ജോൺ എബ്രഹാമിന്റെ 'അമ്മ അറിയാൻ' സിനിമയിലെ നായിക ഇവിടെയുണ്ട്; ഡോ. മാജി -അഭിമുഖം

ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ സിനിമയിൽ നായക കഥാപാത്രമായ പുരുഷന്റെ(ജോയ് മാത്യു) നായികയായി അഭിനയിച്ച ഡോ. മാജി ഇന്ന് അഭിനയത്രിയില്ല. പകരം മലപ്പുറം കൊണ്ടോട്ടിയിലെ മാജി ഡോക്ടറാണ്. ഭാവനയേയും സംഭവങ്ങളേയും ഇഴ‌ചേർക്കുന്ന സങ്കേതത്തിന്റെ ഭാഗമായ, നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രത്തിന്റെയും സംവിധായകന്റെയും ഓർമ്മകൾ പങ്ക് വെക്കുകയാണ് ഡോ. മാജി

നൈസർഗ്ഗീകതയെ സ്നേഹിച്ച ജോൺ എബ്രഹാം

 ആളുകളിൽ നിന്ന് ശേഖരിച്ചാണ് അമ്മ അറിയാൻ സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്. നമ്മുടെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും നമ്മളതൊക്കെ പങ്ക് വെക്കുക നമ്മുടെ അമ്മയോടായിരിക്കും. അത്തരത്തിൽ, ഈ സിനിമ നടക്കുന്ന കാലത്തെ കാലികമായ വിഷയങ്ങൾ മാതൃരാജ്യത്തോട് തുറന്ന് പറയാൻ ശ്രമിക്കുന്ന പുരുഷുവിന്റെ ജീവിതമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഈ സിനിമയിലെ അമ്മ എന്ന് പറയുന്നത് വാസ്തവത്തിൽ മാതൃരാജ്യമാണ്. അത്തരത്തിൽ മാതൃരാജ്യത്തിൽ നടക്കുന്ന കാര്യങ്ങൾ അമ്മയോട് പറയുംപോലെ അതിശയോക്തി ഒന്നും കലർത്താതെ പച്ചയായ സത്യമായി വിളിച്ചു പറയാൻ ശ്രമിക്കുന്ന ഒരാളാണ് പുരുഷൻ എന്ന നായകൻ. മെഡിക്കൽ കോളേജിൽ 2 രൂപ പാസ്സ് എടുത്തു രോഗികളെ കാണാൻ പറ്റാത്ത അത്രത്തോളം ദാരിദ്ര്യത്തിൽ ജീവിക്കുന്ന ബൈസ്റ്റാൻഡേഴ്സിനെയൊക്കെ ജോൺ എബ്രഹാം അക്കാലത്തു ശ്രദ്ധിക്കാറുണ്ടായിരുന്ന. ഒരുപാട് നേരം കാത്തു നിന്നാൽ മാത്രമേ ആ ബൈസ്റ്റാൻഡേഴ്സിന് രോഗികളെ കാണാൻ പറ്റാറൊള്ളൂ. ഒരുപക്ഷെ രാവിലെ മുതൽ വൈകുന്നേരം വരെയൊക്കെ കാത്തു നിന്നാൽ ആയിരിക്കും അവസാനം അവർക്കാ ഗേറ്റ് ഒന്ന് തുറന്ന് കിട്ടുക. ആ സമയം വരെ ആശുപത്രിയിലെ രോഗികളെ കുറിച്ചോർത്തു അവർ അനുഭവിക്കുന്ന ആശങ്ക, രോഗികളെ കാണാൻ പറ്റുമ്പോൾ ഉണ്ടാകുന്ന നിർവൃതി എല്ലാം അദ്ധ്യേഹത്തിന്റെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു. അത്തരത്തിൽ, തന്റെ ഉള്ളിൽ ഉള്ള മാനസികാവസ്ഥ, ആശങ്ക എല്ലാം അതുപോലെ സിനിമയിൽ കൊണ്ട് വരാൻ ശ്രമിക്കുകയായിരുന്നു ജോൺ എബ്രഹാം. ഒന്നിലും യാതൊരുവിധ കൃത്രിമത്വവും കാണിച്ചിട്ടില്ല. സ്വഭാവികതയാണ് ജോണിന് ആവശ്യം. എനിക്ക് അഭിനയിക്കാനറിയില്ല എന്ന് പറഞ്ഞപ്പോൾ പോലും ജോൺ പറഞ്ഞത് ‘എനിക്കത് തന്നെയാണ് ആവശ്യമെന്നാണ്’. അഭിനയം അറിയാത്ത, ഒരു നൈസർഗ്ഗീകതയാണ് ജോൺ ഇഷ്ടപ്പെട്ടത്.


