സ്‌നേഹ സൗഹൃദങ്ങളുടെ നോമ്പുകാലം

47 വര്‍ഷങ്ങള്‍ക്കുമുമ്പ് 1975-76 കാലഘട്ടത്തില്‍ മുംബൈയില്‍നിന്ന് പുറപ്പെട്ട ഹര്‍ഷ വര്‍ധന, ദ്വാരക എന്നീ കപ്പലുകളാണ് ഖത്തറിലെ സ്റ്റേഡിയം നിര്‍മാണത്തിനും മുനിസിപ്പാലിറ്റിയിലേക്കുള്ള ജോലിക്കാരുമായി ഇവിടെ നങ്കൂരമിടുന്നത്. അതില്‍ മുനിസിപ്പാലിറ്റിയിലായിരുന്നു എന്‍റെ ജോലി. വെറും 405 റിയാല്‍ (840 ഇന്ത്യന്‍ രൂപ) ശമ്പളത്തോടെയാണ് ഞങ്ങളുടെ ജോലി. ഇന്നത്തെ അൽ ഇമാദി മെഡിക്കൽ സെന്ററും അല്‍ അഹ്ലി സ്‌പോട്‌സ് സ്റ്റേഡിയവും റീജന്‍സി ഹാളുമെല്ലാം നില്‍ക്കുന്ന സ്ഥലത്തിന്‍റെ എതിര്‍വശത്ത് നുഐജയിലായിരുന്നു ഗവണ്‍മെന്‍റ് ഞങ്ങള്‍ക്ക് നല്‍കിയ താമസസ്ഥലം. കിട്ടുന്ന ശമ്പളത്തിന്‍റെ വലിയൊരു ശതമാനവും നാട്ടിലേക്ക് അയക്കാറാണ് പതിവ്. നോമ്പുകാലമായാല്‍ മലയാളികള്‍ തമ്മിലുള്ള പരസ്പര സ്‌നേഹത്തിന്‍റെ ഉദാത്ത മാതൃകകള്‍ കാണാന്‍ സാധിക്കും.

ഞങ്ങളെ ജോലിസ്ഥലത്തുനിന്നും കൊടുങ്ങല്ലൂരുകാരനായ മണ്‍മറഞ്ഞുപോയ മുഹമ്മദലിയും ഉണ്ണിയേട്ടനും പാലക്കാട്‌ സുധാകരേട്ടനുംകൂടിയാണ് മുനിസിപ്പാലിറ്റിയുടെ വാഹനങ്ങളിൽ ചില ദിവസങ്ങളില്‍ ദോഹയിലേക്ക് നോമ്പ് തുറപ്പിക്കാന്‍ കൊണ്ടുപോകുക. അവിടെ ഇറാനി സൂഖിലെ ബിസ്മില്ലാ ഹോട്ടല്‍, അബൂബക്കര്‍ ഹാജിയുടെ (തിരുനെല്ലൂർ, പാങ്ങു) സിറ്റി ഹോട്ടല്‍, ഗുല്‍സാര്‍, സുറൂര്‍, വൈറ്റ്‌വേ, സംസം, ബദ്‌രിയ തുടങ്ങിയ ഹോട്ടലുകളിലായിരുന്നു അന്നത്തെ നോമ്പുതുറക്കല്‍. മൂന്ന് റിയാല്‍ മാത്രമുള്ള നോമ്പ്തുറ ഭക്ഷണങ്ങളില്‍ ഫ്രൂട്സും പൊരികളും വ്യത്യസ്തങ്ങളായ വിഭവങ്ങളും വയറുനിറച്ച് കഞ്ഞിയും കഴിക്കാം. ഇനി നിങ്ങളുടെ അടുത്ത് പണമില്ല എന്ന കാരണംകൊണ്ട് നിങ്ങള്‍ക്ക് പട്ടിണി കിടക്കേണ്ട ആവശ്യമില്ല, അങ്ങനെ പ്രയാസപ്പെടുന്നവര്‍ക്കും സൗജന്യമായിതന്നെ അവിടെനിന്ന് വിഭവ സമൃദ്ധമായി നോമ്പ് തുറക്കാം. സാമ്പത്തിക ലാഭം ലക്ഷ്യം വെച്ചായിരുന്നില്ല അന്ന് ഇവിടെയുണ്ടായിരുന്ന ഹോട്ടലുകള്‍ നോമ്പ് കാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. ദൈവത്തിന്‍റെ പുണ്യവും പരസ്പരമുള്ള മനുഷ്യസ്‌നേഹവുമായിരുന്നു അവരെ നിലനിര്‍ത്തിയിരുന്നത്.

