ദുബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ്. ധോണിയും തമ്മിലുള്ള ബന്ധം ഏവർക്കും അറിയാവുന്ന കാര്യമാണ്. ഐ.പി.എല്ലിൽ അടുത്തിടെ ധോണി സിക്സർ നേടി ചെന്നൈ സൂപ്പർ കിങ്സിനെ ജയത്തിലെത്തിച്ചപ്പോൾ തുള്ളിച്ചാടിയവരുടെ കൂട്ടത്തിൽ ബാംഗ്ലൂർ നായകനായ കോഹ്ലിയുമുണ്ടായിരുന്നു.
ഇപ്പോൾ ഐ.പി.എൽ ആരവങ്ങൾക്ക് ശേഷം ഇന്ത്യൻ സംഘം ട്വന്‍റി20 ലോകകപ്പിന്‍റെ തിരക്കുകളിലേക്ക് കടക്കുേമ്പാൾ കോഹ്ലിയും ധോണിയും വീണ്ടും ഒരുമിക്കുകയാണ്. പണ്ട് ടീമിലെ വല്ല്യേട്ടന്‍റെ സ്ഥാനത്ത് നിന്ന് കോഹ്ലിയെ ക്യാപ്റ്റൻസിയിൽ സഹായിച്ചിരുന്ന ധോണി ഇന്ന് മെന്‍ററുടെ അഥവാ ഉപദേഷ്ടാവിന്റെ റോളിലാണെത്തുന്നത്.
ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിനിടെ ധോണിയും കോഹ്ലിയും തമ്മിലുള്ള സംഭാഷണത്തിന്‍റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ബി.സി.സി.ഐ. ഇതോടൊപ്പം തന്നെ വെസ്റ്റിൻഡീസ് താരങ്ങളായ ക്രിസ് ഗെയ്ൽ, ഡ്വൈൻ ബ്രാവോ എന്നിവരുമായും ധോണു സൗഹൃദ സംഭാഷണം നടത്തുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
കഴിഞ്ഞ ദിവസമാണ് ധോണി യു.എ.ഇയിലെ ടീം ക്യാമ്പിലെത്തിയത്. ഹെഡ് കോച്ച് രവി ശാസ്ത്രി, ബൗളിങ് കോച്ച് ഭരത് അരുൺ, ഫീൽഡിങ് കോച്ച് ആർ. ശ്രീധർ എന്നിവർക്കൊപ്പം നെറ്റ്സിൽ സംഭാഷണം നടത്തുന്ന ധോണിയുടെ ചിത്രം കഴിഞ്ഞ ദിവസം ബി.സി.സി.ഐ പുറത്തുവിട്ടിരുന്നു.
ട്വന്‍റി20 ലോകകപ്പ് വീണ്ടെടുക്കാനൊരുങ്ങുന്ന ഇന്ത്യക്ക് ധോണിയുടെ സാന്നിധ്യം മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ. ക്രിക്കറ്റ് കളത്തിലെ കൂർമബുദ്ധിക്കാരിൽ പ്രധാനിയായി വിലയിരുത്തപ്പെടുന്ന ധോണി ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നാലാം കിരീടത്തിലേക്ക് നയിച്ചതിന്‍റെ ക്രെഡിറ്റുമായാണ് ധോണി വരുന്നത്.
തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. കരുത്തരായ ഇംഗ്ലണ്ട് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം 19 ഓവറിൽ ഇന്ത്യ മൂന്നുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഐ.പി.എല്ലിലെ മോശം ഫോമിന്‍റെ പേരിൽ പഴിേകട്ട ഇഷാൻ കിഷനും (46 പന്തിൽ 70), ഐ.പി.എല്ലിലെ ഫോം തുടർന്ന കെ.എൽ രാഹുലും (24 പന്തിൽ 51) ആണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്. രോഹിത് ശർമയുടെ അഭാവത്തിൽ രാഹുലിനൊപ്പം ഓപ്പണിങ്ങിനിറങ്ങിയ ഇഷാൻ ആദ്യവിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്തു. രാഹുൽ പുറത്തായ ശേഷമെത്തിയ വിരാട് കോഹ്ലി (11), സൂര്യകുമാർ യാദവ് (8) എന്നിവർ നിരാശപ്പെടുത്തി. 14 പന്തിൽ 29 റൺസുമായി റിഷഭ് പന്താണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. 10 പന്തിൽ 12 പന്തുമായി ഹാർദിക് പാണ്ഡ്യ പുറത്താകാതെ നിന്നു.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 188 റൺസടിച്ചു കൂട്ടിയത്. ഇന്ത്യൻ ബൗളർമാരിൽ മുഹമ്മദ് ഷമി മൂന്നു വിക്കറ്റുമായി തിളങ്ങിയെങ്കിലും 40 റൺസ് വഴങ്ങി. രാഹുൽ ചഹാർ 43 റൺസിനും ജസ്പ്രീത് ബുംറ 26 റൺസിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അശ്വിൻ വിക്കറ്റെടുത്തില്ലെങ്കിലും 23 റൺസേ വഴങ്ങിയുള്ളൂ.എന്നാൽ, ഭുവനേശ്വർ കുമാറിെൻറ പന്തുകളിൽ റണ്ണൊഴുകി. നാല് ഓവറിൽ 54 റൺസാണ് ഭുവി വിട്ടുകൊടുത്തത്. വിക്കറ്റൊന്നും കിട്ടിയതുമില്ല.
ജോണി ബെയർസ്റ്റോയും (36 പന്തിൽ 49) മുഈൻ അലിയും (20 പന്തിൽ പുറത്താവാതെ 43) ലിയാം ലിവിങ്സ്റ്റോണും (20 പന്തിൽ 30) ആണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്. ജോസ് ബട്ലർ (18), ഡേവിഡ് മലാൻ (18), ജാസൺ റോയ് (17) എന്നിവരും തരക്കേടില്ലാതെ ബാറ്റുചെയ്തു.10 ഓവറിൽ 80 റൺസ് മാത്രം സ്കോർ ചെയ്തിരുന്ന ഇംഗ്ലണ്ടിന് അടുത്ത പത്തോവറിൽ നൂറിലധികം റൺസടിക്കാനായതാണ് കരുത്തായത്. ബെയർസ്റ്റോ, ലിവിങ്സ്റ്റോൺ, മുഈൻ എന്നിവരുടെ വമ്പനടികളിൽ സ്കോറുയർന്നു. ഭുവിയുടെ അവസാന ഓവറിൽ മുഈൻ 21 റൺസടിച്ചതോടെ സ്കോർ 188ലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.