ജോൺ എബ്രഹാം ഒരു വേഴ്‌സറ്റൈൽ ജീനിയസ്

നമ്മളൊക്കെ വിചാരിക്കുന്നതിനും എത്രയോ അപ്പുറം നിൽക്കുന്ന മനുഷ്യനാണ് ജോൺ എബ്രഹാം. ഒരു വേഴ്സറ്റൈൽ പേഴ്സൺ എന്ന് പറയാം. നമ്മളൊരു മെഡിക്കൽ സംബന്ധമായ കാര്യം സംസാരിച്ചാൽ പോലും അതിനെപ്പറ്റി ആഴത്തിൽ സംസാരിക്കാൻ ജോണിന് അറിയാം. ആദ്ദേഹത്തിന് എല്ലാത്തിനെപ്പറ്റിയും അറിയാം. അദ്ദേഹം ഒരു വേഴ്‌സറ്റൈൽ ജീനിയസാണ്. "ജനങ്ങളുടെ ചലച്ചിത്രം" നിർമ്മിക്കണമെന്ന് ആശിച്ചുകൊണ്ട് "ഒഡേസ കളക്ടീവ്" എന്ന ഒരു സം‌രംഭത്തിന് ജോൺ അടക്കമുള്ള ഒരു കൂട്ടം സുഹൃത്തുക്കൾ ‌ രൂപം നൽകിയെങ്കിലും കാലാന്തരത്തിൽ അത് ശിഥിലമാവുകയാണുണ്ടായത്. ജോണിന്റെ മരണത്തോടെയാണ് അതിനൊരു തകർച്ച വരുന്നത്.

ഏതൊരു സംവിധായകനും തന്റെ സിനിമയുടെ പ്രൊഡ്യൂസറുമായി ഒരു സാമ്പത്തിക ബാധ്യത നിലനിൽക്കുന്നോളം കാലം അയാൾക്ക് നഷ്ട്ടപെടുന്നത് തന്റെ കലാസൃഷ്ടിക്ക് മുകളിലുള്ള ഫ്രീഡമാണ്. ജോൺ എബ്രഹാമിനാണെങ്കിൽ കുറേ സത്യങ്ങൾ പറയാനുണ്ട്. ആ സത്യങ്ങൾ ഉൾകൊള്ളാൻ കഴിയുന്ന ഒരു പ്രൊഡ്യൂസറും ഇവിടെയില്ലെന്ന നിഗമനമുള്ളയാൾ കൂടിയാണ് ജോൺ. അങ്ങനെയാണ് കളക്റ്റീവ് ആയി ലാഭം പ്രതീക്ഷിക്കാതെ ജനങ്ങളെ പണം ഉപയോഗിച്ച് ജോൺ സിനിമ ചെയുന്നത്. കാരണം സത്യങ്ങൾ കേൾക്കാൻ ജനങ്ങൾക്കും താല്പര്യമുണ്ട്. അവർ ഒരിക്കലും സംവിധായകന്റെ സ്വാതന്ത്ര്യത്തിലേക്ക് കടന്നു വരില്ല. അവരിൽ നിന്നും കിട്ടുന്ന ഓരോ തുകക്കും ജോൺ നല്ല മൂല്യം നൽകിയിരുന്നു. അതുകൊണ്ട് തന്നെ നൈസർഗീകമായ ഒരു സിനിമയായാണ് ജോൺ അമ്മ അറിയാൻ സിനിമ എടുത്തിരിക്കുന്നത്. ജോണിന്റെതാണെങ്കിൽ തികച്ചും അപ്രതീക്ഷിതമായ ഒരു മരണമായിരുന്നല്ലോ. കോഴിക്കോട് ഒരു ഹോട്ടലിന്റെ ടെറസിന്റെ മുകളിൽ നിന്ന് വീണു ജോണിനെ മെഡിക്കൽ കോളേജിൽ കൊണ്ട് വരുമ്പോൾ പോലും അത് ജോൺ ആണെന്ന് ആർക്കുമറിയില്ലായിരുന്നു. മരണപ്പെട്ടത് ജോൺ ആണെന്നൊക്കെ ഞങ്ങൾ പോലുമറിയുന്നത് പിന്നെയും ഒരുപാട് കഴിഞ്ഞാണ്.

