ജോൺ സീന

ഡബ്ല്യു.ഡബ്ല്യു.ഇയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജോൺ സീന

ബ്ല്യു.ഡബ്ല്യു.ഇയിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് പ്രമുഖ താരം ജോൺ സീന. 2025ഓടെ താൻ ഡബ്ല്യു.ഡബ്ല്യു.ഇയുടെ റിങ്ങിൽ നിന്ന് വിടവാങ്ങുമെന്നാണ് 47കാരനായ ജോൺ സീന പ്രഖ്യാപിച്ചിരിക്കുന്നത്. ഡബ്ല്യു.ഡബ്ല്യു.ഇ ടൊറന്‍റോയിൽ സംഘടിപ്പിച്ച 'മണി ഇൻ ദ ബാങ്ക്' വിനോദ ഗുസ്തി പരിപാടിയിൽ അപ്രതീക്ഷിതമായെത്തിയാണ് താരം വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

'മൈ ടൈം ഈസ് നൗ' (ഇതാണ് എന്‍റെ സമയം) എന്ന തന്‍റെ പ്രശസ്തമായ ഉദ്ധരണിയെ ഓർമിപ്പിച്ച് 'ദ ലാസ്റ്റ് ടൈം ഈസ് നൗ' (ഇതാണ് അവസാന സമയം) എന്നെഴുതിയ ടവ്വലുമായാണ് ജോൺ സീന ടൊറന്‍റോയിലെ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. 'ജോൺ സീന ഫെയർവെൽ ടൂർ' എന്ന് ഷർട്ടിൽ എഴുതിയിട്ടുമുണ്ടായിരുന്നു. ഏറെ വൈകാരികമായാണ് ജോൺ സീന തന്‍റെ വിരമിക്കൽ പ്രഖ്യാപിച്ചത്. അപ്രതീക്ഷിത പ്രഖ്യാപനത്തിൽ ഞെട്ടിയ ആരാധകർ 'നോ, നോ' എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.

2025ൽ റോയൽ റംബ്ൾ, എലിമിനേഷൻ ചേംബർ, ലാസ് വെഗാസിൽ നടക്കുന്ന റെസിൽമാനിയ 41 എന്നീ പരിപാടികളിൽ കൂടി പങ്കെടുത്താണ് താൻ വിടവാങ്ങുകയെന്ന് ജോൺ സീന വ്യക്തമാക്കി.

2002ലാണ് അമേരിക്കൻ വിനോദ ഗുസ്തി ലീഗായ ഡബ്ല്യു.ഡബ്ല്യു.ഇ (വേൾഡ് റെസ്ലിംങ് എന്‍റർടെയിൻമെന്‍റ്) യിലേക്ക് ബോഡി ബിൽഡറായ ജോൺ സീന കടന്നുവരുന്നത്. പിന്നീട്, റിങ്ങിലെ എക്കാലത്തെയും പ്രമുഖ താരമായി വളരുകയായിരുന്നു. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള താരംകൂടിയാണ്.

ഡബ്ല്യു.ഡബ്ല്യു.ഇയിൽ 17 തവണ ചാമ്പ്യനാണ്. മൂന്ന് തവണ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യനും രണ്ട് തവണ വേൾഡ് റ്റാഗ് ടീം ചാമ്പ്യനുമായിട്ടുണ്ട്. 2007ൽ റോയൽ റമ്പിളിലും ജോൺ സീന വിജയിച്ചിരുന്നു.

നടൻ കൂടിയായ ജോൺ സീന 96-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയില്‍ പൂര്‍ണനഗ്‌നയായി പ്രത്യക്ഷപ്പെട്ടിരുന്നു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നല്‍കാനായാണ് നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകൊണ്ട് നഗ്നത മറച്ച് സീന വേദിയിലെത്തിയത്. സിനിമയിൽ വസ്ത്രാലങ്കാരത്തിനുള്ള പ്രാധാന്യം കാണിക്കാനായിരുന്നു താൻ ഇങ്ങനെ ചെയ്തതെന്ന് ജോൺ സീന വിശദീകരിച്ചിരുന്നു.

സൂയിസൈഡ് സ്വാക്ഡ്, ഫാസ്റ്റ് എക്സ്, ദ ഇൻഡിപെൻഡന്‍റ്, ദ മറൈൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. യൂ കാണ്ട് സീ മി എന്ന സംഗീത ആൽബവും പുറത്തിറക്കി. 

Tags:    
News Summary - WWE Legend John Cena Announces Retirement After 20 Years In The Ring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.