പി. ​റു​ക്സാ​ന

പ്രവാചകനിന്ദക്കുപിന്നിൽ ഇസ്ലാമോഫോബിയ -പി. റുക്സാന

മസ്കത്ത്: ആഗോളതലത്തിൽ നടക്കുന്ന ഇസ്ലാമോഫോബിയ തന്നെയാണ് ഇന്ത്യയിലെ പ്രവാചകനിന്ദക്കു പിന്നിലുമെന്ന് സാമൂഹിക പ്രവർത്തകയും പ്രഭാഷകയുമായ പി. റുക്സാന പറഞ്ഞു. ഒമാനിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ അവർ 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കുകയായിന്നു.

മനുഷ്യന്‍റെ സാമാന്യയുക്തിയിൽ ചിന്തിക്കാൻപോലും സാധ്യമല്ലാത്ത വർത്തമാനങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇസ്ലാമിനെതിരെ ഭീതി ഉൽപാദിപ്പിച്ച് മുസ്ലിം സമൂഹത്തോട് വെറുപ്പോടുകൂടി പെരുമാറാൻ പ്രേരിപ്പിക്കുക എന്നതാണ് ശത്രുക്കൾ ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. വംശീയ ഉന്മൂലനം ലക്ഷ്യമിട്ട വിഭാഗത്തിന്‍റെ ഒരു ടൂൾ മാത്രമാണ് പ്രവാചകനിന്ദയെന്നും അവർ പറഞ്ഞു. സ്ത്രീശാക്തീകരണത്തെ കുറിച്ച് പറയുന്ന ഇടതുപക്ഷം പോലും ഹിജാബ് വിഷയത്തിൽ സംസാരിക്കാൻ തയാറായിട്ടില്ല. എന്നാൽ, ഇന്ത്യയുടെ ബഹുസ്വരതയിലും ജനാധിപത്യത്തിലും ആശങ്കയുയർത്തി ഒരുപാട് മനുഷ്യാവകാശ പ്രവർത്തകരും ആക്ടിവിസ്റ്റുകളും ഐക്യദാർഢ്യവുമായെത്തിയത് പ്രതീക്ഷക്ക് വകനൽകുന്നു. പൗരാവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്ന സ്ത്രീകളെ വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ മാറ്റിനിർത്തണമെന്ന് പറയുന്ന ഭരണാധികാരിക്കെതിരെയുള്ള ചോദ്യമുയർത്തലാണ് കർണാടകയിലെ പല കാമ്പസുകളിലും കണ്ടതെന്നും അവർ പറഞ്ഞു.

നിലവിൽ ലിബറലിസം മുന്നോട്ടുവെക്കുന്ന ലൈംഗികത അരാചകത്വമാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട ഇഷ്ടങ്ങളെ കയറൂരി വിടുന്നത് അംഗീകരിക്കാനാവില്ല. അതേസമയം, ട്രാൻസ്ജെൻഡറുകളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ശാരീരികവും മാനസികവുമായ കാര്യങ്ങളെ അടിസ്ഥാനമാക്കി പരിഗണിക്കേണ്ടതാണെന്നും അവർ പറഞ്ഞു. 'ഗൾഫ് മാധ്യമം'റസിഡന്‍റ് മാനേജർ ശക്കീൽ ഹസൻ സംബന്ധിച്ചു.

യു.പിയിലെ ബുൾഡോസർ രാജ് അപലപനീയം: ഫ്രൻഡ്സ് അസോസിയേഷൻ

മനാമ: പ്രവാചകനിന്ദക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ രണ്ട് പേരെ വെടിവെച്ചു കൊലപ്പെടുത്തുകയും പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി എന്നാരോപിച്ച് ബുൾഡോസർ രാജ് നടപ്പാക്കുകയും ചെയ്യുന്ന യോഗി സർക്കാറിന്റെ നടപടി അപലപനീയമാണെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യത്തെ തച്ചു കൊല്ലുന്ന കാഴ്ചയാണ് യു.പിയിൽ കാണുന്നത്. ജെ.എൻ.യു വിദ്യാർഥി നേതാവും സ്റ്റുഡന്‍റ് ആക്ടിവിസ്റ്റുമായ അഫ്രീൻ ഫാത്തിമയുടെ മാതാവിനെയും പിതാവിനെയും ശനിയാഴ്ച വൈകീട്ട് അന്യായമായി അറസ്റ്റ് ചെയ്യുകയും അന്ന് രാത്രി തന്നെ വീട് പൊളിക്കാനുള്ള ഉത്തരവ് പതിക്കുകയും ചെയ്താണ് ക്രൂരമായ നടപടിക്ക് തുടക്കം കുറിച്ചത്.

ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക് തന്നെ വീട് പൊളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും നിയമപരമായി നീങ്ങാനുള്ള എല്ലാ അവകാശങ്ങളെയും നിഷേധിക്കുകയും ചെയ്യുന്നതിലൂടെ ഭരണഘടനപരമായി ഒരു പൗരന് അർഹിക്കുന്ന അവകാശങ്ങളെ ഹനിക്കുകയാണ് ചെയ്യുന്നത്. പ്രതിഷേധിക്കാനുള്ള ഭരണഘടനപരമായ അവകാശങ്ങളിൽ ഭീകരത ചാർത്തി ന്യൂനപക്ഷങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാവുകയാണ് ഭരണകൂടം. പച്ചയായ നീതി നിഷേധമാണ് ഫാഷിസക്കാലത്ത് ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ നേരിട്ടു കൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നത് ഫാഷിസ്റ്റ് സർക്കാറിെന്‍റ വ്യാമോഹം മാത്രമാണെന്നും എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും ഈ ജനാധിപത്യ ഹിംസക്കെതിരെ പ്രതികരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഘ്പരിവാർ നശിപ്പിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും തിരിച്ചു പിടിക്കാൻ എല്ലാ രാജ്യസ്നേഹികളും മുന്നോട്ടു വരണമെന്നും ആവശ്യപ്പെട്ടു.

ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ പ്രതിരോധം തീർക്കണം -വെൽഫെയർ കേരള കുവൈത്ത്

കുവൈത്ത് സിറ്റി: വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റി അംഗം മുഹമ്മദ് ജാവേദിന്റെയും മകളും ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയുമായ അഫ്രീൻ ഫാത്തിമയുടെയും വീട് തകർത്തത് ബി.ജെ.പിയുടെ വംശീയ അജണ്ടയുടെ അവസാന ഉദാഹരണമാണെന്നും ഏകാധിപത്യവും ഭരണഘടന വിരുദ്ധവുമായ ഇത്തരം നിലപാടുകൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കണമെന്നും വെൽഫെയർ കേരള കുവൈത്ത് ആവശ്യപ്പെട്ടു.

പ്രവാചകനിന്ദക്കെതിരെ പ്രയാഗ്‌രാജിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് അഫ്രീൻ ഫാത്തിമയുടെ കുടുംബത്തെയും അറസ്റ്റ് ചെയ്യുകയും ബുൾഡോസർ ഉപയോഗിച്ച് വീട് തകർക്കുകയും ചെയ്തത്. ജനാധിപത്യ സമരങ്ങളിൽ പങ്കാളികളാകുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സൗഹൃദത്തിൽ കഴിയുന്ന സമൂഹങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കൾക്കെതിരെ ജനാധിപത്യ, മതേതര വിശ്വാസികൾ ഒരുമിച്ച് ചേർന്ന് ശക്തമായ ജനകീയ പ്രതിരോധം തീർക്കണമെന്ന് വെൽഫെയർ കേരള കുവൈത്ത് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

പ്രവാചക നിന്ദ: പ്രതിഷേധക്കാരുടെ വീട് തകർത്തത് പ്രതിഷേധാർഹം

കുവൈത്ത് സിറ്റി: പ്രവാചകനിന്ദക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നത് ഇന്ത്യയെ അന്താരാഷ്ട്ര സമൂഹത്തിന് പിന്നിൽ നാണം കെടുത്തുമെന്ന് കേരള ഇസ്‍ലാമിക് ഗ്രൂപ്. അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധത്തെതുടർന്ന് പ്രവാചകനിന്ദ നടത്തിയവരെ തൽസ്ഥാനത്തുനിന്ന് നീക്കുകയും എന്നാൽ, ഇതിനെതിരെ പ്രതിഷേധിച്ചവരുടെ വീട് തകർക്കുകയും ചെയ്യുന്നത് വീണ്ടും അന്താരാഷ്ട്ര സമൂഹത്തിൽ അവമതിപ്പിന് ഇടയാക്കും.

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും വീടുകൾ തകർക്കുകയും ചെയ്യുന്ന യു.പി സർക്കാറിന്റെ നടപടി അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും പ്രതിഷേധാർഹവുമാണ്. അലഹബാദിൽ ജാവേദ് മുഹമ്മദിന്റെയും അഫ്രീൻ ഫാത്തിമയുടെയും വീട് തകർത്തത് ഒടുവിലത്തെ ഉദാഹരണമാണ്. മുസ്‌ലിം വേട്ടക്കെതിരെ മതേതര, ജനാധിപത്യ കക്ഷികളുടെ മൗനം ഭീകരമാണ്. നിർഭയമായി അത്തരം വിഭാഗങ്ങൾ രംഗത്തുവരേണ്ടതുണ്ട്. ഇന്ത്യപോലുള്ള വിപുലമായ ജനാധിപത്യ രാജ്യത്ത് പോരാട്ടങ്ങളെ അടിച്ചമർത്തിക്കളയാമെന്നത് സംഘ് പരിവാറിന്റെ വ്യാമോഹം മാത്രമാണെന്ന് കെ.ഐ.ജി പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.


Tags:    
News Summary - Widespread protest against blasphemy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.