 ജോൺ എബ്രഹാമിൽ നിന്നും സമ്മാനം സ്വീകരിച്ച കാലം

കോഴിക്കോട് മെഡിക്കൽ കോളേജിൽ എം ബി ബി എ എസ് മൂന്നാം വർഷം പഠിക്കുന്ന കാലത്താണ് ഞാൻ അമ്മ അറിയാൻ എന്ന സിനിമയിൽ അഭിനയിക്കുന്നത്. ജോൺ എബ്രഹമിനെ എനിക്ക് മുൻപേ തന്നെ പരിചയമുണ്ടായിരുന്നു. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ലളിതഗാന മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് ജോൺ എബ്രഹാമിന്റെ കൈയിൽ നിന്ന് സമ്മാനങ്ങൾ ഒക്കെ വാങ്ങിയിരുന്നു. അന്നത്തെ ആ ഫോട്ടോ ഒക്കെ എന്റെ കൈയിലുണ്ടായിരുന്നു. പിന്നീട് ഞാൻ മെഡിക്കൽന് പഠിക്കുന്ന കാലത്ത് ഹോസ്പിറ്റലിൽ ലിവർ സിറോസിസ് കാരണം അഡ്മിറ്റ് ചെയ്ത് കിടക്കുന്ന ആദ്ദേഹത്തെ വീണ്ടും കണ്ടു മുട്ടുകയായിരുന്നു. അന്ന് കണ്ടപ്പോൾ പരിചയപ്പെട്ടു. തുടർന്നാണ് ആ പഴയ ഫോട്ടോ ഞാനദ്ദേഹത്തിന് കാണിച്ചു കൊടുക്കുന്നത്. ആ സമയത്ത് അമ്മ അറിയാൻ സിനിമ ചെയ്യാനുള്ള ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം. ഒരുദിവസം എന്നോട് പറഞ്ഞു അതിലെ നായകനായ പുരുഷന്റെ സുഹൃത്തായ പാറു എന്ന എന്ന കഥാപാത്രത്തിന് പറ്റിയ മുഖമാണ് എനിക്കെന്ന്. ദേവീസങ്കല്പത്തെ കുറിച്ച് ഗവേഷണം നടത്തുന്ന വിദ്യാർഥിനിയാണ് പാറു എന്ന പാർവ്വതി. അങ്ങനെയാണ് ആ സിനിമയിലേക്ക് അഭിനയിക്കാൻ വിളിക്കുന്നത്

