'മകളുടെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക നല്‍കാന്‍ ഞാന്‍ തയാറാണ്. പക്ഷേ, ചികിത്സക്കുള്ള പണം വേണ്ടേ. സഹായിക്കാമെന്നേറ്റ് വന്നവര്‍ പോലും പറ്റിച്ചു കടന്നുകളയുകയായിരുന്നു' -ഇത് സിനിമയിലെ ഡയലോഗല്ല. പക്ഷേ, പറയുന്നത് സിനിമയിലെ ഒറ്റ ഡയലോഗിലൂടെ ശ്രദ്ധേയമായൊരു അഭിനേത്രിയാണ്. വിമല നാരായണന്‍ എന്ന പേര് കേട്ടാല്‍ മലയാളി പെട്ടെന്ന് തിരിച്ചറിഞ്ഞേക്കില്ലെങ്കിലും, 'സാറാസി'ലെ 'അമ്മായി' എന്ന് പറഞ്ഞാല്‍ വേഗം തിരിച്ചറിയാനാകും. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സിനിമയിലെ 'ആ, ഇത് മറ്റേതാ, ഫെമിനിസം' എന്ന ഡയലോഗിലൂടെയും മനോഹരമായ അഭിനയത്തിലൂടെയും ശ്രദ്ധയാകര്‍ഷിച്ച വിമലയുടെ ജീവിതം പക്ഷേ സിനിമ പോലെ മനോഹരമല്ല.
എറണാകുളം തേവര സ്വദേശിയായ വിമല വൃക്കരോഗിയായ മകളുടെ ചികിത്സക്കായി പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. സിനിമയില്‍ ചെയ്തിട്ടുള്ളത് ചെറിയ വേഷങ്ങള്‍ മാത്രം. ജീവിക്കാന്‍ വേണ്ടി പല ജോലികളും ചെയ്തു. മകള്‍ക്ക് വൃക്ക നല്‍കാന്‍ ഈ അമ്മ തയാറാണെങ്കിലും ചികിത്സക്കുള്ള പണം കണ്ടെത്താന്‍ ഇവര്‍ക്കായിട്ടില്ല.
മൂത്തമകളാണ് രണ്ട് വൃക്കകളും തകരാറിലായി ചികിത്സ കാത്ത് കഴിയുന്നത്. ശസ്ത്രക്രിയക്കും മറ്റുമായി 11 ലക്ഷത്തോളം രൂപ വേണം. രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. ഭര്‍ത്താവ് നാരായണന്‍ നേരത്തെ തന്നെ മരിച്ചു. വിമലയുടെ ചിറകിന് കീഴിലാണ് രണ്ട് കുട്ടികളും വളര്‍ന്നത്.
ജീവിക്കാന്‍ വേണ്ടി പല ജോലികളും ചെയ്തിട്ടുണ്ട് വിമല. അച്ചാറുകളും ഷാംപുവും കൊണ്ടുനടന്ന് വിറ്റിട്ടുണ്ട്, കോയമ്പത്തൂരില്‍ നിന്ന് സാരി എത്തിച്ച് വീടുകള്‍ തോറും നടന്ന് വിറ്റിട്ടുണ്ട്. ഇതിനിടെ സ്വന്തം വീട് വില്‍ക്കേണ്ടിവന്നതോടെ വാടകവീട്ടിലേക്ക് താമസം മാറേണ്ടിവന്നു.
ആറ് വര്‍ഷം മുമ്പാണ് മകള്‍ക്ക് വൃക്കരോഗം സ്ഥിരീകരിച്ചത്. ഡയാലിസിസിലൂടെയാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍, ഇപ്പോള്‍ അതിന് പോലും വഴിയില്ലാത്ത അവസ്ഥയാണ്. ആരെങ്കിലും സഹായിച്ചാലല്ലാതെ മകളുടെ ജീവന്‍ നിലനിര്‍ത്താനാവില്ല -കണ്ണീരോടെ വിമല പറയുന്നു.
പല ജോലികള്‍ നോക്കുന്നതിനിടെയാണ് സിനിമ യൂണിറ്റില്‍ ജോലി ചെയ്യാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നത്. ഇതായിരുന്നു അഭിനയത്തിലേക്കുള്ള വഴി. മഹേഷിന്റെ പ്രതികാരം ഉള്‍പ്പെടെ സിനിമകളില്‍ ചെറിയ വേഷം ചെയ്തു. രണ്ട് തമിഴ്‌സിനിമയിലും മുഖം കാണിച്ചു. ചെറിയ വേഷങ്ങളായതിനാല്‍ വലിയ പ്രതിഫലമൊന്നും ലഭിക്കില്ല. 7000 രൂപയാണ് ഏറ്റവും വലിയ പ്രതിഫലമായി ലഭിച്ചത്. കോവിഡ് കാരണം അഭിനയവും നിലച്ചു.
അതിനിടെ, സഹായിക്കാമെന്നേറ്റ് വന്നവര്‍ പറ്റിച്ചു കടന്ന ദുരനുഭവവും വിമല പങ്കുവെക്കുന്നു. സഹായം അഭ്യര്‍ഥിച്ച് വിഡിയോ തയാറാക്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാമെന്നേറ്റ് ഒരാള്‍ വന്നിരുന്നു. 13,000 രൂപ ഇയാള്‍ വാങ്ങി. സഹായം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പിന്നെയും പണം ഇയാള്‍ വാങ്ങി. സഹായം മാത്രം ലഭിച്ചില്ല -വിമല പറയുന്നു.
സിനിമ സംഘടനകളില്‍ അംഗമല്ലാത്തതിനാല്‍ അത്തരം സഹായങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല. കൂടുതല്‍ പേരുമായി പരിചയവും ഇല്ല. തന്റെ ദുരവസ്ഥ മനസിലാക്കി ആരെങ്കിലുമൊക്കെ സഹായവുമായി വരുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ.
വിമലയുടെ ദുരവസ്ഥ അറിഞ്ഞതോടെ പാര്‍വതി തിരുവോത്ത്, ദിലീഷ് പോത്തന്‍, ഉണ്ണിമായ പ്രസാദ്, ദിവ്യ പ്രഭ തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളില്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഇവരെ സഹായിക്കാന്‍ വായനക്കാര്‍ക്കും പങ്കാളികളാകാം...
ACCOUNT NUMBER: 67255098984
IFSC CODE:SBIN0016860
SBI BANK PERUMPILLYNJARAKKAL
GOOGLE PAY: 9995299315
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.