മമ്മൂട്ടിയെ പ്രശംസിച്ച് ബോളിവുഡ് താരം വിദ്യ ബാലൻ. കാതൽ എന്ന ചിത്രത്തിൽ മമ്മൂട്ടി ചെയ്തതുപോലെ സ്വവർഗ്ഗാനുരാഗിയായി അഭിനയിക്കാൻ ബോളിവുഡ് താരങ്ങൾക്കോ ഖാന്മാർക്കോ ധൈര്യമില്ലെന്നും കാതൽ പോലുള്ള ചിത്രങ്ങൾ ബോളിവുഡിൽ അസാധ്യമാണെന്നും വിദ്യ ബാലൻ പറഞ്ഞു.
'മലയാള ചിത്രം കാതൽ പോലുളള സിനിമകൾ ബോളിവുഡിൽ അസാധ്യമാണ്. കാരണം കേരളത്തിലെ പ്രേക്ഷകർ സാക്ഷരരാണ്. നാം അത് അംഗീകരിക്കണം. അതൊരു വലിയ വ്യത്യാസമാണ്. കേരളത്തിൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാണ്. അവർ തുറന്ന മനസോടെയാണ് ഇത്തരം കാര്യങ്ങളെ സമീപിക്കുന്നത്. അതുപോലെ സൗത്തിന്ത്യൻ പ്രേക്ഷകർ അവിടത്തെ താരങ്ങളെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് നടന്മാരെ. അതിനാൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നു.
കാതൽ കണ്ടതിന് ശേഷം, പിതാവ് മമ്മൂട്ടിയോട് അഭിനന്ദനം അറിയിക്കാൻ ദുൽഖർ സൽമാന് സന്ദേശം അയച്ചിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറായ അദ്ദേഹം കാതൽ പോലുളള ചിത്രത്തിൽ അഭിനയിക്കുക മാത്രമല്ല നിർമിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, കാതൽ പോലൊരു സിനിമ ചെയ്യാൻ നമ്മുടെ ബോളിവുഡ് താരങ്ങൾക്കൊന്നുംകഴിയുമെന്ന് ഞാൻ കരുതുന്നില്ല.എന്നിരുന്നാലും, പുതിയ തലമുറ ആ സങ്കൽപ്പം തകർക്കുമെന്ന് കരുതുന്നു'- വിദ്യ ബാലൻ പറഞ്ഞു.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കാതൽ. 2023 മെയ് 19 ന് തിയറ്ററിലെത്തിയ ചിത്രത്തിൽ ജ്യോതികയായിരുന്നു നായിക. ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഓമനയായിട്ടാണ് ജ്യോതികയെത്തിയത്. 13 വർഷത്തിന് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിച്ച സിനിമ കൂടിയാണിത്. ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.