ജോൺ എബ്രഹാം സിനിമയിലഭിനയിക്കാൻ കാരണം

ആദ്യമായാണ് ഞാനൊരു സിനിമയിൽ അഭിനയിക്കുന്നതെങ്കിലും അങ്ങനെ പ്രത്യേകിച്ചൊരു ബുദ്ധിമുട്ടൊന്നും അന്നെനിക്ക് തോന്നിയിരുന്നില്ല. കാരണം അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് മുഖ്യധാരാ സിനിമകളിലെ നായികമാരെ ഒന്നും വേണ്ട, വളരെ നോർമൽ ആയി മാത്രം മാജി ക്യാമറക്ക് മുൻപിൽ നിന്നാൽ മതിയെന്നാണ്. അങ്ങനെ ഒരു നായികയെയാണ് ആവശ്യമെന്നാണ്. അദ്ദേഹത്തിന് അഭിനയം തന്നെ ആവശ്യമില്ല. അതോണ്ട് എനിക്ക് ഒരിക്കലും ടെൻഷൻ തോന്നിയിട്ടുമില്ല. ഒരു സംവിധായകൻ, അഭിനേത്രി എന്ന പോലൊന്നുമല്ല ഞങ്ങൾ ഇടപഴകിയിട്ടുള്ളത്. വളരെ നോർമലായ ഇടപെടലാണ് എപ്പോഴും ഉണ്ടായിട്ടുള്ളത്. സിനിമയിൽ നായികയാവുക എന്ന താല്പര്യമൊന്നും എനിക്കുണ്ടായിട്ടില്ല. ജോൺ എബ്രഹാം വലിയ വലിയ ക്ലാസിക്കൽ മൂവീസ് എടുക്കുന്ന ആളായത് കൊണ്ടാണ് അദ്ദേഹത്തിന്റെ മൂവിയിൽ ഞാൻ അഭിനയിച്ചത്. അത് വലിയൊരു പ്രിവിലേജാണെന്ന ബോധ്യമാണ് അതിന്റ കാരണം. എന്റെ വീട്ടിലും അഭിനയത്തിന് സമ്മതിക്കാനുള്ള കാരണം അതായിരുന്നു. അതിന് ശേഷം ഞാൻ മെഡിക്കൽ ഫീൽഡിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു. പക്ഷെ അദ്ദേഹം പറഞ്ഞിരുന്നു; ആദ്ദേഹത്തിന്റെ തുടർച്ചിത്രങ്ങളിലും എന്നെ വിളിക്കുമെന്ന്. അപ്പോഴേക്കും അദ്ദേഹം മരിക്കുകയും ചെയ്തു. പിന്നെ വേറെ ആരും അവസരങ്ങളുമായി സമീപിച്ചിട്ടില്ല. സിനിമയിൽ തുടരുക എന്ന മോഹം എനിക്കും ഇല്ലായിരുന്നു. അങ്ങനെ ഞാൻ ഗൈനക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ചു.

മകൻ ആഷിക് കെ. നവൽ,ഭർത്താവ് ഡോ. കുഞ്ഞഹമ്മദ്

അറിയപ്പെടാതെ പോയ സിനിമ

സത്യത്തിൽ ഈ സിനിമ അങ്ങനെ അറിയപ്പെട്ടിരുന്ന ഒരു സിനിമയൊന്നുമല്ലായിരുന്നു അക്കാലത്ത്. സിനിമ പുറത്തു വരുന്ന കാലത്ത് തന്നെ ജോൺ എബ്രഹാം മരണപ്പെടുകയും ചെയ്തല്ലോ. അതുകൊണ്ടൊക്കെ തന്നെ ഇതങ്ങനെ കൂടുതൽ ആളുകളിലേക്ക് എത്തിയിട്ടില്ലായിരുന്നു. പിന്നെ ഒരു മുഖ്യധാര സിനിമക്ക് കിട്ടുന്ന സ്വീകാര്യത ഒന്നും സ്വഭാവികമായും ഈ സിനിമക്ക് കിട്ടില്ലല്ലോ. പിൽക്കാലത്തു അദേഹത്തിന്റെ കഴിവുകളും മറ്റും ആളുകൾ അംഗീകരിച്ചു തുടങ്ങിയപ്പോഴാണ് ഈ സിനിമ ഒക്കെ കൂടുതൽ ആളുകൾ അറിയാൻ തുടങ്ങിയത്. ഇന്ത്യൻ പനോരമയിലേക്ക് സെലെക്ട് ചെയ്തു ഏഴ് അവാർഡുകൾ ഒക്കെ കരസ്ഥമാക്കിയ സിനിമയാണിത്. പക്ഷെ ആ പബ്ലിസിറ്റി ഒന്നും സിനിമക്കന്ന് കിട്ടിയില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ ചരമദിനത്തിന്റെ ഭാഗമായി നടക്കുന്ന അനുസ്മരണ പരിപാടികളിലൊക്കെ ഈ സിനിമ എല്ലാ വർഷവും പ്രദർശിപ്പിക്കാറുണ്ട്. പിന്നെ കേരളത്തിൽ തിയറ്ററുകൾക്കുപകരം, 16 എം.എം. സ്ക്രീനുകളിലാണ് ഈ സിനിമ പ്രദർശിപ്പിച്ചിരുന്നത്. ഈയൊരു സമയത്ത് തന്നെ കളർ ചിത്രങ്ങളും രംഗപ്രവേശം ചെയ്തതുകൊണ്ട് ആ സിനിമയെക്കുറിച്ച് പൊതുജനം അറിഞ്ഞതുമില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം.

