ന്യൂഡൽഹി: മയക്കുമരുന്നുകേസിൽ കാമുകിയുടെ സഹോദരൻ അറസ്റ്റിലായ കേസിൽ തന്‍റെ പേര് വലിച്ചിഴക്കാൻ ശ്രമിക്കുന്നതിനെതിരെ ബോളിവുഡ് നടൻ അർജുൻ രാംപാൽ. കേസുമായി ബന്ധമില്ലാത്ത തന്‍റെ പേര് ഇതുമായി കൂട്ടിക്കെട്ടരുതെന്ന് നടൻ അഭ്യർഥിച്ചു.
മയക്കുമരുന്ന് കൈവശം വെച്ചതിന് അർജുൻ രാംപാലിന്‍റെ കാമുകി ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസ് ദിമിത്രിയാദെസിനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ രണ്ടുതവണ ദക്ഷിണാഫ്രിക്കകാരനായ അഗിസിലാവോസിനെ എൻ.സി.ബി പിടികൂടിയിരുന്നു.
'പ്രിയ സുഹൃത്തുക്കളേ, പിന്തുണക്കുന്നവരേ, പൊതുജനങ്ങളെ, ഇന്നത്തെ ഏറ്റവും പുതിയ സംഭവ വികാസത്തിൽ നിങ്ങളെപ്പോലെ തന്നെ ഞാനും ഞെട്ടലിലാണ്. യാതൊരു ബന്ധമില്ലാത്ത കേസിലും എന്‍റെ പേര് വലിച്ചിടുന്നത് നിർഭാഗ്യകരമാണ്. എന്നെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം ഞങ്ങൾ നിയമങ്ങൾ അനുസരിക്കുന്ന പൗരന്മാരാണ്. എന്‍റെ പങ്കാളിയുടെ ബന്ധു ഇൗ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും താനുമായി ഒരു ബന്ധവും ഈ വ്യക്തിയുമായില്ല. ഞാനുമായി ബന്ധമില്ലാത്തതിനാൽ എന്‍റെ പേര് ഉപയോഗിച്ച് തലക്കെട്ടുകൾ സൃഷ്ടിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർഥിക്കുന്നു. ഇത് എന്‍റെ കുടുംബത്തെയും താനുമായി ബന്ധപ്പെട്ട പ്രഫഷനൽ വ്യക്തികളെയും വേദനിപ്പിക്കുകയും ആശങ്കയിലായ്ത്തുകയും ചെയ്യുന്നു' -അർജുൻ രാംപാൽ അറിയിച്ചു.
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരികേസിൽ അഗിസിലാവോസ് നേരത്തേ അറസ്റ്റിലായിരുന്നു. ലഹരിക്കടത്തിന്‍റെ അന്താരാഷ്ട്ര മാഫിയയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നായിരുന്നു നിഗമനം. തുടർന്ന് ജാമ്യത്തിലിറങ്ങിയ ഇയാളെ വീണ്ടും ഡിസംബറിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് എൻ.സി.ബി പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.