുഡിന്റെ സൂര്യതേജസ്സിന് ഇന്ന് പിറന്നാൾ...‘ഹാപ്പി ബർത്ത്ഡേ ബിഗ് ബി’

കാര സൗകുമാര്യവും ഘന ഗാംഭീര്യ ശബ്ദവുമായി ഹിന്ദി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് അരങ്ങേറിയ ശേഷം താരപരിവേഷത്തിന്റെ തലയെടുപ്പുകൊണ്ട് ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ‘ഷെഹൻഷ’യായി മാറിയ അമിതാഭ് ബച്ചൻ ഇന്ന് 82ന്റെ നിറവിൽ.

ജീവിത സായാഹ്നത്തിലും ബോളിവുഡിന്റെ ഐക്കൺ ആയി സൂര്യതേജസ്സോടെ തെളിഞ്ഞുകത്തുകയാണ് ബിഗ് ബി. രോഷാകുലനായ ചെറുപ്പക്കാരനായി വെള്ളിത്തിരയെ പ്രകമ്പനം കൊള്ളിച്ച തുടക്കകാലത്തുനിന്നും അഭിനയമുദ്ര പതിപ്പിച്ച അനേക വേഷങ്ങളിലൂടെ ജനമനസ്സുകളിൽ ഇടമുറപ്പിക്കുകയായിരുന്നു അദ്ദേഹം.

സൂപ്പർ ഹീറോയെന്ന താരപരിവേഷത്തിനൊപ്പം തലമുറകൾ ബച്ചനെ ഹൃദ്യമായി നെഞ്ചേറ്റുകയായിരുന്നു. ആ ആരാധന പടർന്നുപന്തലിച്ചപ്പോൾ പാൻ ഇന്ത്യൻ പരിവേഷമുള്ള അഭിനയ പ്രതിഭ ‘ബ്രാൻഡ് അമിതാഭ്’ എന്ന വിശേഷണമുള്ള സൂപ്പർ ബ്രാൻഡ് അംബാസഡറുമൊക്കെയായി മാറിയത് ചരിത്രം.

കാലത്തെയും പാരമ്പര്യങ്ങളെയും രീതികളെയും തോൽപിച്ച് കൊച്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുള്ള മുഴുവൻ ഇന്ത്യക്കാരുടെ മനസ്സിലും അസാമാന്യനായി അമിതാഭ് നിലകൊള്ളുന്നത് ഈ നാട് അയാളെ ചേർത്തുപിടിക്കുന്നതിന്റെ അഴകുറ്റ അടയാളമാണ്. ഹിന്ദി സിനിമ ലോകത്ത് ചക്രവർത്തിയുടെ സിംഹാസനത്തിലേറി നിൽക്കുന്ന താരത്തിന് പകരക്കാരനില്ലെന്നതാണ് സത്യം. ലോകമെമ്പാടുമുള്ള താരത്തിന്റെ ആരാധകർ ജന്മദിനത്തിൽ അദ്ദേഹത്തെ സ്നേഹവും ആശംസകളും കൊണ്ട് പൊതിയുകയാണ്.


ബോളിവുഡിന്റെ ചരിത്രത്തിൽ ഇത്രയും തലയെടുപ്പുള്ള ഒരു നടൻ ഉണ്ടായിട്ടില്ല. ലോക സിനിമയോടൊപ്പം ഹിന്ദി സിനിമയെ ചേർത്തുവെച്ചത് ബച്ചനായിരുന്നു. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ സിനിമയെന്നാൽ അമിതാഭ് ബച്ചനാണ്. ശബ്ദ ഗാംഭീര്യവും ആകാരവും ഒത്തിണങ്ങിയ നടന് ലോകം മുഴുവൻ ആരാധകരുണ്ട്.

റഷ്യ, ഈജിപ്ത്, കാനഡ, ആസ്ട്രേലിയ, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇന്ത്യക്കാരെ കാണുമ്പോൾ ആ നാട്ടുകാർ ചോദിക്കുക ബച്ചനെ കുറിച്ചാണ്. 1942 ഒക്ടോബർ 11ന് അലഹബാദിൽ ഹിന്ദി കവി ഹരിവൻഷ് റായ് ബച്ചന്റെയും സാമൂഹിക പ്രവർത്തക തേജി ബച്ചന്റെയും മകനായി ജനനം. ഉത്തരാഖണ്ഡിലെ നൈനിത്താളിലെ ഷെർവുഡ് കോളേജിലും ഡൽഹി സർവകലാശാലയിലുമാണ് പഠിച്ചത്.


 കൊൽക്കത്തയിൽ ബിസിനസ് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നു അദ്ദേഹം. സിനിമക്കു മുമ്പ് നാടകങ്ങളിലും ബച്ചൻ വേഷമിട്ടിരുന്നു. രോഷാകുലനായ ചെറുപ്പക്കാരനായി തിയറ്റർ സ്ക്രീനുകളെ പ്രകമ്പനം കൊള്ളിച്ച ബച്ചന്റെ ആദ്യ സിനിമ ‘സാത്ത് ഹിന്ദുസ്ഥാനി’ ആയിരുന്നു. ക്വാജ അഹ്മദ് അബ്ബാസ് രചനയും സംവിധാനവും നിർവഹിച്ച് 1969ൽ പുറത്തിറങ്ങിയ ഈ ചി​ത്രം പോർചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ സ്വതന്ത്രമാക്കാൻ ശ്രമിക്കുന്ന ഏഴ് ഇന്ത്യക്കാരുടെ കഥ പറയുന്നു. ശ്രദ്ധിക്കപ്പെട്ട ആ സിനിമക്കു ശേഷം പിന്നീട് 1972ൽ ഇറങ്ങിയ ‘സൻജീറിലെ’ പൊലീസ് ഇൻസ്​പെക്ടർ ‘വിജയ് ഖന്ന’യായി അദ്ദേഹം തിയറ്ററുകളെ അക്ഷരാർഥത്തിൽ ഇളക്കിമറിച്ചു.

