ഷാറൂഖ് ഖാൻ ചിത്രമായ പത്താന് ശേഷം സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൽമാന്റെ ടൈഗർ 3. യഷ് രാജ് ഫിലിംസ് നിർമിക്കുന്ന ചിത്രം നവംബർ 12 ന് ദീപാവലി റിലീസായിട്ടാണ് തിയറ്ററുകളിൽ എത്തുന്നത്. ഇതാദ്യമായിട്ടാണ് ഒരു ബോളിവുഡ് ചിത്രം ദീപാവലി ദിനത്തിൽ റിലീസ് ചെയ്യുന്നത്. അധികവും ബോളിവുഡ് ചിത്രങ്ങൾ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങുന്നത്. വിശ്വാസപ്രകാരം ദീപാവലി/ ലക്ഷ്മി പൂജ ദിവസത്തിൽ ചിത്രങ്ങൾ റിലീസ് ചെയ്യില്ല. വീക്ക് ഡേയായിട്ടാണ് ഈ ദിനങ്ങളെ കാണുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ടൈഗർ 3 എത്തുന്നത്.
ഇപ്പോഴിതാ ഞായറാഴ്ചയും ദീപാവലി ദിനമായ നവംബർ 12 ന് ചിത്രം റിലീസ് ചെയ്യുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് യഷ് രാജ് ഫിലിംസിന്റെ ഡിസ്ട്രിബ്യൂഷൻ ഹെഡ് റേഹൻ മൽഹോത്ര. ടൈഗർ 3 റിലീസ് ചെയ്യാൻ യോജിച്ച ദിനമാണ് നവംബർ 12എന്നാണ് റേഹൻ പറയുന്നത്.
'പരമ്പരാഗത രീതികൾ പിന്തുടരുന്നത് വളരെ നല്ലകാര്യമാണ്. എന്നാൽ അതിന്റെ ആവശ്യമില്ലെങ്കിൽ പിന്തുടരേണ്ടെന്ന് വിശ്വസിക്കുന്ന ആളണ് ഞാൻ. സിനിമയുടെ ഓപ്പണിങ് കളക്ഷനല്ല , അവസാനം ലഭിക്കുന്ന ലാഭത്തിനാണ് ഞങ്ങൾ പ്രധാന്യം കൊടുക്കുന്നത്. ഞങ്ങൾക്ക് അത്രയേറെ പ്രതീക്ഷയുളള ചിത്രമാണ് ടൈഗർ 3. ഒരു സിനിമ റിലീസ് ചെയ്യാൻ ഏറ്റവും ദുർബലമായ ദിവസമായി കണക്കാക്കപ്പെടുന്ന ലക്ഷ്മി പൂജ ദിനമാണ് ഞങ്ങളുടെ സിനിമ പുറത്തിറക്കാൻ കൂടുതൽ അനുയോജ്യമായത്. കാരണം സൽമാൻ ഭായിയെ ഞങ്ങൾ അത്രയേറെ വിശ്വസിക്കുന്നു -റോഹൻ തുടർന്നു.
ഈ വർഷം ജനുവരി 25 നാണ് ഞങ്ങളുടെ ചിത്രമായ പത്താൻ റിലീസ് ചെയ്തത്. പരമ്പരാഗതമായി തുടർന്നു വന്നിരുന്ന രീതിയായിരുന്നെങ്കിൽ ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഞങ്ങൾ ചിത്രം റിലീസ് ചെയ്യുമായിരുന്നു, ഞങ്ങൾ സിനിമയുടെ ലൈഫ് ടൈം ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പത്താൻ ഞങ്ങൾക്ക് മികച്ച വിജയം നേടി തന്നു-റോഹൻ കൂട്ടിച്ചേർത്തു.
2012 ൽ പുറത്തിറങ്ങിയ സൽമാൻ ഖാന്റെ' എക് ഥാ ടൈഗറി'ന്റെ തുടർച്ചയാണ് ടൈഗർ3. 2017 ടൈഗർ സിന്ദാ ഹെ എത്തിയിരുന്നു ചിത്രത്തിൽ അവിനാഷ് സിങ് റാത്തോഡ് എന്ന കഥാപാത്രത്തെയാണ് സൽമാൻ അവതരിപ്പിക്കുന്നത്. കത്രീന കൈഫാണ് നായിക. ഇമ്രാൻ ഹാഷ്മിയാണ് ചിത്രത്തിലെ വില്ലൻ. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര രൺവീർ ഷൂരേ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിൽ പത്തനായി ഷാറൂഖ് ഖാൻ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.