ജോയ് മാത്യുവിന്റെ ആദ്യ നായിക

ജോയ് മാത്യുവുമായി അക്കാലത്ത് എനിക്കത്ര പരിചയമൊന്നുമില്ലായിരുന്നു. അമ്മ അറിയാൻ സിനിമയിലൂടെയാണ് ജോയ് മാത്യു ആദ്യമായി നായകനായി വരുന്നത്. ഞാൻ അതിൽ ജോയ് മാത്യു ചെയ്ത പുരുഷൻ എന്ന കഥാപാത്രത്തിന്റെ നായികയും. ഞങ്ങൾ ലൊക്കേഷനിൽ വന്നു ഞങ്ങളുടെ കഥാപാത്രം അഭിനയിച്ചു പോവുക എന്നതായിരുന്നു അന്നത്തെ പരിപാടി. പിന്നീട് കുറെ കാലത്തേക്ക് ജോയ് മാത്യുവിനെ പറ്റി വലിയ അറിവില്ലായിരുന്നു. പിന്നീട് ഒരുപാട് വർഷങ്ങൾക്ക് ശേഷം ജോയ് മാത്യു മുഖ്യധാരാ സിനിമകളുടെ ഭാഗമായി വന്നപ്പോഴാണ് ആദ്ദേഹത്തെ പറ്റി എന്തെങ്കിലുമൊക്കെ അറിവ് ലഭിക്കുന്നത്. പിന്നീട് ജോയ് മാത്യുവിന്റെ മകന്റെ കല്യാണത്തിനെന്നെ വിളിച്ചപ്പോൾ ഞാൻ പോയിരുന്നു. പഴയ ആ ബന്ധം പുതുക്കുന്നത് അങ്ങനെയാണ്. എന്നെ നേരിൽ കണ്ടപ്പോൾ അദ്ദേഹമന്ന് ശരിക്കും സർപ്രൈസ്ഡായിരുന്നു.

കുടുംബം

ഭർത്താവ് കുഞ്ഞഹമ്മദ് ഡോക്ടർ ആണ്. ഒഡേസ സംഘത്തിൽ അദ്ദേഹവും അക്കാലത്തുണ്ടായിരുന്നു. മക്കൾ ആഷിക് കെ. നവൽ, കാജൽ കെ. നവൽ. രണ്ടു പേരും ഡോക്ടർമാരാണ്. ആഷിഖിനും കലയുടെ സ്പർശമുണ്ട്. ആഷിക് ഡി ഫോർ ഡാൻസ് എന്ന പ്രശസ്ത നൃത്ത റിയാലിറ്റി ഷോയിലെ മത്സരാർത്തിയായിരുന്നു.

Tags:    
News Summary - John Abraham Amma Ariyan Movie Actress Dr Maji Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.