ഒഡീഷ: ഒഡീഷയിലെ ഭിടാർകനിക നാഷണൽ പാർക്കിൽ അപൂർവയിനത്തിൽ പെട്ട വെള്ള നിറത്തിലുള്ള മുതലയെ കണ്ടെത്തി. ആൽബീനോ സാൾട്ട് വാട്ടർ മുതലകളിൽ പെട്ട ഇവയെ ദംഗമാലിലെ നാഷണൽ പാർക്കിലെ മുതല വളർത്തൽ കേന്ദ്രത്തിലും, മുതലകളുടെ ഹാച്ചെറിയിലുമാണ് കണ്ടെത്തിയതെന്ന് രാജ്നഗറിലെ ഫോറസ്റ്റ് ഡിവിഷനൽ ഓഫീസർ ജെ.ഡി. പതി അറിയിച്ചു.
വനപാലകർ അതിന് 'ശ്വേത' എന്നാണ് പേരിട്ടത്. ആകെ മൂന്ന് ആൽബീനോ മുതലകളാണ് ഈ നാഷണൽ പാർക്കിൽ ഇപ്പോഴുള്ളത്. കാട്ടിൽ നിന്നും ശേഖരിച്ച മുട്ടയിൽ നിന്നാണ് മൂന്ന് വയസ്സുള്ള പെൺ മുതല ഹാച്ചറിയിൽ ജനിച്ചതെന്ന് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.
ആൽബിനോ മുതലകളുടെ വെളുത്ത നിറം പൂർണ്ണാവസ്ഥയിലേക്കെത്താൻ വർഷങ്ങളെടുക്കുമെന്ന് ഗവേഷകനായ സുധാകർ കർ പറഞ്ഞു. ഇത്തരത്തിലുള്ള വെളുത്ത മുതലകൾ അപൂർവമാണെങ്കിലും ഭിടാർകനികയിലെ ഒരു കാട്ടിൽ ഇവയെ മുമ്പ് കണ്ടെത്തിയുട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സെൻസസ് പ്രകാരം 15 ആൽബിനോ മുതലകൾ ഉൾപ്പടെ 1,768 മുതലകളെ നദികളിലും മറ്റ് ജലാശയങ്ങളിലുമായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുതല സംരക്ഷണത്തിന്‍റെ ഭാഗമായി 1975ൽ വനംവകുപ്പ് വിരിയിച്ച് വളർത്തിയ 40 വയസ്സുള്ള 'ഗൗരി' ആണ് ബിതാർകനികയിൽ ആദ്യമായി കണ്ടെത്തിയ ആൽബിനോ മുതല. വർഷങ്ങൾ നീണ്ടു നിന്ന നിരീക്ഷണത്തിനൊടുവിൽ ആൽബിനോ മുതലകൾ ഇണ ചേരാൻ താൽപ്പര്യം കാണിക്കാറില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 2005ൽ ഹാച്ചറിയിൽ ജനിച്ച 'മല്ലി' ആണ് മറ്റൊരു ആൽബിനോ മുതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.