ഞങ്ങളുടെ താമസസ്ഥലത്ത് രണ്ട് റൂമുകളിലായി 12 പേരാണ് ഉണ്ടായിരുന്നത്. റൂമില്‍ കട്ടില്‍ ഒന്നും ഉണ്ടാകില്ല, കിടത്തം ബെഡ് ഷീറ്റ് വിരിച്ച് നിലത്തായിരിക്കും. ഉച്ചക്കുശേഷം നമസ്‌കാരം കഴിഞ്ഞ് പ്രാർഥനകളും ഖുര്‍ആന്‍ പാരായണവുമായി ഇരിക്കുമ്പോള്‍ സഹോദര മതങ്ങളിലുള്ള സുഹൃത്തുക്കളായ തൃശൂരുകാരനായ രവി, ഭരതന്‍, ഗുരുവായൂരുള്ള മാധവന്‍, കോട്ടയത്തുള്ള കുരുവിള, പാലുവായി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അടുക്കളയില്‍ ഞങ്ങള്‍ക്ക് നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ തയാറാക്കുന്ന തിരക്കിലായിരിക്കും. മനുഷ്യസ്‌നേഹത്തിന്‍റെ മഹനീയ മാതൃകകളായിരുന്നു അന്ന് ഓരോ പ്രവാസിയുടെയും റൂമുകള്‍.

അന്ന് ഇവിടെ ഫ്രിഡ്ജ് എന്നുള്ളത് സമ്പന്നരുടെ വീട്ടില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതി ശക്തമായ ചൂട് കാലത്തുപോലും വലിയൊരു ശതമാനം തൊഴിലാളികളുടെയും റൂമില്‍ എ.സിപോലും ഉണ്ടാകില്ല. ഞങ്ങളുടെ റൂമില്‍ എല്ലാവരും മാസശമ്പളത്തില്‍നിന്ന് മിച്ചംവെച്ച് പഴയ വിന്‍ഡോ എ.സി വാങ്ങിച്ചു. തണുപ്പ് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കാത്ത ഓപണ്‍ ഗ്രില്ലിലൂടെ തണുത്ത കാറ്റ് വരുന്ന രൂപത്തിലുള്ള പഴയ എ.സി ആയിരുന്നു അത്. നോമ്പ് തുറക്കാന്‍ നേരം വിമ്‌റ്റോയില്‍ കലക്കിക്കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ഞങ്ങള്‍ തണുപ്പിച്ചിരുന്ന വിധം കൗതുകകരമാണ്. കുപ്പിയില്‍ വെള്ളം നിറച്ച് ചരടുകൊണ്ട് എ.സിയുടെ ഓപണ്‍ ഗ്രില്ലിലൂടെ വരുന്ന തണുത്ത കാറ്റിനുമുമ്പില്‍ കെട്ടിത്തൂക്കി തണുപ്പിക്കും. കടുത്ത ചൂടില്‍ പ്രഭാതം മുതല്‍ ഉച്ചവരെയായിരിക്കും എല്ലാവര്‍ക്കും ജോലി.

ബിസ്മില്ലാ ഹോട്ടലിന് പിറകുവശത്തുണ്ടായിരുന്ന ബിസ്മില്ലാ പള്ളിയില്‍നിന്നും തുര്‍ക്കി പള്ളിയില്‍നിന്നും തറാവീഹ് നമസ്‌കാരം കഴിഞ്ഞ് നേരെ പോകുക നാട്ടില്‍നിന്ന് എത്തിയ കത്തുകള്‍ എടുക്കാന്‍ വേണ്ടിയാണ്. നോമ്പ് തുടക്കത്തില്‍ നാട്ടില്‍നിന്ന് അയച്ച കത്തുകള്‍ നമുക്ക് കിട്ടുന്നത് അവസാനത്തിലായിരിക്കും. പോസ്റ്റ് ബോക്‌സുകളിൽനിന്നും കത്തുകളെടുത്ത് അവിടെ നിലത്ത് ഇരുന്നുകൊണ്ട് കണ്ണീരോടെ വായിച്ചുതീർക്കും. കത്തിലെ വരികളിലൂടെ ഉപ്പയുടെയും ഉമ്മയുടെയും കുടുംബത്തിന്‍റെയും മുഖത്തെ മനസ്സിലൂടെ കാണാം.