‘സൻജീറിനു’ ശേഷമാണ് രോഷാകുലനായ ചെറുപ്പക്കാരൻ ഇമേജ് അദ്ദേഹത്തെ തേടിയെത്തുന്നത്. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല ബച്ചൻ. ദീവാർ (1975), ഷോലെ (1975), ഡോൺ (1978), അഗ്നിപഥ് (1990), പാ (2009), പിങ്ക് (2016), സർക്കാർ (2005), ഷെഹൻഷ (1988) തുടങ്ങി എണ്ണം പറഞ്ഞ നിരവധി ചി​ത്രങ്ങൾ. ആക്ഷൻ ഹീറോ മാത്രമല്ല, സ്വഭാവ നടനായും പ്രതിനായകനായും (പർവാണ, ആൻഖേൻ) ബച്ചൻ തിളങ്ങി.

ആനന്ദ് (1971), സൻജോഗ് (1971), ബൻസി ബിർജു (1972), ഏക് നസർ തുടങ്ങിയ സിനിമകളുടെ ബോക്സോഫീസ് പരാജയത്തിനും അദ്ദേഹത്തിന്റെ സിനിമ ജീവിതം സാക്ഷ്യം വഹിച്ചു. എന്നാൽ പരാജയങ്ങളുടെ ചാരത്തിൽനിന്ന് അദ്ദേഹം പൂർവാധികം ശോഭയോടെ ഫീനിക്സ് പക്ഷിയായി ഉയരുന്നതാണ് സിനിമലോകം പിന്നീടു കണ്ടത്. 1969 മുതൽ വിവിധ ഭാഷകളിലായി അഭിനയിക്കുന്ന അ​ദ്ദേഹത്തിന്റെ പുറത്തിറങ്ങിയ അവസാന സിനിമ ജ്ഞാനവേൽ സംവിധാനം ചെയ്ത ഒക്ടോബർ 10 ന് റിലീസ് ചെയ്ത ‘വേട്ടയ്യൻ’ ആണ്. വേട്ടയ്യനിൽ കുറച്ചു ഭാഗത്തേ ഉള്ളൂവെങ്കിലും തന്റെ ഭാഗം അദ്ദേഹം മികവുറ്റതാക്കി.


 രജനികാന്ത് നായകനായ ഈ ചിത്രം 33 വർഷങ്ങൾക്ക് ശേഷം തമിഴിലെയും ബോളിവുഡിലെയും സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രം കൂടിയാണ്. 200ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം 2010 ൽ മോഹൻലാലിനൊപ്പം ‘കാണ്ഡഹാർ’ എന്ന മലയാള സിനിമയിലും വേഷമിട്ടു. സിനിമക്കു പുറമെ നാലു ഡോക്യുമെന്ററികളിലും സംഗീത ആൽബങ്ങളിലും ബച്ചൻ വേഷമിട്ടിട്ടുണ്ട്. വിജയങ്ങളും പരാജയങ്ങളും ഉണ്ടായെങ്കിലും അദ്ദേഹം ഒരു കാലത്തും സിനിമയിൽനിന്ന് പൂർണമായും ഔട്ട് ആയില്ല. ഇടക്ക് ടെലിവിഷൻ രംഗത്തും ബച്ചൻ ചരിത്രമെഴുതി.


 ‘കോൻ ബനേഗ ക്രോർപതി’ എന്ന അദ്ദേഹത്തിന്റെ ടെലിവിഷൻ പരിപാടി വൻ ജന ശ്രദ്ധ പിടിച്ചുപറ്റി. നർമ രസപ്രധാനമായ സംഭാഷണങ്ങളും കൂർത്ത ചോദ്യങ്ങളും കൊണ്ട് ശ്രദ്ധേയമായ പരിപാടി 2000ത്തിലാണ് തുടങ്ങുന്നത്. ആകെ 16 സീസണുകൾ പൂർത്തിയാക്കിയ പരിപാടിയുടെ മൂന്നാമത്തെ സീസൺ ഒ​ഴികെ മുഴുവനും അവതരിപ്പിച്ചത് ബച്ചനായിരുന്നു.

സീസൺ മൂന്ന് ഷാരൂഖ്ഖാനും അവതരിപ്പിച്ചു. ആദ്യകാല ഹിന്ദി നടി ജയ ഭാദുരിയാണ് ഭാര്യ. മകൾ ശ്വേത ബച്ചൻ, മകൻ അഭിഷേക് ബച്ചൻ. മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യ ബച്ചനും ബോളിവുഡിൽ സജീവമാണ്. ഇനിയും അമിതാഭ് ബച്ചന്റെ സിനിമകൾക്കു വേണ്ടി കാത്തിരിക്കുകയാണ് സിനിമ ഇന്ത്യ. 

Tags:    
News Summary - Today is the birthday of Bollywood's sunshine...'Happy Birthday Big B'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.