പ്രതിഷേധം ശക്തം; തലശ്ശേരിയിൽ കണ്ടൽ കൈയേറ്റം

തലശ്ശേരി: തിരുവങ്ങാട് വില്ലേജിൽ ഉൾപ്പെടുന്ന ചിറക്കര കുഴിപ്പങ്ങാട് പുഴയോരത്തെ കണ്ടൽക്കാടുകൾ വ്യാപകമായി വെട്ടിമാറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തമായി. വനം വകുപ്പ് വെച്ചുപിടിപ്പിച്ച അപൂർവ ഇനത്തിൽപെടുന്ന മൂന്നിനം കണ്ടൽചെടികളാണ് കുഴിപ്പങ്ങാട് പുഴയോരത്തുള്ളത്.

സ്വകാര്യ വ്യക്തിയുടെ ഒന്നര ഏക്കർ സ്ഥലവും ഇവിടെയുണ്ട്. ചെമ്മീൻ കൃഷി ചെയ്യാനാണ് കണ്ടലുകൾ മുറിക്കുന്നതെന്നാണ് അധികൃതർ അന്വേഷിച്ചപ്പോൾ തൊഴിലാളികളുടെ മറുപടി. ഒന്നര ഏക്കറിനുപുറമെ പുഴയോരത്തെ പൊതുസ്ഥലവും കൈയേറിയാണ് അനധികൃത പ്രവൃത്തി നടക്കുന്നത്.

ആൾപെരുമാറ്റം കുറഞ്ഞ പ്രദേശമായതിനാൽ യന്ത്രം ഉപയോഗിച്ച് കണ്ടൽവെട്ടുന്നത് ആദ്യമൊന്നും ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. മുറിച്ചുമാറ്റിയ കണ്ടലുകൾ ലോറിയിൽ കയറ്റിക്കൊണ്ടുപോവുന്നത് പതിവായതോടെയാണ് ആളുകൾക്കിടയിൽ ഇത് ചർച്ചയായത്. ചതുപ്പായ സ്ഥലങ്ങൾ ഇപ്പോൾ മണ്ണിട്ടുനികത്തുകയാണ്. തലശ്ശേരി നഗരസഭ മോറക്കുന്ന് വാർഡിൽപെടുന്നതാണ് സ്ഥലം. കണ്ടൽ വ്യാപകമായി വെട്ടിയ സംഭവത്തിൽ സബ് കലക്ടറുടെ നിർദേശ പ്രകാരം തിരുവങ്ങാട് വില്ലേജ് ഓഫിസർ സ്ഥലത്തെത്തി അന്വേഷണം നടത്തിനിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

എന്നാൽ, വനംവകുപ്പാണ് തുടർനടപടികൾ സ്വീകരിക്കേണ്ടതെന്ന നിലപാടിലാണ് റവന്യൂ അധികൃതർ. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണിയും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടലുകൾ വ്യാപകമായി വെട്ടിയതിന്റെ പ്രതിഷേധ സൂചകമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്ത് കൊടി നാട്ടിയിട്ടുണ്ട്. കാലവർഷം രൂക്ഷമാകുമ്പോൾ വെള്ളപ്പൊക്കഭീഷണി ഉണ്ടാവുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

'കണ്ടൽ നശിപ്പിച്ചവർക്കെതിരെ നടപടി വേണം'

തിരുവങ്ങാട് വില്ലേജ് പരിധിയിലെ കുഴിപ്പങ്ങാട് പുഴയോട് ചേർന്നുകിടക്കുന്ന സ്ഥലത്തെ കണ്ടൽക്കാട് വെട്ടിമാറ്റിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂനിയൻ തലശ്ശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

കണ്ടൽ വെട്ടിമാറ്റിയ സ്ഥലം തണ്ണീർത്തടം കൂടിയാണ്. ഈ സ്ഥലത്തിന്റെ പടിഞ്ഞാറുഭാഗം ഒഴികെ മൂന്നുഭാഗത്തും മണ്ണിട്ടുനികത്തി 150 മീറ്ററോളം റോഡ് നിർമിച്ചിട്ടുണ്ട്. നീർത്തടം നികത്തുന്നതും കണ്ടൽക്കാട് വെട്ടിനശിപ്പിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. ബന്ധപ്പെട്ട അധികൃതർ സംഭവസ്ഥലം സന്ദർശിച്ച് ഉചിത നടപടി സ്വീകരിക്കണമെന്ന് കർഷകത്തൊഴിലാളി യൂനിയൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Mangrove Forests thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.