മലയാളി കൂട്ടായ്മകളോ സംഘടനകളോ അന്ന് ഉണ്ടായിരുന്നില്ല. മലയാളികള്‍ ഒരുമിച്ച് കൂടിയിരുന്നത് റമദാനിലും മറ്റുള്ള സമയങ്ങളിലും നടക്കുന്ന റമദാന്‍ സന്ദേശ ക്ലാസുകളിലും ബോധവത്കരണ ക്ലാസുകളിലുമായിരുന്നു. പണ്ഡിതരായ മൊറയൂര്‍ സലീം മൗലവി, വളാഞ്ചേരി പി.കെ. അലി, അബ്ദുല്ല ഹസ്സന്‍ തുടങ്ങിയവരാണ് മലയാളികള്‍ തിങ്ങിനിറഞ്ഞ കോമ്പൗണ്ടുകളിലും ക്വാർട്ടേഴ്‌സുകളിലും ക്ലാസുകള്‍ നടത്തുക. ഞാനും സുഹൃത്ത് വളാഞ്ചേരി ഹമീദുദ്ദീന്‍ ഖലീല്‍, ടി.കെ. മുഹമ്മദ് പൂക്കാട്ടിരി എന്നിവരുമായി പോയി ക്ലാസുകളില്‍ പങ്കെടുത്തത് ഓര്‍ക്കുകയാണ്. വര്‍ഷങ്ങള്‍ ജീവിതത്തില്‍നിന്ന് പിന്നിട്ട് പോകുമ്പോഴും അന്ന് ലഭിച്ച അളവില്ലാത്ത സൗഹൃദങ്ങള്‍ ജീവിതത്തില്‍നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിടപറഞ്ഞുപോയ മഞ്ചേരി വല്ലാന്‍ഞ്ചിറ മൊയ്തീന്‍, പുറത്തൂര്‍ കുഞ്ഞാവക്ക, പറപ്പൂര്‍ ആര്‍.കെ. മുഹമ്മദ്, കാദര്‍കുട്ടിക്ക-പുറത്തൂര്‍, ആര്‍.ഒ. ഗഫൂര്‍ക്ക, പാവറട്ടി ഹംസ ഉസ്താദ്, ചേകന്നൂര്‍, ഹംസ മൗലവി പുത്തനത്താണി തുടങ്ങിയവരും മുഹമ്മദലി മൊറയൂര്‍, നരിപറമ്പ് ബാവ, പാവര്‍ട്ടി ജോസ്, കുഞ്ഞിമൊയ്തീന്‍ പുറത്തൂര്‍, ഹുസൈന്‍ പുറത്തൂര്‍, കൊടുങ്ങല്ലൂർ ഷക്കീർ, ആർ.ഒ. കലാമിക്ക, ഉണ്ണിക്ക പുറത്തൂര്‍, ഉണ്ണീന്‍ നെച്ചിക്കാടന്‍, അഹമ്മദ് കുട്ടി ചെമ്പിക്കല്‍ (പാഴൂര്‍), അബ്ദുള്ളകുട്ടിക്ക (സിജി), ആര്‍.ഒ.കെ. ബാവു ഹാജി തിരുനെല്ലൂർ, അബു കാട്ടില്‍ തിരുനെല്ലൂര്‍, പി.വി.കെ. ലത്തീഫ് ചാവക്കാട്, മാണിക്കോത്ത് അബൂബക്കര്‍ ബാലുശ്ശേരി, അഷ്‌റഫ് മാസ്റ്റര്‍, പി.കെ. സലീം കൊടുങ്ങല്ലൂര്‍, വയനാട് മുസ്തഫ, പാനൂര്‍ അബൂബക്കര്‍, യൂസുഫ് തുടങ്ങി ജീവിതത്തില്‍നിന്ന് മറക്കാനാകാത്ത ആദ്യകാല പ്രവാസ സൗഹൃദങ്ങള്‍ നിരവധിയാണ്.

ഖത്തറിലെ ആദ്യകാല നോമ്പും പെരുന്നാളുമെല്ലാം ഇന്നും മനസ്സില്‍നിന്ന് മായാതെ നിറഞ്ഞുനില്‍ക്കുകയാണ്. 46 വര്‍ഷത്തെ ഖത്തറിന്‍റെ അതിവേഗത്തിലുള്ള വളര്‍ച്ച കാണാനും അനുഭവിക്കാനും ഭാഗ്യം ലഭിച്ച വ്യക്തി എന്ന നിലക്ക് ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടിക്കൊണ്ടിരിക്കുന്ന ഖത്തറിനും പ്രവാസികള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന ഇവിടത്തെ ഭരണാധികാരികള്‍ക്കും കച്ചവടരംഗത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരുന്ന സ്‌പോണ്‍സര്‍മാര്‍ക്കും നന്ദിയും പ്രാർഥനയും എപ്പോഴുമുണ്ട്. 

പ്ര​വാ​സ​ത്തി​ലെ റ​മ​ദാ​ൻ നോ​മ്പ്​ ഓ​ർ​മ​ക​ൾ വാ​യ​ന​ക്കാ​ർ​ക്കും പ​ങ്കു​വെ​ക്കാം. നി​ങ്ങ​ളു​ടെ കു​റി​പ്പു​ക​ൾ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' നോ​മ്പ്​ വി​ശേ​ഷ​ത്തി​ലേ​ക്ക്​ അ​യ​ക്കൂ...​ ഇ -മെ​യി​ൽ: qatar@gulfmadhyamam.net, വാ​ട്​​സ് ആ​പ്​: 55284913

Tags:    
News Summary - Ramadan memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.