ജീസാൻ: സൗദി അറേബ്യയിൽ മിനി സൂപ്പർമാർക്കറ്റ് (ബഖാല) ജീവനക്കാരനായ മലയാളി കൊല്ലപ്പെട്ടു. മലപ്പുറം മേൽമുറി ആലത്തൂർപടി സ്വദേശി മുഹമ്മദ് അലി പുള്ളിയിൽ (52) ആണ് കഴുത്തിന് വെേട്ടറ്റ് മരിച്ചത്.
അബൂ അരീഷ് - സബ്യ റൂട്ടിൽ പെട്രോൾ പമ്പിനോട് ചേർന്നുള്ള ഹകമി മിനി സൂപ്പർ മാർക്കറ്റിൽ ജോലിക്കിടയിൽ ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. പുലർച്ചെ പച്ചക്കറി ഇറക്കാനെത്തിയ മലയാളികളാണ് കൗണ്ടറിനടുത്ത് രക്തം വാർന്ന് മരിച്ചനിലയിൽ മുഹമ്മദലിയെ കണ്ടത്. ഉടനെ പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം അബൂഅരീഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടയിലെ സി.സി.ടി.വി വിവരങ്ങൾ പൊലീസ് ശേഖരിച്ചു.
കവർച്ചക്കാരാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. കടയിൽ ആ സമയത്ത് മുഹമ്മദ് അലി മാത്രമേയുണ്ടായിരുന്നുള്ളൂ. കടയിലെത്തിയ അക്രമികൾ ക്ലോസ്ഡ് സർക്യൂട്ട് ടിവി കാമറകളുടെ കേബിൾ മുറിക്കാൻ ശ്രമിച്ചപ്പോൾ മുഹമ്മദ് അലി അതിനെ തടയാൻ ശ്രമിച്ചെന്നും തുടർന്ന് കവർച്ചക്കാർ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു എന്നുമാണ് കരുതുന്നത്. പ്രതികളിലൊരാൾ പിടിയിലായെന്ന് പ്രാദേശിക പത്രമായ 'അൽവത്വൻ' റിപ്പോർട്ട് ചെയ്തു.
25 വർഷമായി സൗദിയിൽ പ്രവാസിയായ മുഹമ്മദ് അലി 15 വർഷമായി അബൂ അരീഷിൽ കടയിൽ ജോലിെചയ്യുന്നു. സഹോദരങ്ങളായ ഹൈദർ അലി, അശ്റഫ് എന്നിവരും ഇതേ കടയിൽ ജീവനക്കാരാണ്. പിതാവ്: പുള്ളിയിൽ അബ്ദുഹാജി. മാതാവ്: ഫാത്തിമ. ഭാര്യ: ലൈല. മക്കൾ: മാസിൽ, മുസൈന. മരുമകൻ: ജുനൈദ്. സഹോദരങ്ങൾ: ഹൈദർ, ശിഹാബ്, അഷ്റഫ്, മുനീറ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.