പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് ടീസറിന്റെ പ്രീ ടീസർ വരെ ഇറങ്ങുന്ന ഇക്കാലത്ത് ബോളിവുഡ് താരത്രയത്തിലൊരാളായ ആമിർ ഖാന്റെ മകൻ ജുനൈദിന്റെ ആദ്യ സിനിമ പുറത്തിറങ്ങുന്നതായി ആരെങ്കിലും അറിഞ്ഞോ? ജുനൈദ് ഖാൻ നായകനായ ‘മഹാരാജ്’ ഇന്ന് നെറ്റ്ഫ്ലിക്സിൽ റിലീസാവുകയാണ്.
എന്നാൽ, ടീസറോ പ്രമോഷനോ മറ്റൊരു ബഹളവുമില്ലാതെയുള്ള ചിത്രത്തിന്റെ റിലീസിൽ അമ്പരന്നിരിക്കുകയാണ് സിനിമാലോകം. ഏറെ ആദരണീയനായ ഒരു നേതാവിന്റെ മോശപ്പെട്ട പ്രവർത്തനങ്ങൾ വെളിച്ചത്തുകൊണ്ടുവരാനായി രംഗത്തിറങ്ങിയ ധൈര്യശാലിയായ പത്രപ്രവർത്തകന്റെ കഥ പറയുന്ന, യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചരിത്ര സിനിമയാണിത്.
സ്വാതന്ത്ര്യ പൂർവ ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ‘മഹാരാജ് ലൈബൽ കേസ് ഓഫ് 1862’ എന്ന, നിയമവ്യവഹാരമാണ് ചിത്രത്തിന് ആധാരം. ജുനൈദോ, തന്റെ സിനിമകൾക്ക് ഗംഭീര പ്രമോഷനുകൾ ഒരുക്കാറുള്ള പിതാവ് ആമിറോ ചിത്രത്തെപ്പറ്റി ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. ചിത്രത്തിന്റേതായി ആകെ വന്നിരിക്കുന്നത്, സഹതാരമായ ജയ്ദീപ് അഹ് ലവതിനൊപ്പം ജുനൈദ് നിൽക്കുന്ന ഒരു പോസ്റ്റർ മാത്രമാണ്. ഇതെന്തുകൊണ്ടാെണന്നാണ് ബോളിവുഡ് വൃത്തങ്ങൾ ചോദിക്കുന്നത്.
മറ്റു താരപുത്രി-പുത്രൻമാരെപ്പോലെ ജുനൈദിന്റെ ചിത്രങ്ങളോ അഭിമുഖങ്ങളോ ഇതുവരെ കാര്യമായി പുറത്തുവന്നിട്ടില്ല. എന്നാൽ, ബോളിവുഡിൽ സ്വജനപക്ഷപാതിത്വത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വലിയൊരു വിഭാഗം യുവജനങ്ങൾ വിമർശനമുന്നയിച്ചു തുടങ്ങിയതാണ് ഈ രഹസ്യമാക്കലിന് പിന്നിലെന്ന് പറയപ്പെടുന്നു.
ഈയിടെ പുറത്തിറങ്ങിയ, സഞ്ജയ് ലീല ബൻസാലിയുടെ ‘ഹീരാമണ്ഡി’ക്കെതിരെ വിമർശനമുയർന്നിരുന്നു. ചിത്രത്തിൽ ബൻസാലിയുടെ മരുമകൾ പ്രധാന വേഷത്തിലെത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. അഭിനയപാടവമില്ലാത്ത ബന്ധുവിന് പ്രധാനവേഷം നൽകിയത് ബൻസാലിയുടെ പച്ചയായ ‘നെപോട്ടിസ’മാണെന്ന് പലരും പറഞ്ഞു.
അതേസമയം, ആമിർ ഖാനുമായി ബന്ധമുള്ള ഏതിനെതിരെയും വാളെടുക്കുന്ന തീവ്ര ഹിന്ദുത്വ സംഘങ്ങളുടെ ഭീഷണി ഭയന്നാണ് ‘മഹാരാജി’ന്റെ പതിഞ്ഞ തുടക്കമെന്നും പറയപ്പെടുന്നു. ഇക്കാര്യം ശരിവെക്കുന്നവിധം, ‘മഹാരാജ്’ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി വിദ്വേഷപ്രചാരണത്തിനു കുപ്രസിദ്ധയായ സാധ്വി പ്രാചി ഇന്നലെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
സനാതനധർമത്തെ അപമാനിക്കുന്ന ചിത്രം നിരോധിക്കണമെന്നാണ് പ്രാചിയുടെ ആവശ്യം. ചുരുക്കിപ്പറഞ്ഞാൽ, സാമൂഹിക പരിഷ്കാരവും സ്ത്രീ അവകാശങ്ങളും ചർച്ചചെയ്യുന്ന സിനിമക്കെതിരെ തീവ്രവിഭാഗങ്ങൾ ഇളകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.